ദിലീപും പൾസർ സുനിയും ഹാജരായി
കൊച്ചി: യുവനടിയെ അക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിചാരണ അവസാന ഘട്ടത്തിൽ നിൽക്കേ പ്രോസിക്യൂഷൻ വീണ്ടും കോടതിയെ സമീപിച്ചു. സാക്ഷിവിസ്താരം പൂർത്തിയാക്കിയെന്ന ഉത്തരവ് പുനപ്പരിശോധിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി.
അതേസമയം, വിചാരണ നടപടികളുടെ ഭാഗമായി ദിലീപ് അടക്കമുള്ള പ്രതികൾ ഇന്നലെ കോടതിയിൽ ഹാജരായി.
മുഴുവൻ സാക്ഷികളുടെയും വിസ്താരം പൂർത്തിയായെന്നും മൂന്ന് മാസത്തിനകം വിധിപറയുമെന്നും പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കിയിരുന്നു. സാക്ഷി മൊഴികളിൽ പ്രതികളുടെ ഭാഗം കേൾക്കലാണ് ഇനിയുള്ളതെന്നും അറിയിച്ചിരുന്നു. ഇതിനായാണ് ദിലീപും പൾസർ സുനിയുടമക്കം 10 പ്രതികൾ ഹാജരായത്. പ്രതികൾക്ക് കൂടുതൽ തെളിവുകൾ ഹാജരാക്കാനുണ്ടെങ്കിൽ അവസരമുണ്ട്.
ഇതിനിടെയാണ് സാക്ഷി വിസ്താരം പൂർത്തിയാക്കിയതിനെതിരെ പ്രോസിക്യൂഷൻ രംഗത്തെത്തിയത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ സാക്ഷികളുണ്ടാകാൻ സാദ്ധ്യതയുണ്ട്. പ്രതികൾക്ക് പ്രോസിക്യൂഷൻ സാക്ഷികളെ ക്രോസ് വിസ്താരം നടത്തേണ്ടതുണ്ടോയെന്ന് കോടതി പരിശോധിച്ചിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജി ഇന്ന് പരിഗണിക്കും. അതിന് ശേഷമായിരിക്കും പ്രതികളെ കേൾക്കുക. ആദ്യഘട്ടത്തിൽ 12 പ്രതികളുണ്ടായിരുന്നു. നിലവിൽ 10 പേരാണുള്ളത്. പ്രതികളെ ഓരോരുത്തരെയായി കേൾക്കണോ എന്നതിലും പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |