പട്ന: കൊൽക്കത്തയിൽ ഡോക്ടറെ മാനഭംഗപ്പെടുത്തി കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ബീഹാറിൽ ആരോഗ്യപ്രവർത്തകയ്ക്ക് നേരെ ഡോക്ടറുൾപ്പെട്ട സംഘത്തിന്റെ മാനഭംഗശ്രമം. ഡോക്ടറുടെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് നഴ്സ് രക്ഷപ്പെട്ടു. സമാസ്തിപുർ ജില്ലയിൽ ഗംഗപുരിലുള്ള ആർ.ബി.എസ് ഹെൽത്ത് സെന്ററിലെ ഡോക്ടറും അഡ്മിനിസ്ട്രേറ്ററുമായ സഞ്ജയ് കുമാറും മറ്റ് രണ്ടുപേരും ചേർന്നാണ് നഴ്സായ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. യുവതി ജോലി ചെയ്യുന്നതിനിടെ അതിക്രമം കാട്ടുകയായിരുന്നു. അക്രമത്തിന് മുമ്പ് പ്രതികൾ സി.സിടിവി ക്യാമറ വിച്ഛേദിക്കുകയും ആശുപത്രി അകത്തുനിന്ന് പൂട്ടുകയും ചെയ്തു. ആക്രമണത്തിനിടെ ഡോക്ടറുടെ സ്വകാര്യഭാഗം യുവതി ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു. ആശുപത്രിക്ക് സമീപത്തെ പറമ്പിൽ ഒളിച്ചിരുന്ന യുവതി പിന്നീട് പൊലീസിൽ അറിയിച്ചു. വിവരം ലഭിച്ചയുടനെ തന്നെ ആശുപത്രിയിലെത്തിയെന്നും മൂന്ന് പേരെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു. പ്രതികൾ മദ്യപിച്ചിരുന്നെന്നാണ് റിപ്പോർട്ട്.
യുവതി കാണിച്ച മനസാന്നിദ്ധ്യവും ധൈര്യവും പ്രശംസനീയമാണെന്ന് ഡി.എസ്.പി പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് യുവതി ഉപയോഗിച്ച ബ്ലേഡ്, ചോരപുരണ്ട വസ്ത്രങ്ങൾ, മദ്യകുപ്പികൾ, മൂന്ന് മൊബൈൽഫോണുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. അവധേഷ് കുമാർ, സുനിൽ കുമാർ ഗുപ്ത എന്നിവരാണ് മറ്റ് രണ്ട് പ്രതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |