
ഗുരുതര കണ്ടെത്തലുമായി കോമ്പറ്റീഷൻ കമ്മീഷൻ
കൊച്ചി: രാജ്യത്തെ മുൻനിര കമ്പനികളായ ടാറ്റ സ്‌റ്റീൽ, ജെ.എസ്.ഡബ്‌ള്യു സ്റ്റീൽ, പൊതുമേഖല സ്ഥാപനമായ സെയിൽ തുടങ്ങിയവ ഒത്തുകളിച്ച് അനധികൃതമായി സ്റ്റീൽ വില ഉയർത്തിയെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഒഫ് ഇന്ത്യയുടെ(സി.സി.ഐ) അന്വേഷണത്തിൽ വ്യക്തമായി. വിലത്തട്ടിപ്പിൽ പങ്കാളികളായ സ്‌റ്റീൽ ഉത്പാദന രംഗത്തെ 31 വിവിധ കമ്പനികൾക്കെതിരെ കടുത്ത പിഴ ചുമത്താനാണ് കുത്തകവൽക്കരണ നിയന്ത്രണ ഏജൻസി ഒരുങ്ങുന്നത്. ജെ.എസ്.ഡബ്‌ള്യു സ്‌റ്റീൽ മാനേജിംഗ് ഡയറക്‌ടർ സജ്ജൻ ജിണ്ടാൽ, ടാറ്റ സ്‌റ്റീൽ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ടി. വി നരേന്ദ്രൻ, സെയിലിന്റെ നാല് മുൻ ചെർപേഴ്‌സൺമാർ എന്നിവർ ഉൾപ്പെടെ 56 മുതിർന്ന ഉദ്യോഗസ്ഥർ 2015 മുതൽ 2023 വരെയുള്ള കാലയളവിൽ വില കൃത്രിമമായി ഉയർത്തിയതിൽ ഉത്തരവാദികളാണെന്നും സി.സി.ഐ ഒക്‌ടോബർ ആറിന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
സ്റ്റീൽ മേഖലയിലെ വിലത്തട്ടിപ്പിനെ കുറിച്ച് 2022ലാണ് അന്വേഷണം ആരംഭിച്ചത്.
വിപുലമായ പരിശോധന
പ്രമുഖ വ്യവസായ ഗ്രൂപ്പുകൾ ഉൾപ്പെടെ 31 കമ്പനികളിലെ വിപുലമായ പരിശോധനകൾക്കും നിരവധി എക്‌സിക്യുട്ടീവുകളെ ചോദ്യം ചെയ്തതിനു ശേഷമാണ് കുത്തകവൽക്കരണത്തിന് എതിരെ പ്രവർത്തിക്കുന്ന നിയന്ത്രണ ഏജൻസിയായ സി.സി.ഐ സ്റ്റീൽ വിലത്തട്ടിപ്പ് കണ്ടത്തിയത്. ഇന്ത്യൻ കുത്തക നിയമങ്ങൾക്ക് എതിരായാണ് കമ്പനികൾ പ്രവർത്തിച്ചതെന്ന് അവരുടെ റിപ്പോർട്ടിൽ പറയുന്നു.
ഉത്പാദനവും ഉപഭോഗവും ഉയരുന്നു
ലോകത്തിലെ ഏറ്റവും വലിയ അസംസ്‌കൃത സ്‌റ്റീലിന്റെ ഉത്പാദകരാണ് ഇന്ത്യ. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗം മികച്ച മുന്നേറ്റം നടത്തുന്നതിനാൽ ഉപഭോഗവും കുതിച്ചുയരുകയാണ്.
കേസിന്റെ തുടക്കം
തമിഴ്നാട്ടിലെ കോടതിയിലെ ഒരു കേസിന്റെ ഭാഗമായി കോയമ്പത്തൂർ കോർപ്പറേഷൻ കോൺട്രാക്‌ടേഴ്‌സ് അസോസിയേഷനാണ് സ്‌റ്റീൽ വിലയിൽ കമ്പനികൾ ഒത്തുകളിക്കുന്നുവെന്ന ആരോപണം ആദ്യം ഉന്നയിച്ചത്. 2021ൽ ആറ് മാസത്തിനിടെ സ്‌റ്റീൽ വിലയിൽ 55 ശതമാനം വർദ്ധനയാണുണ്ടായത്. ഭവന നിർമ്മാണ കമ്പനികൾക്കും ഉപഭോക്താക്കൾക്കും വിതരണം നിയന്ത്രിച്ച് വില കൃത്രിമമായി ഉയർത്തിയെന്നാണ് ആരോപണം. ഇതോടെ ഇക്കാര്യം അന്വേഷിക്കാൻ സി.സി.ഐക്ക് കോടതി നിർദേശം നൽകി.
വിപണി വിഹിതം
ജെ.എസ്.ഡബ്‌ള്യു സ്‌റ്റീൽ: 17.5 ശതമാനം
ടാറ്റ സ്‌റ്റീൽ : 13.3 ശതമാനം
സെയിൽ : 10 ശതമാനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |