ഏതെങ്കിലും ഒരു രംഗത്ത് ചുവടുവച്ചുകഴിഞ്ഞാൽ ആ രംഗം മുഴുവൻ പിടിച്ചടക്കി തങ്ങളുടേത് മാത്രമാക്കുന്ന രീതിയാണ് റിലയൻസിന്റേത്. ജിയോ തന്നെയാണ് അതിന് ഏറ്റവും നല്ല ഉദാഹരണം. വളർച്ചയുടെ പടവുകൾ മാത്രം താണ്ടിക്കൊണ്ടിരിക്കുന്ന റിലയൻസ് സാധാരണക്കാരുമായി നേരിട്ട് ഇടപഴകുന്ന മറ്റൊരു മേഖലയിൽക്കൂടി സാന്നിദ്ധ്യമുറപ്പിക്കാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോർട്ട്. പലചരക്ക് സാധനങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ വസ്തുക്കൾ അതിവേഗം ഉപഭോക്താക്കൾക്ക് മുന്നിലെത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് രംഗത്ത് ചുവടുറപ്പിക്കാൻ റിലയൻസ് ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ട്. നിലവിൽ ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ്ബാസ്‌ക്കറ്റ് എന്നിവയാണ് ഈ രംഗത്തുള്ള വമ്പന്മാർ. ഇന്ത്യയിൽ ക്വിക്ക് കൊമേഴ്സ് അതിവേഗം വളരുകയാണ്. ഈ അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താനാണ് റിലയൻസിന്റെ ശ്രമം.
ക്വിക്ക് കൊമേഴ്സ് രംഗത്ത് ചുവടുവയ്ക്കുന്നിതിന്റെ പ്രാരംഭ പ്രവർത്തനമെന്നോണം റിലയൻസ് ഇതിനകം ജിയോ മാർട്ട് വഴി നവിമുംബയിലും ബംഗളൂരുവിലും പൈലറ്റ് പ്രോഗ്രാമുകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ രണ്ടിടങ്ങളിൽ മാത്രമാണ് തുടങ്ങിയതെങ്കിലും സമീപഭാവിയിൽ തന്നെ രാജ്യവ്യാപകമായി മാറ്റാനുള്ള ശ്രമത്തിലാണ് റിലയൻസ്. ഈ മാസം അവസാനത്തോടെ 1,150 നഗരങ്ങളിൽ സേവനം ലഭ്യമാക്കാനാണ് കമ്പനി ഒരുങ്ങുന്നത്.
ആദ്യഘട്ടത്തിൽ പലചരക്ക് രംഗത്തായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. തുടർന്ന് സ്മാർട്ട് ഫോണുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും ഫാഷൻ, സൗന്ദര്യ വർദ്ധക വസ്തുക്കളും ഞാെടിയിടയ്ക്കുള്ളിൽ വീട്ടുപടിക്കലെത്തിക്കാനുളള പദ്ധതിയും നടപ്പാക്കും. തങ്ങളുടെ വിശാലമായ നെറ്റ് വർക്ക് ഉപയോഗിച്ച് എതിരാളികൾക്ക് ആലോചിക്കാൻ പോലുമാകാത്ത വേഗത്തിൽ ഉപഭോക്താക്കൾക്ക് സാധനങ്ങൾ എത്തിച്ചുകൊടുക്കാൻ റിലയൻസിന് കഴിയും.
ഒരു ഓർഡർ ലഭിച്ചുകഴിഞ്ഞാൽ പരമാവധി പതിനഞ്ചുമിനിട്ടിനുള്ളിൽ സാധനം ഡെലിവറി ചെയ്യുകയാണ് ലക്ഷ്യം. നാമമാത്രമായ ഡെലിവറി ചാർജ് മാത്രമായിരിക്കും ഈടാക്കുക. ഇതിലൂടെ ഉല്പന്നത്തിന് പരമാവധി വിലകുറച്ച് നൽകാനും കഴിയും. ചിലപ്പോൾ ഡെലിവറി ചാർജ് പൂർണമായും ഒഴിവാക്കിയേക്കും എന്നും റിപ്പോർട്ടുണ്ട്. മറ്റുകമ്പനികൾക്കൊന്നും ഇത് ആലോചിക്കാൻ പോലും ആകില്ല.
ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ്ബാസ്‌ക്കറ്റ് തുടങ്ങിയ കമ്പനികൾ ക്വിക്ക് കൊമേഴ്സ് രംഗത്ത് കടന്നുവന്നതോടെ പരമ്പരാഗത സൂപ്പർമാർക്കറ്റുകൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. പലതും ജീവനക്കാരെയും ഔട്ട്‌ലെറ്റുകളെയും കുറച്ച് പിടിച്ചുനിൽക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ്. റിലയൻസ് കൂടി ക്വിക്ക് കൊമേഴ്സ് രംഗത്തേക്ക് കടന്നുവരുന്നതോടെ ഇതിൽ പലതിനും പൂട്ടുവീണേയ്ക്കും.
കൊവിഡ് മൂലം ജനങ്ങൾ വാതിൽപ്പടി ഡെലിവറിയും സേവനങ്ങളും തിരഞ്ഞെടുക്കാൻ നിർബന്ധിതരാക്കിയ വേളയിലാണ് ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് ആരംഭിച്ചത്. പലചരക്കുൾപ്പെടെ വീട്ടിലെ ആവശ്യങ്ങൾക്കായുള്ള സാധനങ്ങൾ മുക്കാൽ മണിക്കൂറിനുളളിൽ ആവശ്യക്കാരന് ലഭിക്കുന്ന രീതിയിലാണ് പ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |