സിനിമ ഉപേക്ഷിച്ച് ആത്മീയതയുടെ പാത തേടിപ്പോയ ഒട്ടേറെ താരങ്ങൾ ബോളിവുഡിലുണ്ട്. ബർഖ മദൻ,നുപുർ അലങ്കാർ തുടങ്ങിയ താരങ്ങൾ സിനിമാജീവിതത്തിൽ തിളങ്ങി നിന്ന സമയത്ത് സന്ന്യാസത്തിലേക്ക് സഞ്ചരിച്ചവരാണ്. അത്തരത്തിൽ സിനിമയിൽ ശോഭിച്ചുനിന്ന സമയത്ത് ആത്മീയതയിലേക്ക് മാറിയ ഒരു അഭിനേത്രിയാണ് സോഫിയ ഹയാത്ത്. പാകിസ്ഥനിൽ ജനിച്ചുവളർന്ന സോഫിയ എങ്ങനെയാണ് ഇന്ത്യൻ സിനിമയിൽ എത്തിയതെന്ന് നോക്കാം.
യുകെയിലെ കെന്റിലെ ഒരു യഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ 1974ലാണ് സോഫിയ ജനിച്ചത്. ബ്രൈറ്റൺ സർവകലാശാലയിൽ നിന്നാണ് സോഫിയ പെർഫോമിംഗ് ആർട്സിൽ ബിരുദം സ്വന്തമാക്കിയത്. തന്റെ ആത്മകഥയായ 'ഡിസ്‌ഹോണേർഡ് ഹൗ ഐ എസ്‌കേപ്പ് ആൻ അറേഞ്ച്ഡ് മാര്യേജ് ആൻഡ് സർവൈവ്ഡ് ആൻ ഹോണർ കില്ലിംഗ് ടു ബികെയ്ം എ സ്റ്റാർ'ൽ യാഥാസ്ഥിതിക കുടുംബത്തിൽ നിന്നും അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും പറയുന്നുണ്ട്. ചെറിയ പ്രായത്തിൽ തന്നെ സോഫിയക്ക് ഇഷ്ടമില്ലാത്ത വിവാഹം കഴിക്കേണ്ട അവസ്ഥ ഉണ്ടായെന്നും ആത്മകഥയിൽ പറയുന്നു. പിന്നാലെയാണ് താരം ഇന്ത്യയിൽ എത്തിച്ചേരുന്നതും അപ്രതീക്ഷിതമായി സിനിമയിൽ പ്രവേശിക്കുകയും ചെയ്യുന്നത്.
ബ്രിട്ടീഷ് കോമഡി ഷോയായ ആബ്സല്യൂട്ട് പവറിലൂടെയാണ് സോഫിയ ആരാധകരുടെ പ്രിയ അവതാരകയായി മാറിയത്. തുടർന്ന് നിരവധി ടെലിവിഷൻ പരിപാടികളിലും ഭാഗമായി. ക്യാഷ് ആൻഡ് കറി എന്ന ഇംഗ്ലീഷ് ചിത്രത്തിലാണ് സോഫിയ ആദ്യമായി അഭിനയിക്കുന്നത്. 2012ൽ റിലീസ് ചെയ്ത ഡയറി ഓഫ് ബട്ടർഫ്‌ളൈയാണ് ഹിന്ദിയിലെ അവരുടെ ആദ്യത്തെ സിനിമ. നാച്ചിൽ ലണ്ടൻ, സിക്സ് എക്സ്, അക്സാർ2 തുടങ്ങിയവ സോഫിയയുടെ പ്രധാനപ്പെട്ട സിനിമകളാണ്. 2013ൽ പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് മാഗസിനായ എഫ്എച്ച്എമ്മിൽ സെക്സിയസ്റ്റ് സ്ത്രീകളുടെ പട്ടികയിലും സോഫിയ ഇടംപിടിച്ചു. പട്ടികയിൽ 81-ാം സ്ഥാനമായിരുന്നു താരത്തിന്.
തുടർന്ന് സൽമാൻ ഖാൻ അവതാരകനായി എത്തിയ ബിഗ്‌ബോസിന്റെ ഏഴാം സീസണിലും പങ്കെടുത്തു. ബിഗ്‌ബോസിന്റെ 12-ാമത്തെ ആഴ്ചയിൽ താരം പുറത്താകുകയും ചെയ്തു. ക്രിക്കറ്റ് താരം രോഹിത് ശർമയുമായി സോഫിയ പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളും വൈറലായിരുന്നു. വൈകാതെ തന്നെ പ്രണയബന്ധം അവസാനിപ്പിച്ചതായി താരം തന്നെ വെളിപ്പെടുത്തിയിരുന്നു.
2016ലാണ് സോഫിയ പുതിയ പ്രഖ്യാപനം നടത്തിയത്. ആത്മീയതയിലേക്ക് പ്രവേശിക്കുന്നുവെന്നായിരുന്നു പ്രഖ്യാപനം. ഗിയ സോഫിയ മദർ എന്ന പുതിയ പേര് സ്വീകരിക്കുകയും ചെയ്തു. സോഷ്യൽമീഡിയയിൽ താരം ഇപ്പോഴും സജീവമാണ്. 723,000ൽ അധികം ഫോളേവേഴ്സുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |