ചരിത്ര നേട്ടവുമായി ഇന്ത്യ
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം ചരിത്രത്തിലാദ്യമായി 70,000 കോടി ഡോളർ കവിഞ്ഞു. തുടർച്ചയായ ഏഴാം വാരമാണ് ഇന്ത്യയുടെ വിദേശ നാണയ ശേഖരം റെക്കാഡ് പുതുക്കി കുതിക്കുന്നത്. വിദേശ നാണയ ശേഖരത്തിൽ ലോക രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ഡോളറിന്റെയും സ്വർണത്തിന്റെയും മൂല്യ വർദ്ധനയാണ് ഗുണമായത്. ഇതോടൊപ്പം രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വിപണിയിൽ നിന്ന് ഡോളർ വാങ്ങിയതും അനുകൂലമായി. സെപ്‌തംബർ 17ന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 1,260 കോടി ഡോളർ വർദ്ധനയോടെ 70,489 കോടി ഡോളറിലെത്തി. കഴിഞ്ഞ വർഷം ജൂലായ് മാസത്തിന് ശേഷം വിദേശ നാണയ ശേഖരത്തിലെ ഏറ്റവും വലിയ പ്രതിവാര വർദ്ധനയാണിത്.
2013 മുതലാണ് ഇന്ത്യ വിദേശ നാണയ ശേഖരം മെച്ചപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചത്.
അവലോകന കാലയളവിൽ 780 കോടി ഡോളറാണ് റിസർവ് ബാങ്ക് വിപണിയിൽ നിന്ന് വാങ്ങിയത്. സ്വർണ ശേഖരത്തിന്റെ മൂല്യം 200 കോടി ഡോളർ ഉയർന്ന് 6,570 കോടി ഡോളറിലെത്തി.
വിദേശ നാണയ ശേഖരത്തിലെ പ്രബലർ
രാജ്യം വിദേശ നാണയ ശേഖരം
ചൈന 3.28 ലക്ഷം കോടി ഡോളർ
ജപ്പാൻ 1.3 ലക്ഷം കോടി ഡോളർ
സ്വിറ്റ്സർലൻഡ് 89,000 കോടി ഡോളർ
ഇന്ത്യ 70,489 കോടി ഡോളർ
റഷ്യ 59,022 കോടി ഡോളർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |