ആറടി മൂന്നര ഇഞ്ച് ഉയരം. 102 കിലോ തൂക്കം. ഒറ്റ നോട്ടത്തിൽ തന്നെ തന്റെ മുൻപിൽ കീരിക്കാടൻ ജോസ് നിൽക്കുന്നതായി ലോഹിതദാസിന് തോന്നി. സിബി മലയിലും കീരിക്കാടനെ നോക്കി നിന്നു.
കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രമായാണ് എന്നും മോഹൻരാജ് അറിയപ്പെട്ടത്. ചെയ്ത വേഷത്തിന്റെ പേരിൽ അറിയപ്പെടുന്ന താരങ്ങൾ കുറവായിരിക്കും. എന്നാൽ മോഹൻരാജിന് അങ്ങനെ അറിയപ്പെടാനായിരുന്നു നിയോഗം. മോഹൻരാജ് എന്ന് പറഞ്ഞാൽ പലർക്കും തന്നെ അറിയില്ലെന്ന് മോഹൻരാജ് പലപ്പോഴും പറഞ്ഞു. എല്ലാ പ്രായക്കാർക്കും കീരിക്കാടൻ ജോസ്. മോഹൻലാൽ അവതരിപ്പിച്ച സേതുമാധവനെ എതിർക്കാൻ ലോഹിതദാസും സിബി മലയിലും കൊണ്ടുവന്ന നടൻ നായകനൊപ്പവും അതിനു മുകളിലോ നിന്ന് പ്രേക്ഷകരെ അത്ഭുതപ്പെടുത്തി .കന്നടയിലെ പ്രശസ്ത നടനെയായിരുന്നു ഇൗ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ നറുക്ക് വീണത് മോഹൻരാജിന്. സിനിമയിൽ അഭിനയിക്കാൻ മോഹൻരാജ് ആഗ്രഹിച്ചിരുന്നു. ചെന്നൈയിൽഎൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണ് കിരീടത്തിൽ അഭിനയിക്കുന്നത്. അതിനു മുൻപ് കഴുമലൈ കള്ളൻ, ആൺകളെ നമ്പാതെ എന്നീ തമിഴ് ചിത്രങ്ങളിൽ ചെറിയ വേഷത്തിൽ അഭിനയിച്ചു.
കിരീടം സൂപ്പർ ഹിറ്റായതോടെ മലയാളത്തിലെ വില്ലൻമാരിൽ മുൻനിരയിൽ എത്തി. കേന്ദ്ര സർവീസിൽ ജോലി ചെയ്യുമ്പോൾ സർക്കാരിൽനിന്ന് അനുവാദം വാങ്ങണം. അത് ചെയ്യാതെയാണ് മോഹൻരാജ് സിനിമയിൽ അഭിനയിച്ചത്
സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ 20 വർഷമാണ് ജോലിയിൽ നിന്ന് പുറത്തുനിൽക്കേണ്ടിവന്നു. 20 വർഷത്തെ നീണ്ട പോരാട്ടത്തിനുശേഷം 2010 ൽജോലിയിൽ തിരികെ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ സ്വമേധയാ വിരമിച്ചു.
മലയാളത്തിലും തമിഴിലും തെലുങ്കിലും കൊടും വില്ലനായി മോഹൻരാജ് തിളങ്ങുക തന്നെ ചെയ്തു.ഹിന്ദിയിലും ജാപ്പനീസ് ചിത്രത്തിലും അഭിനയിച്ചു. മൂന്നാമുറ എന്ന ചിത്രത്തിൽ മുഖം കാണിച്ചാണ് തുടക്കം.ചെങ്കോൽ, മിമിക്സ് പരേഡ്, പൊരുത്തം, ഹിറ്റ്ലർ, രജപുത്രൻ, ഭൂപതി, പത്രം, വാഴുന്നാർ, ആറാം തമ്പുരാൻ, നരേൻ, മായാവി, ടൈം, നരൻ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.മോഹൻലാൽ നായകനായ ഹലോ സിനിമയിൽ കോമഡി വേഷം അവതരിപ്പിക്കുകയും ചെയ്തു.നായകനൊപ്പം തലയെടുപ്പോളം നിൽക്കുന്ന വില്ലനെ മലയാളി കാണുന്നത് മോഹൻരാജിലൂടെയാണ്. വെള്ളിത്തിരയിലേക്ക് വീണ്ടും തിരിച്ചു വന്നെങ്കിലും മലയാള സിനിമ ന്യൂജനറേഷനായി മാറിയതിനാൽ കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. സിനിമയിൽ ക്രൂരനായ വില്ലനായിരുന്നെങ്കിലും ജീവിതത്തിൽ സൗമ്യ പെരുമാറ്റത്തിന് ഉടമയായിരുന്നു. 2022 ൽ മമ്മൂട്ടി ചിത്രം റോഷാക്കിൽ ആണ് അവസാനം അഭിനയിച്ചത്.രോഗത്തിന്റെ അവശത പിടികൂടിയതിനാൽ കട്ടലിൽ കിടന്നായിരുന്നു ആ മോഹൻരാജ് കഥാപാത്രത്തിന്റെ പകർന്നാട്ടം.ഒരുപിടി ശക്തമായ കഥാപാത്രങ്ങളെ സമ്മാനിച്ചാണ് മടക്കം.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |