കിഴക്കമ്പലം: കുപ്രസിദ്ധ മോഷ്ടാവ് സ്‌പൈഡർ സാബുവും കൂട്ടാളിയെയും പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡ് കുടുക്കി. സംസ്ഥാനത്ത് അമ്പതിലേറെ മോഷണക്കേസുകളിൽ പ്രതിയായ സുൽത്താൻ ബത്തേരി കുപ്പാടി പ്ലാമൂട്ടിൽ സാബു (സ്‌പൈഡർ സാബു, 53) ഇയാളുടെ കൂട്ടാളി കോഴിക്കോട് നല്ലളം ചൈത്രം അജിത് സത്യജിത് (30) എന്നിവരാണ് അങ്കമാലിയിൽ മോഷണ ശ്രമത്തിനിടെ പിടിയിലായത്. കഴിഞ്ഞ 30ന് രാത്രി കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മണ്ണൂർ പരമേശ്വരൻ ഇളയതിന്റെ വീടിന്റെ വാതിൽ പൊളിച്ച് നവരത്‌ന മോതിരം, 25000 രൂപ, സ്മാർട്ട് വാച്ചുകൾ, പെൻ ക്യാമറ, ടാബ് തുടങ്ങിയ മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്.
സംഭവം നടക്കുന്ന സമയത്ത് വീട്ടുകാർ ബന്ധുവിന്റെ വീട്ടിലായിരുന്നു. പകൽ ബൈക്കിൽ കറങ്ങി നടന്ന് ആളില്ലാത്ത വീട് കണ്ടു വച്ച് രാത്രിയിൽ മോഷ്ടിക്കുന്നതാണ് രീതി.
2023 ൽ കോഴിക്കോട് നിന്ന് മോഷണക്കേസിൽ ജയിലിൽ പോയ സാബു മയക്കുമരുന്ന് കേസിൽ ജയിലിൽ കിടന്ന അജിത്തുമായി പരിചയപ്പെട്ടു. മാർച്ചിൽ ജയിലിൽ നിന്നിറങ്ങിയ പ്രതികൾ ഒരുമിച്ചായിരുന്നു മോഷണം. മണ്ണൂരിലെ വീട്ടിൽ നിന്ന് മോഷണം ചെയ്ത നവരത്‌ന മോതിരം എറണാകുളത്ത് നിന്ന് കണ്ടെടുത്തു. കോഴിക്കോട്, വയനാട്, തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലായി 50 ലേറെ മോഷണ കേസുകളിൽ പ്രതിയാണ് സാബു. 2001ൽ കോഴിക്കോട് മോഷണത്തിനിടെ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസും ഇയാൾക്കുണ്ട്. എ.എസ്.പി
മോഹിത് റാവത്ത്, ഇൻസ്‌പെക്ടർ എ.എൽ. അഭിലാഷ്, എസ്.ഐമാരായ ടി.എസ്. സനീഷ്, ജെ. സജി, സ്പെഷ്യൽ സ്ക്വാഡ് എ.എസ്.ഐ പി.എ. അബ്ദുൾ മനാഫ്, സീനിയർ സി.പി.ഒമാരായ മനോജ് കുമാർ, ടി.എ. അഫ്‌സൽ, ബെന്നി ഐസക്ക്,
വർഗീസ് വേണാട്ട് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |