കൊച്ചി: കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിന്റെ ആദ്യകെട്ടിടത്തിലെ പ്രവർത്തനം പൂർണമായി ആരംഭിച്ചാൽ ഉപഗ്രഹ കേന്ദ്രങ്ങൾ ഉൾപ്പെടെ സമഗ്രമായ ചികിത്സാ പദ്ധതികളും നടപ്പാക്കും. കേന്ദ്രത്തിന്റെ പ്രവർത്തനപരിധിയിൽ രോഗനിർണയം, ബോധവത്കരണം തുടങ്ങിയവ കൂടി നടപ്പാക്കുകയാണ് ലക്ഷ്യം. കളമശേരിയിൽ സർക്കാർ മെഡിക്കൽ കോളേജിനോട് ചേർന്ന് നിർമ്മിക്കുന്ന ക്യാൻസർ സെന്റർ കെട്ടിടം ഉദ്ഘാടനത്തിനായി ഒരുങ്ങുകയാണ്. കെട്ടിടത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്.
കൊച്ചി ക്യാൻസർ സെന്ററും എറണാകുളം സർക്കാർ മെഡിക്കൽ കോളേജും തൊട്ടടുത്ത് പ്രവർത്തിക്കുന്നത് രോഗികൾക്ക് ഗുണകരമാകും. മെഡിക്കൽ കോളേജിലെത്തുന്നവരിൽ ക്യാൻസർ കണ്ടെത്തിയാലുടൻ ക്യാൻസർ സെന്ററിലേയ്ക്ക് മാറ്റാൻ കഴിയും. ക്യാൻസർ സെന്ററിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾക്ക് മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടായാലുടൻ മെഡിക്കൽ കോളേജിലെ സൗകര്യങ്ങളും സേവനങ്ങളും ഉപയോഗപ്പെടുത്താം. തിരുവനന്തപുരത്ത് റീജണൽ ക്യാൻസർ സെന്റർ ആരംഭിച്ചപ്പോൾ സമീപത്ത് മെഡിക്കൽ കോളേജുണ്ടായിരുന്നത് സഹായമായിരുന്നു. കണ്ണൂരിൽ മലബാർ ക്യാൻസർ സെന്റർ ആരംഭിച്ചപ്പോൾ സമീപത്ത് മികച്ച സർക്കാർ ആശുപത്രികൾ ഇല്ലാതിരുന്നത് ക്യാൻസർ രോഗികൾക്ക് ഇതരചികിത്സകൾ നേടാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
1. ഉപഗ്രഹകേന്ദ്രങ്ങൾ അന്യജില്ലകളിൽ
മദ്ധ്യകേരളത്തിലെ രോഗികൾക്ക് മികച്ചതും സൗജന്യവുമായ ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് കൊച്ചിയിൽ ക്യാൻസർ സെന്റർ ആരംഭിക്കുന്നത്. മറ്റ് ആശുപത്രികൾ റഫർ ചെയ്യുന്ന രോഗികളെയാണ് കൊച്ചിയിൽ ചികിത്സിക്കുക. എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലക്കാർക്കാണ് കൊച്ചി കേന്ദ്രം ഗുണകരമാകുക. ഈ ജില്ലകളിൽ രോഗികളെ കണ്ടെത്താൻ പ്രാഥമിക പരിശോധനകൾ, ബോധവത്കരണം, ക്യാമ്പുകൾ തുടങ്ങിയവ നടപ്പാക്കാനാണ് ഉപഗ്രഹകേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ക്യാൻസർ സാദ്ധ്യത കൂടുതലുള്ള ഇടുക്കി, പാലക്കാട് മേഖലകളിൽ രോഗനിർണയവും പ്രാഥമിക ചികിത്സയും അവിടെത്തന്നെ ലഭ്യമാക്കുകയാണ് ലക്ഷ്യം.
2. നൂതന ജനിതക ചികിത്സയും
ജനിതകകാരണങ്ങളാൽ ക്യാൻസർ ബാധിക്കുന്നവർക്ക് വ്യക്തിഗത പരിചരണം ലഭ്യമാക്കുന്നതിനും പദ്ധതിയുണ്ട്. ജനിതകനിർണയം നടത്തി രോഗസാദ്ധ്യത കണ്ടെത്തി നൂതനചികിത്സ നൽകുകയാണ് ലക്ഷ്യം. നേരത്തെ കണ്ടെത്തിയാൽ ചികിത്സയിലൂടെ രോഗം ഇല്ലാതാക്കാൻ കഴിയും. ജനിതകവ്യതിയാനങ്ങൾ കണ്ടെത്താനുള്ള അത്യാധുനിക സംവിധാനങ്ങൾ ക്യാൻസർ സെന്ററിൽ സ്ഥാപിക്കും.
ഏറ്റവും മികച്ച ചികിത്സ രോഗികൾക്ക് ലഭ്യമാക്കാനും രോഗപ്രതിരോധനത്തിനും ലക്ഷ്യമിടുന്ന പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.
ഡോ.പി.ജി. ബാലഗോപാൽ
ഡയറക്ടർ, കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ
സെന്റർ സൗകര്യങ്ങൾ
ആകെ കിടക്കകൾ 300
ഓപ്പറേഷൻ തിയേറ്റർ 10
റോബോട്ടിക് തിയേറ്റർ 1
കാഷ്വാലിറ്റി 1
പാലിയേറ്റീവ് കെയർ 1
കെട്ടിടം
ചെലവ് 450 കോടി രൂപ
വിസ്തീർണം 7 ലക്ഷം ചതുരശ്രയടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |