തിരുവനന്തപുരം : സംസ്ഥാനത്തെ ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യരായ യുവതിയുവാക്കളുടെ സ്വപ്നമാണ് സർക്കാർ ജോലി സ്വന്തമാക്കുക എന്നത്. വർഷങ്ങൾ നീണ്ട കഠിനപ്രയത്നത്തിലൂടെ ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയവരെയും അതിനായി ഇപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരെയും പരിഹസിച്ചുകൊണ്ടാണ് യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠിയെ കുത്തിപരിക്കേൽപ്പിച്ച മുൻ എസ്.എഫ്.ഐ നേതാവായ ശിവരഞ്ജിത്ത് കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്. ഇതിലൂടെ പി.എസ്.സിയുടെ വിശ്വാസ്യതയ്ക്കും മങ്ങലേറ്റിരിക്കുകയാണ്. പരീക്ഷഹാളിലിരുന്നു മൊബൈലിലൂടെ ചോദ്യങ്ങൾ സുഹൃത്തിന് കൈമാറിയശേഷം ലഭിച്ച ഉത്തരങ്ങൾ അടയാളപ്പെടുത്തിയാണ് ശിവരഞ്ചിത്ത് പരീക്ഷയിൽ ഒന്നാമനായത് എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
താരതമ്യേന കടുപ്പമേറിയ ചോദ്യങ്ങളായിരുന്നു പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷയിലുണ്ടായിരുന്നത്. എന്നാൽ ഈ പരീക്ഷയിൽ ഒന്നാം റാങ്ക് നേടാനുള്ള പ്രാപ്തി ശിവരഞ്ചിത്തിനുണ്ടോ എന്ന സംശയം ഉയർന്നത് യൂണിവേഴ്സിറ്റി പി.ജി പരീക്ഷയിൽ നേടിയ മാർക്ക് പരിശോധിച്ചപ്പോഴാണ്. ഒന്നും രണ്ടും സെമസ്റ്ററുകൾക്ക് തോറ്റ ശിവരഞ്ചിത്തിന് സപ്ലിയിലും കരകയറുവാനായിരുന്നില്ല. ഇതു സംബന്ധിച്ച മാർക്കുലിസ്റ്റുകളുടെ കോപ്പിസഹിതം കൗമുദി ടി.വി വാർത്ത പുറത്തുവിട്ടിരുന്നു. ഇതിനൊപ്പം ശിവരഞ്ചിത്തിന്റെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് അധികാരികളിൽ നിന്നും ലഭിച്ച വിവരങ്ങളും സംശയത്തിന് കാരണമായി തീർന്നിരുന്നു. ശിവരഞ്ചിത്തിന്റെ വീട്ടിൽ പരിശോധനയ്ക്കിടെ പി.എസ്.സി പരീക്ഷയ്ക്കുള്ള ഗൈഡുകളോ പഠനത്തിന് ആവശ്യമായ പുസ്തകങ്ങളോ കണ്ടെടുക്കാനായില്ല അതേ സമയം യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന ഉത്തരകടലാസുകൾ കെട്ടുകണക്കിന് ലഭിക്കുകയും ചെയ്തു. ഈ വിവരം ലഭിച്ചതോടെയാണ് ശിവരഞ്ചിത്തിന്റെ യൂണിവേഴ്സിറ്റി പരീക്ഷയിലെ പ്രകടനത്തെകുറിച്ച് അന്വേഷണവുമായി കൗമുദി ടിവി ഇറങ്ങിയത്.
പോസ്റ്റുഗ്രാജുവേഷൻ പരീക്ഷയിൽ ശിവരഞ്ചിത്തിന്റെ പരാജയപ്പെട്ട മാർക്ക് ലിസ്റ്റുകളിലെ സത്യാവസ്ഥ പുറത്ത് വന്നതോടെ ഇയാൾ ഡിഗ്രി എങ്ങനെ പാസായി എന്നതായിരുന്നു അടുത്ത അന്വേഷണം. താരതമ്യേന പഠിക്കുവാൻ പ്രയാസമേറിയ കെമസ്ട്രി ഐച്ഛിക വിഷയമായി എടുത്താണ് ശിവരഞ്ചിത്ത് ഡിഗ്രി പൂർത്തിയാക്കിയത്. ഡിഗ്രിക്ക് ഇയാൾ നേടിയ ഗ്രേഡുകളടങ്ങിയ മാർക്ക് ലിസ്റ്റ് പരിശോധിക്കുന്ന ആർക്കും നിരവധി സംശയങ്ങൾ ഉണ്ടാവും. ഡിഗ്രി പരീക്ഷയിലും ഇയാൾ കള്ളക്കളി നടത്തി എന്ന സംശയമാണ് ഉയർത്തുന്നത്. ഇതു സംബന്ധിച്ച വിവരങ്ങളും കൗമുദി ടി.വി പുറത്തുവിടുന്നു. ഡിഗ്രി ഒന്ന് രണ്ട് മൂന്ന് നാല് സെമസ്റ്ററുകളിൽ പരാജിതനാണ് ശിവരഞ്ചിത്ത്. എന്നാൽ അവസാനവർഷത്തെ അഞ്ച് ആറ് സെമസ്റ്ററുകളിൽ 75 ശതമാനവും 80 ശതമാനവും നേടിയാണ് ഇയാൾ പാസായിരിക്കുന്നത്. അവസാന വർഷത്തെ താരതമ്യേന കടുപ്പമേറിയ വിഷയങ്ങളാണ് പുഷ്പം പോലെ മികച്ച സ്‌കോറിൽ ശിവരഞ്ചിത്ത് പാസായത്. ഇത് പരീക്ഷയിൽ ആൾമാറാട്ടം നടത്തി നേടിയതാണോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. സംഭവം വിവാദമായതോടെ ശിവരഞ്ചിത്തിന്റെ ഉത്തരകടലാസുകൾ യൂണിവേഴ്സിറ്റി സീൽ ചെയ്തിരിക്കുകയാണ്, എന്നാൽ ഇതിൻ മേൽ തുടരന്വേഷണം നടത്താതെ ഒളിച്ചുകളിക്കുകയാണെന്ന ആരോപണവും ഉയരുന്നു. പി.എസ്.സി പരീക്ഷയിൽ തട്ടിപ്പിന്റെ ഹൈടെക് രീതികൾ ഉപയോഗിച്ച ശിവരഞ്ചിത്തിന് യൂണിവേഴ്സിറ്റി പരീക്ഷകൾ തട്ടിപ്പിന്റെ പരിശീലന കളരിയായിരുന്നു എന്ന സംശയം ബാക്കിയാവുകയാണ്. ഇതിൻമേലും ശക്തമായ അന്വേഷണം അനിവാര്യമാവുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |