തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനായി യു.കെയിലെത്തി വൃദ്ധസദനങ്ങളിലും മറ്റും ജോലി ചെയ്യേണ്ടിവരുന്ന കേരളത്തിലെ നിരവധി യുവജനങ്ങളുണ്ടെന്ന് മലയാളിയായ കേംബ്രിഡ്ജ് മേയർ ബൈജു വർക്കി തിട്ടാല പറഞ്ഞു. വൃദ്ധസദനങ്ങളിലെ ജോലി മോശമാണെന്നല്ല. എന്നാൽ, ഏജന്റുമാരുടെയും മറ്റും തട്ടിപ്പിനിരയായും വേണ്ടത്ര അന്വേഷണമില്ലാതെയും ഉയർന്ന വിദ്യാഭ്യാസമുള്ളവർപോലും യൂറോപ്യൻ രാജ്യങ്ങളിലെത്തി ഈ ജോലിയിലേർപ്പെട്ട് ജീവിതത്തിൽ ഉയർച്ചയില്ലാതാകുന്നുണ്ട്.
പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്യൻ രാജ്യങ്ങളിൽ കുടിയേറ്റക്കാർക്കെതിരേ വംശീയമായുള്ള പ്രകോപനങ്ങളും അക്രമങ്ങളും നിലവിലുണ്ടെങ്കിലും അതിനെതിരേ ശക്തമായ നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നത്.
1207ന് (817 വർഷം) ശേഷം ആദ്യമായാണ് കേംബ്രിഡ്ജിൽ വെള്ളക്കാരനല്ലാത്ത ഒരാൾ മേയറാകുന്നത്. വംശീയതയ്ക്കെതിരേയുള്ള നടപടികൾക്ക് അവിടത്തെ പൊതുസമൂഹത്തിൽ നിന്ന് നല്ല പിന്തുണയാണ് ഇപ്പോൾ ലഭിക്കുന്നതെന്നും ബൈജു തിട്ടാല പറഞ്ഞു.
കോട്ടയം ആർപ്പൂക്കര തിട്ടാല പാപ്പച്ചൻ- ആലീസ് ദമ്പതികളുടെ മകനായ ബൈജു, കഴിഞ്ഞ മേയിലാണ് കേംബ്രിഡ്ജ് സിറ്റി കൗൺസിൽ മേയറായി ചുമതലയേറ്റത്. ഒരു വർഷത്തേക്കാണ് കാലാവധി. ലേബർ പാർട്ടി അംഗമായ ഇദ്ദേഹം നേരത്തെ ഡെപ്യൂട്ടി മേയറായിരുന്നു. ഭാര്യ ആൻസി തിട്ടാല കേംബ്രിഡ്ജിൽ നഴ്സിംഗ് ഹോം മാനേജരാണ്. മക്കൾ: വിദ്യാർത്ഥികളായ അന്ന തിട്ടാല, അലൻ തിട്ടാല, അൽഫോൺസ് തിട്ടാല. പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ. പ്രവീൺ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |