ബംഗളുരു; മുഡ ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ് ഇ.ഡി പ്രാഥമിക അന്വേഷണം നടത്തുന്നത്. സിദ്ധരാമയ്യയ്ക്കെതിരെ നേരത്തെ സംസ്ഥാന ലോകായുക്തയും കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയും അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
സിദ്ധരാമയ്യ, ഭാര്യ ബി.എൻ. പാർവതി, ഭാര്യാ സഹോദരൻ മല്ലികാർജുന സ്വാമി, സ്ഥലം വാങ്ങിയ ദേവരാജു എന്നിവർക്കെതിരെയാണ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. നാലുപേർക്കെതിരെയും ചുമത്തിയിരിക്കുന്നത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരമുള്ള വകുപ്പുകളാണ്. നേരത്തെ കേസിൽ സിദ്ധരാമയ്യയ്ക്കെതിരെ ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മൈസുരു ലോകായുക്ത പൊലീസാണ് കേസ് അന്വേഷിക്കേണ്ടത്.
മൂന്നുമാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കോടതി നിർദ്ദേശം.
ഗവർണർക്കെതിരെ സിദ്ധരാമയ്യ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനെതിരെയുള്ള ഹർജിയാണ് തള്ളിയത്. എന്നാൽ അസാധാരണ സാഹചര്യങ്ങളിൽ ഗവർണർക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കാം എന്ന് കോടതി പരാമർശിച്ചിരുന്നു. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |