ടെൽ അവീവ്: ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെ മുൻ മേധാവി ഹസൻ നസ്രള്ളയുടെ പിൻഗാമിയാകുമെന്ന് കരുതുന്ന ഹാഷിം സഫീദിനെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം. ഇന്നലെ പുലർച്ചെ തെക്കൻ ബെയ്റൂട്ടിലെ ദാഹിയേയിൽ ഇയാളടക്കം ഹിസ്ബുള്ള അംഗങ്ങളുടെ യോഗം നടന്ന ഇന്റലിജൻസ് ആസ്ഥാനത്ത് ഇസ്രയേൽ ബോംബിട്ടു. സഫീദിൻ കൊല്ലപ്പെട്ടോ എന്ന് വ്യക്തമല്ല. സെപ്തംബർ 27ന് സമാന ആക്രമണത്തിലാണ് നസ്രള്ളയെ വധിച്ചത്. സഫീദും നസ്രള്ളയ്ക്കൊപ്പമുണ്ടായിരുന്നെന്നും ഇയാൾ രക്ഷപ്പെട്ടെന്നും പ്രചരിച്ചിരുന്നു. ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗൺസിൽ മേധാവിയാണ് നസ്രള്ളയുടെ അടുത്ത ബന്ധുവായ സഫീദിൻ.
'മുട്ടുമടക്കില്ല, ഒന്നിക്കണം'
അതേസമയം, ഇസ്രയേൽ അധികനാൾ ഉണ്ടാകില്ലെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ മുന്നറിയിപ്പ്. നസ്രള്ളയുടെ വധത്തിന് പ്രതികാരമായി ചൊവ്വാഴ്ച ഇറാൻ ഇസ്രയേലിൽ നടത്തിയ വ്യോമാക്രമണത്തെ വാഴ്ത്തുകയും ചെയ്തു. ഇസ്രയേലിന് നൽകിയ ശിക്ഷ ചെറുതാണെന്നും ഇറാനും സഖ്യകക്ഷികളും ഇസ്രയേലിന് മുന്നിൽ മുട്ടുമടക്കില്ലെന്നും ഇന്നലെ ടെഹ്‌റാനിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഖമനേയി പ്രഖ്യാപിച്ചു.
ശത്രുവിനെതിരെ മുസ്ലിം രാജ്യങ്ങൾ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തു. ഇസ്രയേലിനെ 'രക്തരക്ഷസ്" എന്നും യു.എസിനെ 'പേപ്പട്ടി" എന്നുമാണ് ഖമനേയി വിശേഷിപ്പിച്ചത്. 5 വർഷത്തിനിടെ ആദ്യമായാണ് ഖമനേയി പൊതുജനങ്ങളെ പങ്കെടുപ്പിച്ച് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്.
24 മണിക്കൂറിൽ 37 മരണം
ലെബനനിൽ ഇസ്രയേൽ ആക്രമണം രൂക്ഷം
ഇറാൻ വിദേശകാര്യ മന്ത്രി എത്തുന്നതിന് മണിക്കൂറുകൾ മുമ്പ് ബെയ്റൂട്ട് വിമാനത്താവളത്തിന് സമീപം സ്ഫോടനം
24 മണിക്കൂറിൽ 37 മരണം
ഹിസ്ബുള്ള കമ്മ്യൂണിക്കേഷൻ കമാൻഡർ ബെയ്റൂട്ടിൽ കൊല്ലപ്പെട്ടു
തിങ്കളാഴ്ച മുതൽ 250ലേറെ ഹിസ്ബുള്ള അംഗങ്ങളെ ഇല്ലാതാക്കി
ലെബനനും സിറിയയ്ക്കുമിടെയിലെ റോഡ് (മെസ്ന ക്രോസിംഗ്) തകർത്തു. ഇവിടെ ഹിസ്ബുള്ളയുടെ ഭൂഗർഭ ടണൽ തകർത്തെന്ന് ഇസ്രയേൽ
ഇസ്രയേലിനെ ലക്ഷ്യമാക്കിയ ഹിസ്ബുള്ള റോക്കറ്റുകളും തകർത്തു
30 തെക്കൻ ലെബനീസ് ഗ്രാമങ്ങളിൽ നിന്ന് ജനം ഒഴിയാൻ നിർദ്ദേശം
വെസ്റ്റ് ബാങ്കിലെ തുൽകാറമിൽ വ്യോമാക്രമണം. 18 മരണം. ഹമാസിന്റെ പ്രാദേശിക തലവനെ വധിച്ചു
ഗോലാൻ ഹൈറ്റ്സിലെ സൈനിക ബേസിൽ ഡ്രോൺ ആക്രമണത്തിൽ 2 ഇസ്രയേലി സൈനികർ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. ഇറാന്റെ പിന്തുണയുള്ള ഇറാക്കിലെ ഇസ്ലാമിക് റെസിസ്റ്റൻസ് ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിൽ
----------------------
ഇറാനിലെ എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണം ചർച്ച ചെയ്യുന്നുണ്ട്. മേഖലയിൽ തുറന്നയുദ്ധം ഉണ്ടാകില്ല.
- ജോ ബൈഡൻ, യു.എസ് പ്രസിഡന്റ്
തങ്ങളെ ആക്രമിച്ചാൽ ഇസ്രയേലിലെ ഊർജ്ജ, വാതക കേന്ദ്രങ്ങൾ തകർക്കും.
- അലി ഫദാവി, ഇറാൻ റെവലൂഷനറി ഗാർഡ് ഡെപ്യൂട്ടി കമാൻഡർ
----------------------
മൃതദേഹം സംസ്കരിച്ചു?
ഹസൻ നസ്രള്ളയുടെ മൃതദേഹം രഹസ്യ പ്രദേശത്ത് താത്കാലികമായി സംസ്കരിച്ചെന്ന് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |