ഹെെദരാബാദ്: പ്രായപൂർത്തിയാകാത്ത സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ സെപ്തംബറിലാണ് പ്രശസ്ത സിനിമാ ഡാൻസ് കൊറിയോഗ്രാഫർ ഷെയ്ഖ് ജാനി ബാഷ (ജാനി മാസ്റ്റർ ) അറസ്റ്റിലാകുന്നത്. ഇതിന് ഒരു മാസം മുൻപാണ് ധനുഷ് നായകനായ 'തിരുച്ചിത്രമ്പലം' എന്ന ചിത്രത്തിന് മികച്ച ഡാൻസ് കൊറിയോഗ്രാഫറിനുള്ള ദേശീയ അവാർഡ് ജാനി മാസ്റ്ററിനെ തേടിയെത്തുന്നത്. ഒക്ടോബർ എട്ടിന് ഡൽഹിയിൽ നടക്കുന്ന പരിപാടിയിലാണ് ദേശീയ അവാർഡ് വിതരണം ചെയ്യുന്നത്. അവാർഡ് ഏറ്റുവാങ്ങാൻ ജാനി മാസ്റ്റർക്ക് അടുത്തിടെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
എന്നാൽ ഇതിനിടെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ നാഷണൽ ഫിലിം അവാർഡ് സെൽ ജാനി മാസ്റ്ററിന് പ്രഖ്യാപിച്ച പുരസ്കാരം റദ്ദാക്കുകയായിരുന്നു. ജാനിക്കെതിരായ കേസിൽ അന്വേഷണം നടക്കുന്നതിനാൽ പ്രഖ്യാപിച്ച ദേശീയ അവാർഡ് സസ്‌പെൻഡ് ചെയ്തതായി പുറത്തിറക്കിയ പ്രസ്താവനയിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വ്യക്തമാക്കുന്നു. കൂടാതെ ഡൽഹിയിൽ വിജ്ഞാൻ ഭവനിൽ നടക്കുന്ന എഴുപതാമത് ദേശീയ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ ജാനി മാസ്റ്ററിന് നൽകിയ ക്ഷണവും പിൻവലിച്ചു.
'ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ഷെയ്ഖ് ജാനി ബാഷക്ക് നൽകാനിരുന്ന 2022ലെ മികച്ച കൊറിയോഗ്രാഫിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി റദ്ദാക്കാൻ കോമ്പീറ്റന്റ് അതോറിറ്റി തീരുമാനിച്ചു', - ഡെപ്യൂട്ടി ഡയറക്ടർ ഇന്ദ്രാണി ബോസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജാനിയുടെ ജാമ്യം റദ്ദാക്കുമെന്നാണ് സൂചന. ജാനി മാസ്റ്ററും സതീഷ് കൃഷ്ണനും സംയുക്തമായാണ് ദേശീയ അവാർഡ് നേടിയത്. ഇതിൽ സതീഷ് കൃഷ്ണ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ജനസേനാ പാർട്ടിയുടെ നേതാവ് കൂടിയാണ് ഷെയ്ഖ് ജാനി. കൂടെ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ പല ലോക്കേഷനുകളിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ജാനിക്കെതിരെ പോക്‌സോ കേസാണ് ചുമത്തിയിരിക്കുന്നത്. തെലങ്കാനയിലെ റായ്ദുർഗം പൊലീസ് സ്റ്റേഷനിലെത്തിയാണ് മുദ്രവച്ച കവറിൽ 21കാരി പരാതി നൽകിയത്. സംഭവം നടക്കുമ്പോൾ യുവതിക്ക് 16വയസേ ഉണ്ടായിരുന്നുള്ളൂ. അതിനാലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിൽ സജീവമാണ് ജാനി. പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്പലം എന്നീ സിനിമകളുടെ നൃത്തസംവിധായകൻ ജാനിയായിരുന്നു. ഷൂട്ടിംഗിനിടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ നിന്ന് തന്നെ തടയുന്നതായി ആരോപിച്ച് ജൂണിൽ ഡാൻസറായ സതീഷും ജാനിക്കെതിരെ പരാതി നൽകിയിരുന്നു. 2015ൽ ഒരു കോളജിൽ നടന്ന അക്രമത്തിന് 2019ൽ ജാനിയെ ഹൈദരാബാദിലെ പ്രാദേശിക കോടതി ആറുമാസം തടവിന് ശിക്ഷിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |