ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം. സിബിഐ രജിസറ്റർ ചെയ്‌ത കേസിൽ സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. അനന്തകാലം ജയിലിൽ ഇടുന്നത് ശരിയല്ലെന്നും വിചാരണ പെട്ടെന്ന് പൂർത്തിയാകാൻ ഇടയില്ലെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് സൂര്യകാന്ത് ആണ് ജാമ്യം അനുവദിച്ചത്. സിബിഐ അറസ്റ്റിനെ ചോദ്യംചെയ്‌ത് കേജ്‌രിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് തീരുമാനം.
ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചെങ്കിലും അനുകൂലമായ വിധി ഉണ്ടായിരുന്നില്ല. താൻ ഇഡി കസ്റ്റഡിയിലിരിക്കെ ജാമ്യം ലഭിക്കേണ്ട സാഹചര്യത്തിൽ സിബിഐ മുൻകൂട്ടി അറസ്റ്റ് ചെയ്യുകയായിരുന്നു. മുമ്പ് അന്വേഷണം നടത്തിയ കേസിൽ തന്നെ പ്രതിയാക്കി പുറത്തിറങ്ങാതിരിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന കാര്യങ്ങളാണ് ഹർജിയിൽ കേജ്‌രിവാൾ ഉന്നയിച്ചിരുന്നത്. ഇതിനോടൊപ്പം ജാമ്യ അപേക്ഷയും നൽകിയിരുന്നു.
നിലവിലുള്ള നിയമ സംഹിത അനുസരിച്ച് കേജ്‌രിവാളിന്റെ അറസ്റ്റ് നിയമവിരുദ്ധമാണോ എന്ന കാര്യമാണ് കോടതി ആദ്യം പരിശോധിച്ചത്. അറസ്റ്റ് നിയമ വിധേയമായിരുന്നു എന്നാണ് കണ്ടെത്തൽ. ഒരു വ്യക്തി എന്ന കാര്യം പരിഗണിച്ച് അദ്ദേഹത്തെ ഏറെനാൾ ജയിലിലിടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
നീതീകരിക്കാനാകാത്ത അറസ്റ്റായിരുന്നു എന്നാണ് ജസ്റ്റിസ് ഉജ്ജൽ ഭുയ്യാൻ അറിയിച്ചത്. കൂട്ടിലടച്ച തത്തയല്ലെന്ന് സിബിഐ തെളിയിക്കണമെന്ന് ഭുയ്യാൻ അറിയിച്ചു.
അതേസമയം, കേജ്‌രിവാളിന്റെ ജാമ്യത്തിൽ ആം ആദ്‌മി പാർട്ടി സുപ്രീം കോടതിക്ക് നന്ദി അറിയിച്ചു. നുണയ്‌ക്കും ഗൂഢാലോചനയ്‌ക്കും എതിരായ വിധിയാണെന്ന് പാർട്ടി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |