ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ 97-ാമത് മഹാസമാധി ദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ 21 ന് (കന്നി 5) നാടെങ്ങും ആചരിക്കും. ശിവഗിരി മഹാസമാധിയിലും
ചെമ്പഴന്തി ഗുരുകുലത്തിലും അരുവിപ്പുറത്തും ആലുവ അദ്വൈതാശ്രമത്തിലും മറ്റ്
ഗുരുദേവക്ഷേത്രങ്ങളിലും മന്ദിരങ്ങളിലും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ
നേതൃത്വത്തിലും സമാധിദിനാചരണ പരിപാടികൾ നടക്കും.
ഗുരുദേവന്റെ മഹാപരിനിർവാണദിനം നാമജപം, ഉപവാസം, മഹാസമാധി പ്രാർത്ഥന, അന്നദാനം തുടങ്ങിയ പരിപാടികളോടെ ശിവഗിരി മഠത്തിൽ ആചരിക്കും. മഹാസമാധി പൂജയിൽ സമർപ്പിത ചേതസ്സുകളായി പങ്കുചേരാൻ ഭക്ത്യാദരപൂർവം ഏവരേയും ശിവഗിരിക്കുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി എന്നിവർ അറിയിച്ചു.
ശിവഗിരിയിൽ രാവിലെ 5 ന് വിശേഷാൽ പൂജ, ഹവനം, പാരായണം. 9 ന് മഹാസമാധി പീഠത്തിൽ ജപം, ധ്യാനം, സമൂഹപ്രാർത്ഥന എന്നിവയും ശ്രീനാരായണ ദിവ്യസത്സംഗവും
സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ നടക്കും. 10 ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത
വഹിക്കും. സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണവും ഡോ. ശശി തരൂർ എം.പി മുഖ്യപ്രഭാഷണവും നടത്തും. അടൂർ പ്രകാശ് എം.പി, അഡ്വ. വി.ജോയി എം.എൽ.എ, വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി, മുൻ എം.എൽ.എ വർക്കല കഹാർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാസുന്ദരേശൻ ജി.ഡി.പി.എസ് ചീഫ് കോ- ഓർഡിനേറ്റർ സത്യൻ പന്തത്തല, പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ പ്രസംഗിക്കും.
ഉച്ചയ്ക്ക് 12 ന് ഗുരുദേവന്റെ 'മഹസമാധിയും ഭക്തജനങ്ങളുടെ അനുഷ്ഠാനവും" എന്ന വിഷയത്തിൽ സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തും. തുടർന്ന് സന്യാസിമാരുടെ നേതൃത്വത്തിൽ ശാരദാമഠത്തിൽ ശാന്തി ഹോമയജ്ഞം. മഹാസമാധിപീഠത്തിലേക്ക് കലശം വഹിച്ചുകൊണ്ടുള്ള ശാന്തിയാത്ര, വൈദികമഠം, റിക്ഷാമന്ദിരം, ബോധാനന്ദ സ്വാമി സമാധി പീഠം എന്നിവിടങ്ങളിലെത്തി പ്രണാമം അർപ്പിച്ച് മഹാസമാധി സന്നിധിയിലെത്തിച്ചേരും. 3.30 ന് നടക്കുന്ന മഹാസമാധി പൂജയിൽ കലശാഭിഷേകം, ഗുരുസ്തവം, ഗുരുഷഡ്കം, ദൈവദശകാലാപനങ്ങൾ, അഷ്ടോത്തര ശതനാമാവലി, അർച്ചന. മഹാസമാധിയിൽ ഭക്തജനങ്ങൾക്ക് അഷ്ടോത്തര ശതനാമാവലി അർച്ചന നടത്താം. തുടർന്ന് പ്രസാദ വിതരണവും അന്നദാനവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |