ടെൽ അവീവ് : ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ, ഹിസ്ബുള്ളയ്ക്കെതിരെ കരയുദ്ധം രൂക്ഷമാക്കി ഇസ്രയേൽ തെക്കൻ ലെബനനിലേക്ക് കൂടുതൽ സേനയെ അയച്ചു. ഹിസ്ബുള്ളയുടെ 700 കേന്ദ്രങ്ങൾ തകർത്തതായി അവകാശപ്പെട്ടു. 25 ഗ്രാമങ്ങളിൽ നിന്നു കൂടി ജനങ്ങൾ ഒഴിഞ്ഞു പോകാനും ആവശ്യപ്പെട്ടു.
പലയിടങ്ങളിലും ഹിസ്ബുള്ള ശക്തമായി ചെറുത്തു. ഇസ്രയേലിന്റെ ഒരു സൈനികൻ കൊല്ലപ്പെട്ടു. കരയുദ്ധം തുടങ്ങിയശേഷം കൊല്ലപ്പെടുന്ന ആദ്യ സൈനികനാണ്. അദയ്സേ പട്ടണത്തിൽ ഇസ്രയേൽ സേനയെ ഏറ്റുമുട്ടലിൽ തുരത്തി. ഇസ്രയേലിലെ ഷ്‌തുല, മഷ്‌കാഫ് ആം, ഷോമേര സൈനിക ബാരക്കുകളിൽ ഹിസ്ബുള്ള മിസൈൽ ആക്രമണങ്ങളും നടത്തി.
ഇസ്രയേൽ വ്യോമാക്രമണവും രൂക്ഷമാക്കി. ബെയ്‌റൂട്ടിലെ ദാഹിയേയിൽ മാരക ആക്രമണമായിരുന്നു. നിരന്തരം സ്ഫോടനങ്ങൾ നടന്നു. ജനങ്ങൾ കൂട്ടപ്പലായനത്തിലാണ്. നഗരം പ്രേതഭൂമിയായി.
മൂന്നു ഗ്രാമങ്ങൾ തകർത്തു
#ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങളായ മൂന്നു ഗ്രാമങ്ങളെയാണ് തകർത്തത്. മീസ് എൽ ജബാൽ ഗ്രാമത്തിലെ വീടുകൾക്കടിയിൽ പാറ തുരന്നുണ്ടാക്കിയ 150 മീറ്റർ തുരങ്കവും ആയുധ ശേഖരവും ഉണ്ടായിരുന്നു.
#കഫർക്കേല ഗ്രാമത്തിൽ
ഒരു വീട്ടിലെ കുട്ടികളുടെ മുറിക്കടിയിലൂടെ 100 മീറ്റർ നീളമുള്ള തുരങ്കത്തിൽ നിറയെ ആയുധങ്ങൾ.
# നൂറിറ്റ് ഗ്രാമത്തിൽ സൈനിക പോസ്റ്റുകളും റോക്കറ്റ് ലോഞ്ചറുകളും. മലമുകളിലും ഭൂമിക്കടിയിലും കിടങ്ങുകൾ. ബന്ധിപ്പിക്കുന്ന തുരങ്കങ്ങളിൽ ആയുധ ശേഖരം, കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, താമസ സൗകര്യങ്ങൾ.
ഇറാന്റെ ആണവ
കേന്ദ്രങ്ങൾ ലക്ഷ്യം
ഏത് നിമിഷവും ഇസ്രയേൽ ഇറാനെ ആക്രമിക്കാം. ഇറാന്റെ ആണവകേന്ദ്രങ്ങൾ പ്രധാന ഉന്നമാണ്. പെട്രോകെമിക്കൽ കേന്ദ്രങ്ങളും ആക്രമിക്കാം. ഇറാന് മുന്നറിയിപ്പ് നൽകിയ അമേരിക്കയും ഇസ്രയേലിനൊപ്പമുണ്ട്.
ഗലീലി പിടിക്കാൻ
ഇരുപക്ഷവും
വടക്കൻ ഇസ്രയേൽ അതിർത്തിയിലെ ഗലീലീ തീർത്ഥാടന കേന്ദ്രമാണ്. ഗലീലീ തടാകത്തിലാണ് യേശുക്രിസ്തു വെള്ളത്തിന് മുകളിലൂടെ നടന്നതായി വിശ്വസിക്കപ്പെടുന്നത്. ഹിസ്ബുള്ളയെ ഭയന്ന് 60,000 ഇസ്രയേലി പൗരന്മാർ പലായനം ചെയ്‌തു. ഗലീലീ പിടിക്കാൻ ഹമാസ് മോഡൽ ആക്രമണം നടത്തുമെന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ചിട്ടുണ്ട്.
''പശ്ചിമേഷ്യയുടെ മുഖഛായ മാറ്റാൻ 50 വർഷത്തിനിടെ കിട്ടുന്ന ഏറ്റവും വലിയ അവസരമാണിത്.''
--മുൻ ഇസ്രയേൽ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ്
ഗുട്ടറസിന് വിലക്ക്
ഇറാനെ അനുകൂലിച്ചു എന്നാരോപിച്ച് യു. എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനെ അനഭിമതനായി പ്രഖ്യാപിച്ച് ഇസ്രയേലിൽ കടക്കുന്നത് വിലക്കി.
സംയമനം വേണം : റഷ്യ
പശ്ചിമേഷ്യയിൽ സ്ഥിതി അതീവ ഗുരുതരമാവുകയാണ്. എല്ലാ കക്ഷികളും സംയമനം പാലിക്കണം.
ഇസ്രയേലിന്റെ മിസൈൽ
പ്രതിരോധ കവചങ്ങൾ
ഇറാൻ പ്രയോഗിച്ച 180 മിസൈലുകളിൽ മിക്കതും ഇസ്രയേലിന്റെ പ്രതിരോധ കവചങ്ങൾ തകർത്തു.
1. അയൺ ഡോം - ഹ്രസ്വദൂര റോക്കറ്റുകളും പീരങ്കിഷെല്ലുകളും തകർക്കും
2. ഡേവിഡ്സ് സ്ലിംഗ് - ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ, വലിയ റോക്കറ്റ്,ക്രൂസ് മിസൈലുകൾ തകർക്കും
3. ആരോ സിസ്റ്റം - ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ തകർക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |