കൊച്ചി: ഉരുൾപൊട്ടൽ ദുരന്തം നേരിട്ട വയനാടിന് ധനസഹായം അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി. ദേശീയ ദുരന്തനിവാരണനിധി, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നിവയിൽ നിന്നുള്ള ഫണ്ട് എപ്പോൾ നൽകാനാകുമെന്നതടക്കം അറിയിക്കണം.
അതേസമയം, കേന്ദ്രസഹായംതേടി കേരള സർക്കാർ സമർപ്പിച്ച നിവേദനത്തിലെ തുക എങ്ങനെ കണക്കാക്കിയെന്ന് ഹൈക്കോടതി ചോദിച്ചു. ചെലവായ തുകയല്ലെന്നും എസ്റ്റിമേറ്റ് കണക്കാക്കിയതിൽ വിശദീകരണം നൽകാമെന്നും അഡ്വക്കേറ്റ് ജനറൽ മറുപടി നൽകി. കണക്കുകൾ പെരുപ്പിച്ചുകാട്ടിയെന്ന വിമർശനം അമിക്കസ്‌ക്യൂറി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റേതാണ് ഉത്തരവ്.
പ്രകൃതി ദുരന്തം നേരിട്ട മറ്റു സംസ്ഥാനങ്ങൾക്ക് കേന്ദ്രഫണ്ട് അനുവദിച്ചത് അമിക്കസ്‌ക്യൂറി ചൂണ്ടിക്കാട്ടി. തുടർന്നാണ് 18നകം നിലപാട് അറിയിക്കാൻ കോടതി അഡിഷണൽ സോളിസിറ്റർ ജനറലിനോട് നിർദ്ദേശിച്ചത്.
സംസ്ഥാന സർക്കാരിന്റെ അടിയന്തര സഹായമായ 10,000രൂപ, ഉപജീവന സഹായമായ 300 രൂപ, വീട്ടുവാടകയായ 6000രൂപ എന്നിവ കിട്ടാത്തവരും ഉണ്ടെന്ന് കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) അറിയിച്ചു. വയനാട് ജില്ലാഭരണകൂടത്തെ അറിയിച്ചിട്ടും മറുപടിയില്ലെന്നും പറഞ്ഞു. നടപടികളുടെ ഏകോപനമില്ലായ്മയിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. `ദുരന്തത്തിന്റെ തുടർനടപടികൾ മറ്റൊരു ദുരന്തമാവുകയാണ്' എന്ന കടുത്ത നിരീക്ഷണവും കോടതി നടത്തി. ഈ വിഷയം 11ന് പരിഗണിക്കും പുരോഗതി ആഴ്ചതോറും നിരീക്ഷിക്കുമെന്നും അറിയിച്ചു.കെൽസയെ കക്ഷിചേർത്തു. ദുരിതബാധിതർക്ക് നിയമസഹായം നൽകാൻ കോടതി കെൽസയെ ചുമതലപ്പെടുത്തിയിരുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസും പൊതുതാത്പര്യ ഹർജികളുമാണ് പരിഗണിക്കുന്നത്.
ക്വാറികളടക്കം
നിയന്ത്രിക്കണം
1. പരിസ്ഥിതിലോല മേഖലകളിൽ ക്വാറികളും നിർമ്മാണങ്ങളും നിയന്തിക്കണമെന്ന് കോടതി വ്യക്തമാക്കി. ഇവിടെയുള്ള ജനവാസ കേന്ദ്രങ്ങളിൽ വലിയതോതിൽ ഇളവുകൾ അനുവദിക്കരുത്. ഇക്കാര്യങ്ങൾ നിരീക്ഷിക്കാൻ സംസ്ഥാന, ജില്ലാ, ഡിവിഷൻ തലത്തിൽ രൂപീകരിച്ച വിജിലൻസ്- മോണിട്ടറിംഗ് സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണം. ജില്ലാ കളക്ടർമാർക്ക് പ്രതിമാസം റിപ്പോർട്ട് സമർപ്പിക്കണം.
2. ടൗൺഷിപ്പിൽ നിർമ്മാണപ്രവർത്തനം നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. പുനരധിവാസത്തിന് കൽപറ്റ, കോട്ടപ്പടി വില്ലേജുകളിലായി സർക്കാർ 87ഹെക്ടർ ഭൂമി കണ്ടെത്തിയെന്നും ടൗൺഷിപ്പ് നിർമ്മാണത്തിന് മന്ത്രിസഭ അനുമതി നൽകിയെന്നും അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് അറിയിച്ചു. 1110 കുടുംബങ്ങൾക്ക് 10സെന്റ് വീതമാണ് നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |