വെള്ളരിക്കുണ്ട്: വീടിനു സമീപത്തെ വിറക് ഷെഡിൽ രാജവെമ്പാലയെ കണ്ടെത്തി. ഉടുമ്പിനെ വിഴുങ്ങുന്ന നിലയിലായിരുന്നു രാജവെമ്പാല. മാലോം പറമ്പ റേഷൻ കടക്ക് സമീപത്തെ ബി.എസ്.എഫ് ജവാൻ സെബാസ്റ്റ്യന്റെ വീടിന് സമീപത്തെ വിറക് സൂക്ഷിക്കുന്ന ഷെഡിലാണ് വലിയ രാജവെമ്പാലയെ കണ്ടെത്തിയത്.
രാവിലെ 10 മണിയോടെ കുട്ടികൾ സ്കൂളിലേക്ക് പോകാൻ പുറത്തിറങ്ങിയപ്പോൾ കുട്ടികളാണ് ആദ്യം കണ്ടത്. വനപാലകർ സ്ഥലത്തെത്തി ഉച്ചക്ക് 12 മണിയോടെ 10 മിനിറ്റ് നേരത്തെ പരിശ്രമത്തിൽ പാമ്പിനെ പിടികൂടി. മൂന്ന് വയസുള്ള ആൺരാജവെമ്പാലയാണിത്. പത്തടി നീളമുണ്ട്. പാമ്പിനെ മഞ്ജുച്ചാൽ വനത്തിൽ ഉപേക്ഷിക്കുമെന്ന് വനപാലകർ പറഞ്ഞു.
രാജവെമ്പാലയുടെ സാന്നിധ്യം ഇല്ലാത്ത പ്രദേശത്താണ് പാമ്പിനെ കണ്ടത്. മലവെള്ള പാച്ചിലിനൊപ്പം കോട്ടഞ്ചേരി വനത്തിൽ നിന്നും ഒഴുകിയെത്തിയതാണെന്ന് സംശയിക്കുന്നു. കൊന്നക്കാട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും റസ്ക്യൂ ടീം ബീറ്റ് സ്റ്റാഫ് അംഗങ്ങളായ അനൂപ് ചീമേനി, നിഥിൻ, നിഷ, സന്തോഷ്, രതീഷ്, അജിത്ത്, യഥു എന്നിവരും ചേർന്നാണ് രാജവെമ്പാലയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |