സിനിമാമേഖലയിലെ എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യുമ്പോഴാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമാകുന്നതെന്ന് വ്യക്തമാക്കി നടി സ്വാസിക വിജയ്. റിപ്പോർട്ടിലുളള ലൈംഗികാതിക്രമ പരാതികൾ മാത്രമാണ് ഇതുവരെ വിവാദമായതെന്നും താരങ്ങളുടെ പ്രാഥമികാവശ്യങ്ങൾ അവഗണിക്കുകയാണെന്നും നടി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സ്വാസിക ചില കാര്യങ്ങൾ തുറന്നുപറഞ്ഞത്.
'നിയമപരമായി കുറ്റം തെളിഞ്ഞതിനുശേഷം ഒരാളെ കുറ്റപ്പെടുത്തുന്നതായിരിക്കാം ശരി. ഇപ്പോൾ എന്തെങ്കിലും കേൾക്കുമ്പോൾ നമ്മൾ പുരുഷൻമാരെയാണ് കുറ്റക്കാരാക്കുന്നത്. എപ്പോഴും അത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. രണ്ട് വശത്തുനിന്നും അന്വേഷിച്ചതിനുശേഷമാണ് നമ്മൾ അവരെ പഴിചാരേണ്ടതുളളൂ. സ്വാഭാവികമായും നിയമപരമായി അത് തെളിയിക്കാനുളള ക്ഷമ പോലും ആരും കാണിക്കുന്നില്ല.
സിനിമാമേഖലയിൽ മാത്രമല്ല ഇത്തരത്തിലുളള പ്രശ്നങ്ങൾ ഉളളതെന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി എല്ലാവർക്കും അറിയാം. എല്ലാ മേഖലകളിലും ഹേമാ കമ്മിറ്റി പോലുളള അന്വേഷണം വന്നാൽ ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിക്കും. പക്ഷെ അതിലേക്കൊന്നും ആളുകൾക്ക് പോകാൻ താൽപര്യമില്ല. ചിലരുടെ പരാതിയുമായി 100 ശതമാനവും ശരിയുണ്ടെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല. അവർ പറയുന്നതിൽ ഒരുപാട് കളളങ്ങൾ ഉണ്ടെന്നാണ് എനിക്ക് വ്യക്തിപരമായി തോന്നുന്ന കാര്യം. അങ്ങനെ പറയുന്നവരുടെ അഭിമുഖങ്ങൾ മാദ്ധ്യമങ്ങൾ വീണ്ടും വീണ്ടും എടുക്കാതിരിക്കുകയാണ് ചെയ്യേണ്ടത്.
കാരണം ഓരോ അഭിമുഖങ്ങളിൽ അവർ പുതിയ കാര്യങ്ങളാണ് പറയുന്നത്. പല പുതിയ പേരുകളും പറയുന്നുണ്ട്. പരാതിക്കാർ പറയുന്ന കാര്യത്തിലേ വ്യക്തതയില്ല. ചാനൽ റേറ്റിംഗിനുളള മത്സരത്തിനിടയിൽ ഇരയായി പോകുന്ന കുറച്ചധികം ആളുകളുണ്ട്. ചിലരുടെ പരാതി കേൾക്കുമ്പോൾ അതിൽ എന്തെങ്കിലും വാസ്തവം ഉണ്ടെന്ന് തോന്നും. പക്ഷെ ചിലരുടെ കേൾക്കുമ്പോൾ ദേഷ്യമാണ് വരുന്നത്. സ്ത്രീകൾക്ക് ഒരുപാട് ആനുകൂല്യങ്ങൾ നിയമം നൽകുന്നുണ്ട്. പക്ഷെ ചിലയാളുകൾ അതിനെ തെറ്റായി ഉപയോഗിക്കുന്നുണ്ട്.
ഹേമാ കമ്മിറ്റിയിലൂടെ ലൈംഗികാതിക്രമം മാത്രമാണ് ചർച്ചയായത്. വേറെ പലകാര്യങ്ങളും അതിൽ ചർച്ച ചെയ്യേണ്ടതുണ്ട്. അവയൊന്നും ഇതുവരെയായിട്ടും പുറത്തുവന്നിട്ടില്ല.എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമ്പോഴാണ് ഹേമാ കമ്മിറ്റിക്ക് പൂർണത ഉണ്ടാകുകയുളളൂ. ഒരു കാലത്ത് ഈ പരാതികളൊക്കെ നുണയാണെന്ന് തെളിഞ്ഞാൽ ആരോപിക്കപ്പെട്ടവരുടെ കുടുംബത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
കഥകൾ മെനയുകയാണല്ലോ? എല്ലാ സ്ത്രീകൾക്കും സ്വയം അഭിമാനമുണ്ടായിരിക്കണം. അത് ദുരുപയോഗം ചെയ്യാതിരിക്കുക. പ്രതികൾ തെറ്റ് ചെയ്തതുകൊണ്ട് താൻ പണം ചോദിച്ചുവെന്ന് പരാതിക്കാരി പറയുന്നത് ഞാൻ കേട്ടു. അപ്പോൾ അതിലൂടെ അഭിമാനമല്ലേ നഷ്ടപ്പെട്ടത്. സ്ത്രീകൾ വിചാരിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ 90 ശതമാനത്തിലധികവും പരിഹരിക്കാൻ സാധിക്കും.
സിനിമയിൽ പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിച്ചാൽ പല പ്രശ്നങ്ങളും തുടക്കം തന്നെ ഒഴിവാക്കാവുന്നതേയുളളൂ. എല്ലാ കാര്യത്തിലും സ്ത്രീകൾ മുൻപിലാണ്. പ്രതികരിക്കാൻ മാത്രം എന്തുകൊണ്ട് പിറകിലാകുന്നുവെന്ന് മനസിലാകുന്നില്ല. സിനിമയിലുളള എല്ലാവർക്കും ഒരു പേടി വന്നിട്ടുണ്ട്. അത് നല്ലതാണ്.അമ്മ സംഘടനയിൽ ഇങ്ങനെ നടന്നതിൽ വലിയ നിരാശയുണ്ട്'- താരം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |