കോട്ടയം: പക്ഷിപ്പനി, പിന്നാലെ പന്നിപ്പനി... തിരിച്ചടികളിൽ സഹികെട്ടുപോകുകയാണ് ജില്ലയിലെ കർഷകർ. നിയന്ത്രണങ്ങളും കർക്കശമാക്കിയതോടെ ഫാമുകൾ പൂട്ടി മേഖലയിൽ നിന്ന് പിൻവാങ്ങുകയാണ് കർഷകർ. ഇത് ക്രിസ്മസ്, ഈസ്റ്റർ വിപണിയിലും പ്രതിഫലിക്കും. ഇറച്ചിക്ഷാമം വിലവർദ്ധനവിന് കാരണമാകുന്നത് സാധാരണക്കാരെയും ബാധിക്കും. ഇതിനകം തന്നെ നിരവധി കർഷകർ താറാവ്, കോഴി, പന്നി വളർത്തൽ ഉപേക്ഷിച്ചു. അതേസമയം താറാവ് കർഷകരിൽ ചിലർ പാലക്കാട്, കോയമ്പത്തൂർ ഭാഗങ്ങളിലേയ്ക്ക് കൃഷി മാറ്റി. സ്വന്തം ഫാമിൽ രോഗമില്ലെങ്കിലും സമീപത്തെവിടെയെങ്കിലും രോഗം ബാധിച്ചാൽ കോഴികളെയും താറാവുകളെയും പന്നികളെയും കൊന്നൊടുക്കേണ്ടി വരും. 90 ദിവസത്തേയ്ക്ക് പിന്നീട് വളർത്താൻ കഴിയില്ല. കൊന്നൊടുക്കിയ വകയിൽ ലക്ഷക്കണക്കിന് രൂപ നഷ്ടപരിഹാരക്കുടിശികയുമാണ്.
ഗുണനിലവാരമില്ലാത്ത ഇറച്ചി വ്യാപകം
പന്നിവളർത്തൽ മേഖലയിലാണ് പ്രതിസന്ധി രൂക്ഷം. രോഗത്തിന്റെ പേരിൽ കർഷകർ പിൻവലിഞ്ഞതോടെ വില 380 രൂപയിൽ നിന്നു 400 രൂപയായി ഉയർന്നു. പലയിടങ്ങളിലും ഇറച്ചി കിട്ടാനില്ല. തമിഴ്നാട്ടിൽ നിന്നുമെത്തിക്കുന്ന ഗുണനിലവാരമില്ലാത്ത ഇറച്ചി വ്യാപകമാണ്. വൻകിട ഫാമുകൾ ഇറച്ചി കയറ്റി അയയ്ക്കുകയാണ്. കഴിഞ്ഞ ദിവസം ഭരണങ്ങാനം പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. പാലാ, ഈരാറ്റുപേട്ട നഗരസഭകളും മീനച്ചിൽ, കൊഴുവനാൽ,മുത്തോലി, ഭരണങ്ങാനംതിടനാട്, പൂഞ്ഞാർ, മൂന്നിലവ്, കരൂർ, മേലുകാവ് പഞ്ചായത്തുകളും നിരീക്ഷണ മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
പലയിടങ്ങളിലും പന്നിപ്പനിയ്ക്ക് സമാനമായ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിലും കൊന്നൊടുക്കേണ്ടി വരുമെന്ന ഭയത്താൽ കർഷകർ മൗനം പാലിക്കുന്നതായി ആക്ഷേപം.
ഈ വർഷം റിപ്പോർട്ട് ചെയ്തത്
പക്ഷിപ്പനി: 6 സ്ഥലങ്ങളിൽ
പന്നിപ്പനി: 2 സ്ഥലങ്ങളിൽ
നിയന്ത്രണം ഡിസംബർ 31വരെ
പക്ഷിപ്പനി തുടച്ചുനീക്കാൻ ഡിസംബർ 31 വരെ കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിൽ കടുത്ത നിയന്ത്രണമാണ്. പക്ഷികളെ കൊണ്ടുവരാനും കൊണ്ടുപോകാനും കഴിയില്ല. താറാവ് വളർത്തൽ പൂർണമായി നിലയ്ക്കുന്ന അവസ്ഥയാണ്. തമിഴ്നാട്ടിൽ നിന്നാണ് കോഴിക്കുഞ്ഞുങ്ങളെ എത്തിച്ചിരുന്നത്. കോഴിക്കുഞ്ഞുങ്ങൾ വരുന്നില്ലെങ്കിലും ഇറച്ചിക്കോഴി വില്പന തടസമില്ലാതെ തുടരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |