തൃശൂർ: എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് അത്ഭുതവും സന്തോഷവും നിറഞ്ഞതായിരുന്നു ആ നിമിഷം. കളക്ടറുടെ വിരുന്നുകാരായി എത്തിയ കുട്ടികൾ കളക്ടർ അർജുൻ പാണ്ഡ്യനോട് ഏറെനേരം സംവദിച്ചു. ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നടത്തുന്ന 'മുഖാമുഖം മീറ്റ് യുവർ' കളക്ടർ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അവർ.
വളരെ സ്‌നേഹത്തോടെ കുട്ടികളെ സ്വീകരിച്ചിരുത്തി വിശേഷങ്ങൾ ചോദിച്ചപ്പോൾ ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നീട് കുട്ടികൾ ആവേശത്തോടെ സംസാരിച്ചുതുടങ്ങി. സിവിൽ സർവീസ് നേടാൻ എന്തുചെയ്യണം, അതിലെ വെല്ലുവിളികൾ, കളക്ടർ വിവിധ മേഖലകളിൽ പ്രവർത്തിച്ചതിന്റെ അനുഭവങ്ങൾ തുടങ്ങിയവ പങ്കുവച്ചു.
വിദ്യാർത്ഥികൾ പൊതുവായ പ്രശ്‌നങ്ങളും തങ്ങളുടെ സ്‌കൂളിലെ പ്രശ്‌നങ്ങളും കളക്ടറുമായി സംസാരിച്ചു. വിദ്യാർത്ഥികൾ നേരിടുന്ന യാത്രാ പ്രശ്‌നം പരിഹരിക്കണമെന്നും സ്‌കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഗ്രൗണ്ട് നവീകരണത്തിനും ലാബ് സൗകര്യം വർദ്ധിപ്പിക്കാനും സഹായം നൽകണമെന്നും ആവശ്യപ്പെട്ടു.
ലഹരി ഉപയോഗവും ചർച്ചയായി
വർദ്ധിച്ചുവരുന്ന റോഡപകടങ്ങളും ലഹരി ഉപയോഗവും ചർച്ചയായി. ദുരന്തനിവാരണം, നീന്തൽ ക്ലാസുകൾ എന്നിവയിൽ പരിശീലനം ആവശ്യമാണെന്നും കുട്ടികൾ പറഞ്ഞു. യാത്രാ പ്രശ്‌നം പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ചചെയ്ത് ക്രമീകരണം ഒരുക്കുമെന്ന് കളക്ടർ പറഞ്ഞു. യാത്രാ സുരക്ഷ ഉറപ്പാക്കാൻ ബസ് ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകും. യാത്രാ പ്രശ്‌നം പരിഹരിക്കാൻ ആവശ്യമെങ്കിൽ കെ.എസ്.ആർ.ടി.സിയുടെ സ്‌പെഷ്യൽ സർവീസ് തുടങ്ങാൻ നടപടിയെടുക്കാമെന്നും കളക്ടർ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |