കോട്ടയം : പാടത്ത് നെല്ല് കുമിഞ്ഞു കൂടിയിട്ടും സംഭരണം എന്തെന്നില്ലാതെ നീളുന്നു. ജലാംശം കുറവായിട്ടും നെല്ലിന് കൂടുതൽ കിഴിവ് സ്വകാര്യമില്ലുകൾ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. നെല്ല് കൊടുക്കാൻ കർഷകർ തയ്യാറാകാതെ വന്നതോടെ ഏജന്റന്മാർ സ്ഥലംവിട്ടു. മഴയെ തുടർന്ന് കൊയ്ത് കൂട്ടിയ നെല്ല് കിളിർത്തും തുടങ്ങി. സംഭരണത്തിന് പുതിയ മില്ലുകളെ എത്തിക്കാത്ത സപ്ലൈകോ ഉദ്യോഗസ്ഥരുടെ ഉദാസീനതക്കെതിരെ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് കർഷകർ. കുമരകം തെക്കേമൂലേപ്പാടത്തെ നെല്ല് സംഭരണമാണ് തീരുമാനമാകാതെ കിടക്കുന്നു. അയ്മനം തിരുവാർപ്പ് പാടശേഖരങ്ങളിലടക്കം കൊയ്തു വരും ദിവസങ്ങളിൽ സജീവമാകും. മഴ ശക്തമായി സംഭരണം വൈകിയാൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് കർഷകർ പറയുന്നു.
ആവശ്യപ്പെടുന്നത് 20- 25 കിലോ കിഴിവ്
നെല്ലിന് 17 ശതമാനം വരെ ഈർപ്പം അനുവദനീയമാണെങ്കിലും , ഏജൻ്റുമാർ കളത്തിലെത്തി നടത്തിയ പരിശാേധനയിൽ 16.8 ശതമാനം ജലാംശം മാത്രമാണ് കണ്ടെത്താനായത്. എന്നാൽ ഒരു ക്വിന്റൽ നെല്ല് സംഭരിക്കുമ്പോൾ 20- 25 കിലോഗ്രാം കിഴിവ് (താര) നൽകണമെന്നാണ് മില്ലുകാർ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് കർഷകർ.
തെക്കേമൂലേപ്പാടം: 240 ഏക്കർ
സംഭരിക്കാൻ: 5000 ടൺ
കൊയ്ത്ത് യന്ത്രം, കൊയ്ത്തു കൂലി,ചുമട്ടുകൂലി, മില്ലുകൾക്കുള്ള താര തുടങ്ങി പലവിധ ചൂഷണങ്ങൾക്കും ഇരയായി കർഷകർ നിൽക്കുന്നു. നെൽകൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമാണുള്ളത്. ഉദ്യോഗസ്ഥർ മില്ലുടമകളുമായി ഒത്തുകളിക്കുന്നത് കണ്ടിട്ടും ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും ഇടപെടലുകളില്ല.
ശശിയപ്പൻ (നെൽകർഷകൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |