SignIn
Kerala Kaumudi Online
Wednesday, 13 November 2024 2.08 PM IST

ഐസിസിന്റെ വലയിൽ, ലൗ ജിഹാദിന്റെ ഇരയെന്ന് മറ്റൊരു കഥ: ഒരു വർഷംകൂടി കഴിഞ്ഞാൽ ജെസ്ന 'മരണപ്പെട്ടു'

Increase Font Size Decrease Font Size Print Page
jesna-case

പത്തനംതിട്ട വെച്ചൂച്ചിറ കൊല്ലമുളയിലെ വീട്ടിൽ നിന്ന് ആറുവർഷം മുമ്പ് കാണാതായ കോളേജ് വിദ്യാർത്ഥിനി ജെസ്ന ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് അന്വേഷണ ഏജൻസികൾക്ക് ഇതുവരെ വ്യക്തതയില്ല. ആളുകളെ കാണാതാകുന്ന കേസുകളിൽ,​ ഏഴു വർഷത്തിനുള്ളിൽ കണ്ടെത്താനായില്ലെങ്കിൽ മരണപ്പെട്ടതായി കരുതാമെണമെന്ന് ഭാരതീയ ന്യായ സംഹിത പറയുന്നത്. അതായത്,​ ഒരു വർഷംകൂടി കഴിഞ്ഞാൽ ആ പെൺകുട്ടി മരണപ്പെട്ടതായി കരുതേണ്ടിവരും. ആലപ്പുഴ പുന്നപ്രയിലെ മണൽപ്പരപ്പിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കാണാതായ രാഹുൽ രാജിന്റെ തിരോധാനക്കേസ് അന്വേഷിച്ച് പൊലീസും സി.ബി.ഐയും പരാജയപ്പെട്ടിരുന്നു. ചാക്കോ വധക്കേസിൽ പ്രതി സുകുമാരക്കുറുപ്പ് അന്വേഷണ ഏജൻസികൾക്കു മുന്നിൽ ചോദ്യചിഹ്നമായിട്ട് പതിറ്റാണ്ടുകളായി. അതുപോലൊന്നായി ജെസ്ന കേസും മാറുമോ?


മുക്കൂട്ടുതറയിലെ ബന്ധുവീട്ടിലേക്കെന്നു പറഞ്ഞ് 2018 മാർച്ച് 22-ന് പുറപ്പെട്ട ജെസ്നയെ കാണാതായെന്ന കേസ് ദുരൂഹതയുടെ ചുരുളുകൾ നിറഞ്ഞതാണ്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് ശേഖരിച്ച വിവരങ്ങൾക്കപ്പുറം സി.ബി.ഐയ്ക്ക് എന്തെങ്കിലും തുമ്പു കിട്ടിയോ എന്ന് പരസ്യമായി വ്യക്തമാക്കിയിട്ടില്ല. ജെസ്ന പോയെന്നു കരുതുന്ന വഴിയേ സഞ്ചരിച്ച മൂന്ന് അന്വേഷണ ഏജൻസികളും ഇരുട്ടത്തു നിൽക്കുന്നു. അന്വേഷണം അവസാനിപ്പിക്കുകയാണെന്നു കാണിച്ച് തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയിൽ ഇക്കഴിഞ്ഞ ജനുവരിയിൽ സി.ബി.ഐ റിപ്പോർട്ട് നൽകിയത് ജെസ്നക്ക് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ്.


തുടരുന്ന അന്വേഷണം

കേസിൽ താൻ വ്യക്തിപരമായി അന്വേഷിച്ചു കണ്ടെത്തിയ വിവരങ്ങൾ സി.ബി.ഐയ്ക്കു കൈമാറിയെങ്കിലും ഗൗരവമായി എടുത്തില്ലെന്ന് പിതാവ് ജെയിംസ് അറിയിച്ചപ്പോൾ അന്വേഷണം തുടരാൻ കോടതി നിർദേശിച്ചു. പുതിയ പാത തെളിച്ച് സി.ബി.ഐയ്ക്കു മുന്നോട്ടു പോകാൻ കഴിഞ്ഞോ എന്നു വ്യക്തമല്ല. ജെയിംസിനെ വല്ലപ്പോഴും വിളിച്ച് സി.ബി.ഐ ഉദ്യോഗസ്ഥർ സംശയങ്ങൾ ചോദിക്കാറുണ്ട്.

കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക് കോളേജ് ബി.കോം വിദ്യാർത്ഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ കാണാതാകുമ്പോൾ ഇരുപത് വയസായിരുന്നു. പകൽ വെളിച്ചത്തിൽ ഒരു കാേളേജ് വിദ്യാർത്ഥിനി അപ്രത്യക്ഷമായത് വിലയ കോലാഹലമുണ്ടാക്കി. സമർത്ഥരായ ഉദ്യോഗസ്ഥർ അന്വേഷണ ചുമതലയിലുണ്ടായിരുന്നിട്ടും ഒരു തുമ്പും കണ്ടെത്താനാകാത്തത് പൊലീസിനും ക്രൈംബ്രാഞ്ചിനും നാണക്കേടായി മാറിയിരുന്നു. ജെസ്നയെപ്പറ്റി നിർണായക വിവരങ്ങൾ ലഭിച്ചെന്നു പറഞ്ഞ് അന്വേഷണ മേൽനോട്ടം വഹിച്ചിരുന്നവർ വാർത്തകളിൽ നിറഞ്ഞ് ഉദ്വേഗം സൃഷ്ടിച്ച് ജോലിയിൽ നിന്ന് വിരമിച്ചു.


ജെസ്നയുടെ ബന്ധുക്കളുടെ ഹർജിയിൽ ഹൈക്കോടതി സി.ബി.ഐയെ കേസ് ഏല്പിച്ചിട്ട് മൂന്നു വർഷം പിന്നിട്ടു. മൊഴിയെടുപ്പും ചോദ്യം ചെയ്യലുമായി മുന്നോട്ടുപോയ സി.ബി.ഐ ഇലന്തൂർ നരബലി കേസിലെ പ്രതികളുമായി ജെസ്ന തിരോധാനക്കേസിന് ബന്ധമുണ്ടോയെന്നും അന്വേഷിച്ചു. അത്തരം ആളുകളുമായി ജെസ്ന ബന്ധപ്പെട്ടിട്ടില്ലെന്ന നിഗമനത്തിലെത്തി. എന്നാൽ, ക്രിസ്ത്യൻ വിഭാഗങ്ങളിലെ ചിലർ നടത്തുന്ന വ്യാഴാഴ്ച കൂട്ടായ്മകളിൽ ജെസ്ന പങ്കെടുത്തിരുന്നതായി പിതാവ് ജെയിംസ് വെളിപ്പെടുത്തിയത് പുതിയ വഴിത്തിരിവായി. ജെസ്നയെ വ്യാഴാഴ്ച പ്രാർത്ഥനയിലേക്ക് കൂട്ടിക്കൊണ്ടുപോയ സുഹൃത്തിനെയാണ് പിതാവ് സംശയിക്കുന്നത്. ജെസ്നയെ കാണാതായതിനു പിന്നാലെ സഹോദരനും പിതാവും പൊലീസിനു നൽകിയ മൊഴിയിൽ ഒരു സഹപാഠിയെപ്പറ്റി സൂചിപ്പിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും നുണപരിശോധനയിൽ നിന്നും ജെസ്നയുടെ തിരോധാനത്തിൽ പങ്കില്ലെന്ന് തെളിഞ്ഞിരുന്നു.


എല്ലാ സാദ്ധ്യതയും പരിശോധിച്ചു

വ്യാഴാഴ്ച പ്രാർത്ഥനയിലേക്ക് ജെസ്നയെ കൂട്ടിക്കൊണ്ടുപോയത് മറ്റൊരു സുഹൃത്താണെന്ന് ബന്ധുക്കൾ പറയുന്നു. മൊബൈൽ ഫോൺ എടുക്കാതെയാണ് ജെസ്ന വീട്ടിൽ നിന്നു പോയത്. ഫോണിൽ വിശദ പരിശോധന നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. ഈ കേസിനു വേണ്ടി പ്രത്യേക സൈബർ ടീമിനെ നിയോഗിച്ച് ലക്ഷത്തിലേറെ ഫോൺ കാളുകളും മെസേജുകളും പരിശോധിച്ചു. സംശയിക്കത്തക്കതായി ഒന്നും കിട്ടിയില്ല. ജെസ്നയുടെ സഞ്ചാര പാത, ഫോൺ വിവരങ്ങൾ, സൗഹൃദങ്ങൾ, വസ്ത്രങ്ങൾ, പുസ്തകങ്ങൾ, വീട്ടിലെ സാഹചര്യങ്ങൾ തുടങ്ങിയവയൊക്കെ പരിശോധിച്ച സി.ബി.ഐ അവസാനം എത്തി നിൽക്കുന്നത് ലോക്കൽ പൊലീസ്, ക്രൈംബ്രാഞ്ച് കണ്ടെത്തലുകളിൽത്തന്നെയാണ്! രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസിയായ സി.ബി.ഐ രാഷ്ട്രീയ പ്രാധാന്യമില്ലാത്ത തിരോധാ നങ്ങളും കൊലക്കേസുകളും നീട്ടിക്കൊണ്ടു പോകാറില്ല. ജെ സ്ന കേസിൽ ഭീകരവാദ ബന്ധം, കൊലപാതകം എന്നീ സൂചനകൾ കിട്ടിയിരുന്നെങ്കിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് നൽകുമായിരുന്നില്ല.


കേസ് ആദ്യം അന്വേഷിച്ച തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുളള ലോക്കൽ പൊലീസ് ടീമംഗങ്ങൾ ചില നിഗമനങ്ങളിലെത്തിയിരുന്നു. മുണ്ടക്കയം വരെ ബസിൽ സഞ്ചരിച്ച ജെസ്ന വനത്തിനുള്ളിൽ എവിടെയോ ചെന്ന് ജീവനൊടുക്കിയിട്ടുണ്ടാകാമെന്നായിരുന്നു സംഘത്തിന്റെ വിലയിരുത്തൽ. മൃതദേഹങ്ങൾ വന്യമൃഗങ്ങൾ ഭക്ഷിച്ചുണ്ടാകുമെന്നാണ് അവരുടെ സംശയം. പക്ഷെ, ഇക്കാര്യങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കണമെങ്കിൽ സാധൂകരിക്കാൻ കഴിയുന്ന തെളിവുകൾ ഹാജരാക്കണം. എരുമേലി, മുണ്ടക്കയം ഭാഗങ്ങളിൽ വനപാലകരുടെ സഹകരണത്തോടെ ദിവസങ്ങളോളം ജെ സ്നയ്ക്കായി അന്വേഷണസംഘം തിരച്ചിൽ നടത്തി. ജെ സ്ന കൊല്ലപ്പെടാനുള്ള സാദ്ധ്യത അവർ തള്ളി. കൊല്ലപ്പെട്ടിരുന്നെങ്കിൽ എന്തെങ്കിലും തുമ്പുകൾ ലഭിക്കുമായിരുന്നത്രെ.


തീരാത്ത തുടർക്കഥ

അന്വേഷണം നീണ്ടതോടെ ആ പെൺകുട്ടിയെപ്പറ്റി കഥകൾ പലതും പുറത്തിറങ്ങി. ജെസ്ന ബംഗളൂരുവിലുണ്ടെന്നും ഗർഭിണിയാണെന്നും പ്രചരിച്ചു. ഐസിസ് ഭീകരരുടെ വലയിൽ അകപ്പെട്ട് സിറിയയിലെത്തിയെന്ന് മറ്റൊരു കഥ. ലൗ ജിഹാദിന്റെ ഇരയെന്നും പ്രചരിച്ചു. ബംഗളൂരുവിലും ചെന്നൈയിലും ഗോവയിലുമൊക്കെ അന്വേഷണ സംഘമെത്തി. കത്തിക്കരിഞ്ഞതും അജ്ഞാതവുമായ മൃതദേഹങ്ങളും പരിശോധിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലും വിമാനത്താവളങ്ങളിലും വിവര ശേഖരണ പെട്ടികൾ വച്ചെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങൾ ലഭിച്ചില്ല.


ഇതിനിടയിലാണ് സി.ബി.ഐയെ കേസ് ഏല്പിച്ചത്. ജെസ്നയുടെ തിരോധാനം പ്രമാദമായ കേസായതിനാൽ പലരും പബ്ളിസിറ്റിക്കു വേണ്ടിയും പകപോക്കാനും സംഭവത്തെ ഉപയോഗിച്ചു. ഏറ്റവും ഒടുവിൽ, മുണ്ടക്കയത്തെ ലോഡ്ജിൽ ജെ സ്ന എത്തിയെന്ന ജീവനക്കാരിയുടെ വെളിപ്പെടുത്തലായി പുറത്തു വന്ന വിവരങ്ങൾ, ലോഡ്ജ് ഉടമയും ജീവനക്കാരിയും തമ്മിലുണ്ടായ തർക്കത്തിന്റെ ഭാഗമാണെന്ന് സി.ബി.ഐയും ജസ്നയുടെ പിതാവും സംശയിക്കുന്നു. ജെ സ്ന ജീവിച്ചിരിക്കാൻ സാദ്ധ്യതയില്ലെന്നാണ് ജെയിംസ് പറഞ്ഞിട്ടുള്ളത്. ആരും കാണാത്ത ലോകത്തേക്ക് അവളെ തള്ളിവിട്ടെങ്കിൽ അത് ആരാണെന്നതിനുള്ള മറുപടിയാണ് ബന്ധുക്കൾക്കും സമൂഹത്തിനും കിട്ടേണ്ടത്.

TAGS: ISIS, LATEST NEWS IN MALAYALAM, KERALA, JESNA CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.