തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴു ബറ്റാലിയനുകളിലായി സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ആറുമാസം കഴിഞ്ഞിട്ടും നിയമനം നടന്നത് വെറും 36 ഒഴിവുകളിലേക്ക്. സിവിൽ പൊലീസ് ഓഫീസർമാരുടെ 1500 ഓളം ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ഉദ്യോഗാർത്ഥികൾ പരാതിപ്പെടുന്നു.
ഒരുവർഷമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി. എസ്.ഐമാരുടെയും വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെയും റാങ്ക് പട്ടികകളും പ്രസിദ്ധീകരിച്ചെങ്കിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല.
ഇക്കഴിഞ്ഞ മേയ് 31ലെ കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലയിൽ മാത്രം മുന്നൂറിലധികം ഒഴിവുണ്ട്. ഒഴിവുകൾ മറ്റു ജില്ലകളിലുമുണ്ട്. ബറ്റാലിയനുകളിൽ ജോലിചെയ്യുന്ന സി.പി.ഒ മാരെ സ്റ്റേഷൻ ഡ്യൂട്ടിയിലേക്ക് നിയോഗിച്ചാലേ ഒഴിവുകൾ ഉണ്ടാകൂ. തുടർന്ന് ഈ ഒഴിവുകൾ പി.എസ്.എസിയിലേക്ക് റിപ്പോർട്ട് ചെയ്താൽ റാങ്ക് ലിസ്റ്റിൽ നിന്നും നിയമന സാദ്ധ്യത തെളിയും.
ഏഴു ബറ്റാലിയനുകളിലായി എഴുത്തുപരീക്ഷയും കായികപരീക്ഷയും നടത്തി പ്രസിദ്ധീകരിച്ച പട്ടികയിൽ 6647 ഉദ്യോഗാർത്ഥികളാണുള്ളത്. മെയിൽ ലിസ്റ്റിൽ ആകെ 4725 പേരുണ്ട്. സേനയിൽ അംഗബലം കൂട്ടണമെന്ന ഡി.ജി.പിയുടെ ശുപാർശ സർക്കാരിന് മുന്നിലുണ്ടെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് നിയമനത്തിന് സർക്കാർ മടിക്കുന്നതെന്നാണ് ആരോപണം.
കഴിഞ്ഞ ഏപ്രിൽ 15 നാണ് റാങ്ക്പട്ടിക നിലവിൽ വന്നത്. പൊലീസിലെ കൂട്ടവിരമിക്കൽ അടുത്ത മേയിലാണ്. എന്നാൽ അതിന് മുൻപ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുമെന്നിരിക്കെ, നിലവിലുള്ള ഒഴിവുകളിൽ പോലും നിയമനം നൽകാത്തത് തികഞ്ഞ അനാസ്ഥയാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ 13975 പേർ , നിയമനം 4458
ഏഴ് ബറ്റാലിയനുകളിലേക്കുള്ള കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും 4458 നിയമനം മാത്രമേ നടന്നിട്ടുള്ളൂ. 13975 പേർ ഉൾപ്പെട്ട ലിസ്റ്റായിരുന്നു അന്ന് പ്രസിദ്ധീകരിച്ചത്. ഇക്കുറി അതിന്റെ പകുതി പേരാണ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.
9 തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സി.എസ്.ആർ ടെക്നിഷ്യൻ ഗ്രേഡ് 2/സ്റ്റെറിലൈസേഷൻ ടെക്നിഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 499/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാത്ത്ലാബ് ടെക്നിഷ്യൻ (കാറ്റഗറി നമ്പർ 525/2023), ഗവൺമെന്റ് ആയുർവേദ കോളേജുകളിൽ ടെക്നിക്കൽ അസിസ്റ്റന്റ് (എക്സ്-റേ) (കാറ്റഗറി നമ്പർ 531/2023), ഇടുക്കി ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 723/2022, 724/2022), വിവിധ ജില്ലകളിൽ എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ എൽ.ഡിടൈപ്പിസ്റ്റ്/ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക് (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 714/2023), മലപ്പുറം ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക്-ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 146/2023), തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 201/2023), സർക്കാർ ഉടമസ്ഥതയിലുളള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡ്/സൊസൈറ്റി/ ലോക്കൽ അതോറിറ്റികളിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2 - ഒന്നാം എൻ.സി.എ.- എസ്.സി.സി.സി (കാറ്റഗറി നമ്പർ 159/2023), കേരള കേര കർഷക സഹകരണ ഫെഡറേഷനിൽ (കേരഫെഡ്) എൽ.ഡി ടൈപ്പിസ്റ്റ് - പാർട്ട് 1 (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 191/2023) തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |