നിലമ്പൂർ: ഇളംങ്കാറ്റ് പോലെ ആരംഭിച്ച് കൊടുങ്കാറ്റായി മാറിയ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തോടെ പരിസമാപ്തി കുറിച്ചിരിക്കുകയാണ്. പിതാവ് ആര്യാടൻ മുഹമ്മദിന്റെ വഴിയേ നിലമ്പൂർ മണ്ഡലം ആര്യാടൻ ഷൗക്കത്തിനെ നിയമസഭയിൽ എത്തിച്ചു. ആദ്യ റൗണ്ടുകളിൽ തന്നെ വ്യക്തായ ഭൂരിപക്ഷം നേടിയ ഷൗക്കത്ത് ഒരിക്കൽ പോലും പിന്നിൽ പോയില്ലെന്നത് ഇടതുപക്ഷത്തിനേറ്റ എറ്റവും വലിയ തിരിച്ചടിയാണ്. ആദ്യം എണ്ണിയ വഴിക്കടവിൽ യുഡിഎഫിന് ലീഡ് കുറഞ്ഞെങ്കിലും പിന്നീട് അങ്ങോട്ട് മുന്നേറ്റത്തിന്റെ മിനിറ്റുകളായിരുന്നു.
പിണറായിസത്തിനെതിരെ ഇറങ്ങിയ പിവി അൻവറിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് യുഡിഎഫിലെ ചിലരും എൽഡിഎഫും കരുതിയെങ്കിലും ആ കണക്കുകൂട്ടലുകളും തെറ്റി. തൃണമൂൽ കോൺഗ്രസിന്റെ പിന്തുണയോടെ മത്സരത്തിന് ഇറങ്ങിയ പിവി അൻവർ 19,760 വോട്ടുമായി കരുത്ത് കാട്ടി. രണ്ടാം സ്ഥാനത്തിന്റെ ആശ്വാസമുണ്ടെങ്കിലും എം സ്വരാജിന്റെ തോൽവി പിണറായി സർക്കാരിന് ഏറ്റ തിരിച്ചടിയായി രാഷ്ട്രീയ ലോകം കാണും. വിജയം മാത്രം ലക്ഷ്യം വച്ച് പാർട്ടിയിലെ കരുത്തനെ ഇറക്കിയ എൽഡിഎഫിന് പിഴച്ചതെവിടെയാണെന്ന ചോദ്യമാണ് ഇനി ഉയരുക.
സ്വരാജിന്റെ സ്ഥാനാർത്ഥിത്വം
പിവി അൻവറിനെ കൊടും വഞ്ചകനെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ എം സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരിതെളിയിച്ചത്. മണ്ഡലത്തിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പാർട്ടി നിലമ്പൂർകാരനായ സ്വരാജിലേക്ക് എത്തിയതെന്ന അഭ്യൂഹം ആ സമയത്ത് പരന്നിരുന്നു. പിവി അൻവർ ഉയർത്തിയ വെല്ലുവിളിക്ക് പകരം പാർട്ടിയിലെ കരുത്തൻ വേണമെന്ന ആവശ്യം ഉയർന്നതോടെയാണ് പാർട്ടി ചിഹ്നത്തിൽ സ്വരാജിനെ മത്സരിപ്പിച്ചത്. അണികൾക്കിടയിൽ പിണറായി കഴിഞ്ഞാൽ ഏറ്റവും ഫാൻബേസുള്ള നേതാവാണ് സ്വരാജ്. എന്നാൽ ഫലം വന്നപ്പോൾ പ്രമുഖനും കാലിടറി. സ്വരാജിന് പാർട്ടിയിലുണ്ടായ മുഖം ജനങ്ങളിലേക്ക് എത്തിക്കാൻ എൽഡിഎഫിന് കഴിഞ്ഞില്ല. അണികളും ആവേശവും മണ്ഡലത്തിലെ കരുത്തുറ്റ പ്രചാരണവും എന്തുകൊണ്ട് വോട്ടായില്ലെന്ന ചോദ്യം മാത്രം ബാക്കി.
എൽഡിഎഫ് ശക്തികേന്ദ്രങ്ങളിലും രക്ഷയില്ല
എം സ്വരാജിന്റെ പഞ്ചയത്തായ പോത്തുകല്ലിൽ പോലും ആര്യാടൻ ഷൗക്കത്ത് വലിയ കുതിപ്പാണ് നടത്തിയത്. എൽഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ പോലും ആര്യാടൻ കൃത്യമായ മുന്നേറ്റം നടത്തി. ഇടത് കേന്ദ്രങ്ങളെ പോലും ഞെട്ടിച്ച് ആര്യാടന്റെ കരുത്ത് കാട്ടിയ റൗണ്ടായിരുന്നു പത്താമത്തേത്. എൽഡിഎഫ് ഭരിക്കുന്ന നിലമ്പൂർ മുനിസിപ്പാലിറ്റിയിലേക്ക് എത്തിയതോടെ ആര്യാടന്റെ ലീഡ് പതിനായിരം കടന്നു. സിപിഎമ്മിലെ ഏറ്റവും ശക്തനായ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെ തോൽവി വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനും സാദ്ധ്യത ഏറെയാണ്.
ഭരണവിരുദ്ധ വികാരം തിരിച്ചടിയായോ?
രണ്ടാം പിണറായി സർക്കാരിന്റെ അവസാന കാലത്തിലേക്ക് അടുക്കുമ്പോഴാണ് നിലമ്പൂരിൽ എൽഡിഎഫിന് തിരിച്ചടി കിട്ടിയത്. അതുകൊണ്ട് ഭരണവിരുദ്ധ വികാരം ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചെന്ന് പറയേണ്ടിവരും. നഷ്ടപ്പെട്ടത് ഒരു സിറ്റിംഗ് സീറ്റായതുകൊണ്ട് തന്നെ മുന്നണിക്കുണ്ടായ ആഘാതം ചെറുതല്ല. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും ഒരു പിണറായി തുടർഭരണം പ്രതീക്ഷിച്ചെങ്കിലും അത് അത്ര എളുപ്പമല്ല. മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിർന്ന നേതാക്കളും ക്യാമ്പ് ചെയ്തുകൊണ്ടാണ് നിലമ്പൂർ പ്രചരണത്തിന് നേതൃത്വം നൽകിയത്. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പ് തോൽവി മുഖ്യമന്ത്രി പിണറായി വിജയനും ഒരർത്ഥത്തിൽ കനത്ത തിരിച്ചടിയാണെന്ന് വേണം പറയാൻ.
ചക്കിന് വച്ചത് കൊക്കിന് കൊണ്ടു
തിരഞ്ഞെടുപ്പ് പ്രചാരണം മൂർദ്ധന്യത്തിലെത്തിയപ്പോഴായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്റെ നാക്കുളുക്കിയത്. അടിയന്തരവാസ്ഥക്കാലത്തെ ചില ബാന്ധവങ്ങളുടെ കേൾക്കാ കഥകൾ അദ്ദേഹം അഭിമുഖത്തിൽ വച്ച് കാച്ചി. അടിയന്തരാവസ്ഥ കാലത്ത് ആർഎസ്എസുമായി സഹകരിച്ചെന്ന തരത്തിലുള്ള ആ പരാമർശം ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിച്ചെന്ന വിലയിരുത്തലുകളും ഇനി പുറത്തുവന്നേക്കാം. സിപിഎമ്മിന്റെ ചില നിലപാടുകളെ കുറിച്ച് പറയാനാണ് അദ്ദേഹം ചരിത്രവഴിയേ സഞ്ചരിച്ചതെങ്കിലും 'ചക്കിന് വച്ചത് കൊക്കിന് കൊണ്ട' പരുവത്തിലായി.
രാവിലെ പാർട്ടി സെക്രട്ടറി നടത്തിയ പരാമർശം വൈകിട്ട് തിരുത്താൻ മുഖ്യമന്ത്രി തന്നെ വാർത്താസമ്മേളനം നടത്തേണ്ടി വന്നു. വോട്ടെടുപ്പിന് തലേദിവസം പാർട്ടി സെക്രട്ടറി നടത്തിയ തുറന്നുപറച്ചിലിലെ ബാന്ധവ പരാമർശങ്ങൾ മുഖ്യമന്ത്രി വൈഭവപൂർവ്വം തിരുത്തി. പക്ഷെ തിരുത്തലിനും വളരെ മുമ്പേ തന്നെ സെക്രട്ടറിയുടെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായി. ഇതിന്റെ പേരിൽ ഇടതുപക്ഷത്തെ കുത്തി നോവിക്കാൻ, പ്രതിപക്ഷ നേതാവിന്റെ പ്രതിദിന വാർത്താസമ്മേളനങ്ങളുടെ എണ്ണത്തിൽ ചെറിയ വർദ്ധനവും വരുത്തി. മുഖ്യമന്ത്രിയുടെ 'തിരുത്തൽവാദ' ത്തിന് പിന്നാലെ വാവിട്ടുപോയ വാക്കുകളെല്ലാം ഗോവിന്ദൻ തിരിച്ചുവിളിച്ചു വിഴുങ്ങി.
മണ്ഡലത്തിലെ പ്രശ്നങ്ങൾ ഉയർത്തി പ്രചരണം
യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി ബന്ധമാണ് അവസാന നിമിഷവും എൽഡിഎഫ് തുറുപ്പുചീട്ടാക്കിയത്. പ്രമുഖ നേതാക്കൾക്ക് പുറമെ പത്ത് മന്ത്രിമാരും മണ്ഡലത്തിൽ സജീവമായി. 'സമാധാനത്തിന് മതനിരപേക്ഷ നിലമ്പൂർ' എന്ന മുദ്രാവാക്യവുമായി 40ഓളം കേന്ദ്രങ്ങളിൽ കൺവെൻഷനുകൾ സംഘടിപ്പിച്ചു. സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് മന്ത്രിമാരുടെ വോട്ടഭ്യർത്ഥന നടത്തിയത്.
എന്നാൽ വിവാദങ്ങളിലേക്ക് പോകാതെ വികസന കാര്യങ്ങൾ ചർച്ചയാക്കാൻ യുഡിഎഫ് ശ്രമിച്ചു. കൂടാതെ വന്യമൃഗശല്യം മുഖ്യമായും ഉയർത്തി. ക്ഷേമ പെൻഷൻ കുടിശ്ശിക വിഷയം, മണ്ഡലത്തിന്റെ വികസന പിന്നാക്കാവസ്ഥ, ആശാസമരം, പിഎസ്‌സി നിയമനങ്ങൾ നടക്കാത്തത് തുടങ്ങിയവ ആണ് കുടുംബസംഗമങ്ങളിലും കൺവെൻഷനുകളിലും ഉയർത്തിയത്. യുഡിഎഫിന്റെ ഈ പ്രചാരണ രീതി മണ്ഡലത്തിൽ ഗുണം ചെയ്‌തെന്ന് വേണം കരുതാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |