വെമ്പായം: എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണയിൽ പാസായതോടെ വെമ്പായം ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസിന് ഭരണം നഷ്‌ടമായി. പഞ്ചായത്ത് പ്രസിഡന്റ് ബീന ജയനും വൈസ് പ്രസിഡന്റ് ജഗന്നാഥനുമെതിരെയായിരുന്നു അവിശ്വാസ പ്രമേയം.
മൂന്ന് ബി.ജെ.പി അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്‌തു. കോൺഗ്രസ് അംഗങ്ങളും എസ്.ഡി.പി.ഐയിലെ അംഗവും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 21 അംഗങ്ങളുള്ള വെമ്പായം ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിന് ഒമ്പതും കോൺഗ്രസിന് എട്ടും ബി.ജെ.പിക്ക് മൂന്നും എസ്.ഡി.പി.ഐക്ക് ഒരംഗവുമാണുള്ളത്. നേരത്തെ എസ്.ഡി.പി.ഐ അംഗം പിന്തുണച്ചതോടെ നറുക്കെടുപ്പിലൂടെയാണ് ബീന ജയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
രണ്ടുമാസം മുമ്പ് പഞ്ചായത്ത് ഓഫീസിലുണ്ടായ തീപിടിത്തത്തിൽ പൊതുമരാമത്ത് വിഭാഗത്തിലെ ഫയലുകൾ കത്തിനശിച്ചിരുന്നു. പഞ്ചായത്ത് പരിധിയിലെ കുന്ന് ഇടിച്ചുനിരത്തിയതുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിന് പിന്നിൽ നിലവിലെ ഭരണസമിതിയാണെന്ന് സി.പി.എം ആരോപിച്ചിരുന്നു. പിന്നാലെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |