മുഹമ്മ: കാവുങ്കൽ ഗ്രാമീണയുടെ ചൊരിമണൽ കോർട്ടിൽ ഫുട്ബാൾ തട്ടിക്കളിച്ചുനടന്ന ലെനിൻ മിത്രൻ, കേരള ബീച്ച് ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായി വളർന്നത് ഏതൊരു കായിക പ്രേമിയേയും ആവേശത്തിലാക്കും. കുട്ടിക്കാലം മുതൽ ലെനിൻ മിത്രന് കാൽപ്പന്ത് കളി ലഹരിയായിരുന്നു. കെ.പി മെമ്മോറിയൽ യു.പി സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാവുങ്കൽ ഗ്രാമീണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ഫുട്ബാൾ കോർട്ടിൽ ആദ്യമായി കളിക്കാനിറങ്ങിയത്. സ്കൂളിൽ നിന്ന് വീട്ടിലെത്തിയാലുടൻ നേരെ കോർട്ടിലേയ്ക്ക്. അവിടെ മറ്റാരും എത്തും മുമ്പ് ഫുട്ബാൾ കാലിലെടുത്തും തലയിലെടുത്തും പരിശീലിക്കും. അതുകൊണ്ട്, പിന്നീട് എത്തുന്നവരെ തോൽപ്പിക്കാൻ ലെനിൻ മിത്രന് എളുപ്പമായിരുന്നു. അങ്ങനെ, കാൽപ്പന്ത് കളിയിൽ ലെനിൻ മിത്രൻ തിളങ്ങുന്ന താരമായി വളർന്നു.
എട്ടാം ക്ലാസിലായപ്പോൾ സ്പോർട്സ് കൗൺസിലിന്റെ മൂന്നാർ എച്ച്. എ.ടി യിൽ സെലക്ഷൻ കിട്ടി. അവിടെ മൂന്ന് വർഷം പഠിച്ചു. തുടർന്ന് സ്പോർട്സ് കൗൺസിലിന്റെ നിർദ്ദേശത്തിൽ തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്.എസ്.എസിൽ പഠിച്ചു.
ഇവിടങ്ങളിൽ നിന്ന് ലഭിച്ച മികച്ച പരിശീലനവും കോച്ചായ ദിനേശ് ചന്ദ്രന്റെ പ്രോത്സാഹനവുമാണ് തന്നിലെ കാൽപ്പന്ത്കാരനെ വളർത്തിയതെന്ന് ലെനിൻ മിത്രൻ എപ്പോഴും പറയാറുണ്ട്. അച്ഛൻ ടി.വി.ഷണ്മുഖനും അമ്മ ശോഭനയും ജ്യേഷ്ഠൻ ഉണ്ണി മിത്രനും വലിയ പ്രോത്സാഹനമാണ് നൽകിയത്.
വമ്പൻ നേട്ടങ്ങൾ
നാട്ടിൽപുറങ്ങളിലെ ചെറിയ ക്ലബുകളിലെ വിജയത്തിൽ നിന്നുള്ള അത്മവിശ്വാസത്തിലാണ് ലെനിൻ മിത്രൻ വലിയ കളങ്ങളിൽ
കളിക്കാനിറങ്ങിയത്. അത് വെറുതേയായില്ല, കേരള യുണൈറ്റഡ് എഫ്.സി, ഐ ലീഗ്, കേരള പ്രീമിയർ ലീഗ് മത്സരങ്ങളിൽ തിളങ്ങാനായി. ഗോവയിൽ നടന്ന നാഷണൽ ഗെയിംസിൽ ടീം ക്യാപ്റ്റനായ ലെനിൻ മിത്രൻ, സ്വർണ്ണമെഡൽ കരസ്ഥമാക്കി. ഇപ്പോഴും ക്യാപ്റ്റനായി തുടരുന്നു. ചെന്നെ സിറ്റി എഫ്.സി, ചെന്നൈ സിറ്റി എന്നിവയ്ക്ക് വേണ്ടി കളിക്കാനും ഡുറൈൻ കപ്പ് നേടാൻ കഴിഞ്ഞതും വലിയ ഭാഗ്യമായി ലെനിൻ മിത്രൻ കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |