കൊച്ചി: അങ്കമാലി- കുണ്ടന്നൂർ ബൈപ്പാസിന്റെ സ്ഥലമേറ്റെടുപ്പിലെ അവ്യക്തത അവസാനിക്കുന്നില്ല. ഭൂമി ഏറ്റെടുപ്പ് ചട്ടങ്ങൾ, ഏറ്റെടുപ്പ് കാലാവധി തുടങ്ങിയ വിഷയങ്ങളിൽ അവ്യക്തത തുടരുന്നു.
സ്ഥലം ഏറ്റെടുക്കൽ 2013ലെ നിയമ പ്രകാരമായിരിക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിർദേശമുണ്ട്. എന്നാൽ, ഇവിടെ 1956ലെ ദേശീയപാതാ നിയമ പ്രകാരമാണോ സ്ഥലമേറ്റെടുക്കുന്നതെന്ന ആശങ്കയാണ് ഭൂവുടമകൾ പങ്കുവയ്ക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥർക്കോ ജില്ലാ ഭരണകൂടത്തിനോ നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തതയില്ല. വിപണി വിലയ്ക്ക് തുല്യമായി നഷ്ടപരിഹാരം വേണമെന്നതാണ് ജനങ്ങളുടെ ആവശ്യം.
ഏറ്റെടുക്കുന്നത് 290ലേറെ ഹൈക്ടർ
290.058 ഹെക്ടർ സ്ഥലമാണ് ബൈപ്പാസിനായി ഏറ്റെടുക്കുന്നത്. സ്ഥലമേറ്റെടുപ്പിനുള്ള 3എ വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു. ബൈപ്പാസ് കടന്നു പോകുന്ന 47 കിലോമീറ്റർ പ്രദേശത്ത് പലയിടത്തും പലതാണ് വിപണിവിലയെന്നതാണ് പ്രധാനപ്രശ്‌നം. ആലുവ, കണയന്നൂർ, കുന്നത്തുനാട് എന്നീ താലൂക്കുകളിലൂടെയാണ് എൻ.എച്ച് 544ന്റെ (സേലം-കൊച്ചി ദേശീയപാത) ഭാഗമായ ബൈപ്പാസ് കടന്നുപോകുന്നത്. അങ്കമാലി, കറുകുറ്റി, മറ്റൂർ, തിരുവാങ്കുളം, തെക്കുംഭാഗം, മരട്, കൂരിക്കാട്, ഐക്കരനാട് നോർത്ത്, അറയ്ക്കപ്പടി, മാറമ്പിള്ളി, പട്ടിമറ്റം, തിരുവാണിയൂർ, വടവുകോട്, വെങ്ങോല എന്നീ വില്ലേജുകളിൽ നിന്നാണ് സ്ഥലമെടുപ്പ്.
ആശങ്കയൊഴിയുന്നില്ല
നിലവിലെ ദേശീയപാതയിൽ നിന്ന് 10 കിലോമീറ്ററോളം മാറി കടന്നുപോകുന്ന പ്രദേശങ്ങൾ ജനവാസമേഖലകളാണ്. വീടും സ്ഥലവും പൂർണമായി നഷ്ടപ്പെടുന്നവരുടെ പുനരധിവാസം സംബന്ധിച്ചും ആശങ്ക പങ്കുവയ്ക്കുന്നവരും ഏറെയാണ്. സ്ഥലത്തുള്ള മരങ്ങൾ വെട്ടാനുള്ള അനുമതി ഭൂവുടമകൾക്ക്, പുതിയ സ്ഥലം വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനും രജിസ്‌ട്രേഷൻ, സ്റ്റാമ്പ് ഡ്യൂട്ടികൾ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളും ഭൂവുടമകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.
അങ്കമാലി- കുണ്ടന്നൂർ ബൈപാസ്
കടന്നു പോകുന്നത് ആലുവ, കണയന്നൂർ, കുന്നത്തുനാട് എന്നീ താലൂക്കുകളിലൂടെ
വില്ലേജുകൾ- 17
എൻ.എച്ച് 544ന്റെ (സേലം-കൊച്ചി ദേശീയപാത) ഭാഗം
ദൈർഘ്യം- 47 കിലോമീറ്റർ
ആരംഭം- അങ്കമാലി കരയാംപറമ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |