
കൊച്ചി: രാജ്യങ്ങൾക്കിടയിൽ ചരിത്രം, സംസ്‌കാരം, സർഗാത്മകത, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര സ്‌പൈസ് റൂട്ട്‌സ് ഹെറിറ്റേജ് ശൃംഖലക്ക് കേരളം തുടക്കം കുറിച്ചു.
മുസിരിസ് ഹെറിറ്റേജ് പ്രോജക്‌ട് ടൂറിസം വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര സ്‌പൈസ് റൂട്ട്‌സ് സമ്മേളനം ഉദ്ഘാടനം ചെയ്ത ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഹെറിറ്റേജ് ശൃംഖല പ്രഖ്യാപിച്ചത്. നൂറ്റാണ്ടുകളായി സുഗന്ധവ്യഞ്ജനങ്ങൾ മാത്രമല്ല വിനിമയം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ആശയങ്ങൾ, വിശ്വാസങ്ങൾ, സാങ്കേതികവിദ്യ, കലാരൂപങ്ങൾ, ജീവിതരീതികൾ എന്നിവയുടെ കൈമാറ്റവേദി കൂടിയാണ്. സാംസ്‌കാരിക സംവാദം, ടൂറിസം, വികസനം എന്നിവയ്ക്ക് പ്രചോദനമായാണ് സ്‌പൈസ് റൂട്ടിനെ കാണുന്നത്.
ചരിത്രം, പൈതൃകം, സംരക്ഷണം, രേഖപ്പെടുത്തൽ, സംരക്ഷണം, പുരാവസ്തു ഗവേഷണം, മ്യൂസിയങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ മേഖലകളിലെ വിഭവങ്ങൾ പങ്കിടുന്നതിലും സഹകരണം വളർത്തിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുസിരിസ് പൈതൃകവുമായി ബന്ധപ്പെട്ട മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. എം.എൽ.എമാരായ വി.ആർ സുനിൽകുമാർ, ഇ.ടി ടെയ്‌സൺ എന്നിവർ വിശിഷ്ടാതിഥികളായി.
ഷാർജ മ്യൂസിയംസ് അതോറിറ്റി ഡയറക്ടർ ജനറൽ മനൽ അതായ മുഖ്യാതിഥിയായി. ബ്രോഷറുകളുടെ പ്രകാശനം ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രന് നൽകി മനൽ പ്രകാശനം ചെയ്തു. 22 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |