കോഴിക്കോട്: സ്വകാര്യ ബസിന്റെ ഹൈഡ്രോളിക് ഡോറിനടിയിൽപ്പെട്ട് വിദ്യാർത്ഥിനിക്ക് പരിക്ക്. പ്ലസ് വൺ വിദ്യാർത്ഥിനി ആയിഷ റിഫയ്‌ക്കാണ് (16) പരിക്കേറ്റത്. ഇന്നലെ രാവിലെ 7.30ഓടെയായിരുന്നു സംഭവം. കട്ടിപ്പാറ താമരശേരി റൂട്ടിൽ ഓടുന്ന ഗായത്രി ബസിലായിരുന്നു അപകടം.
പൊലീസിൽ പരാതി നൽകിയെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. താൻ ഡോറിനിടയിൽ കുടുങ്ങി കിടക്കുന്നത് കണ്ടിട്ടും ബസ് നിർത്താൻ കണ്ടക്‌ടർ ആവശ്യപ്പെട്ടില്ലെന്ന് വിദ്യാർത്ഥിനി പറഞ്ഞു. വേദന സഹിക്കാനാകാതെ കരഞ്ഞ കുട്ടിയെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടുവെന്നും ആരോപണമുണ്ട്.
വീടിന് സമീപത്തെ സ്റ്റോപ്പിൽ നിന്നായിരുന്നു ആയിഷ ബസിൽ കയറിയത്. തിരക്കുകാരണം ഡോർ സ്റ്റെപ്പിൽ നിന്ന് അകത്തേക്ക് കയറാൻ സാധിക്കാതിരുന്ന കുട്ടിയുടെ ദേഹത്തേക്ക് വാതിൽ വന്ന് അമരുകയായിരുന്നു. കൈകൊണ്ട് തള്ളിയെങ്കിലും വാതിൽ മാറ്റാനായില്ല. തുടർന്ന് ബസിൽ നിന്ന് ഇറങ്ങണമെന്ന് കരഞ്ഞുപറഞ്ഞ കുട്ടിയെ രണ്ട് സ്റ്റോപ്പ് കഴിഞ്ഞ് വിജനമായ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.
പരിക്കേറ്റ വിദ്യാർത്ഥിനിയെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് പുനൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയ്‌ക്ക് ശേഷം രാവിലെ തന്നെ റിഫയുടെ അമ്മ പൊലീസിൽ പരാതി നൽകി. എന്നാൽ, രാത്രിവരെ മൊഴി രേഖപ്പെടുത്താൻ പോലും പൊലീസ് എത്തിയില്ലെന്ന് അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |