തൃശൂർ: റെയിൽവേ സ്റ്റേഷൻ വളപ്പിൽ കല്ലൂർ കാഞ്ഞിരപ്പറമ്പിൽ മജീദിന്റെ മകൻ ഷംജാദ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ ആറാട്ടുപുഴ തകിടിയിൽ വീട്ടിൽ ഹരീഷ് കുമാറാണ് അറസ്റ്റിലായത്. വരന്തരപ്പിള്ളി സ്വദേശിയായ മരപ്പണിക്കാരനെ ആക്രമിച്ച് പണവും പഴ്‌സും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ അറസ്റ്റിലായ ഹരീഷ് കുമാറിനെയും സുരേഷിനെയും ചോദ്യം ചെയ്തതിലൂടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതി ഹരീഷ് കുമാറിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
തട്ടിയെടുത്ത പണവുമായി കൊല്ലപ്പെട്ട ഷംജാദുമൊന്നിച്ച് പൂത്തോളിലെ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം വാങ്ങിയ ശേഷം റെയിൽവേ സ്റ്റേഷൻ വളപ്പിൽ എത്തി മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെ കല്ലെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ തൃശൂർ ഈസ്റ്റ്, വെസ്റ്റ്, വരന്തരപ്പിള്ളി, ഹരിപ്പാട് സ്റ്റേഷനുകളിൽ കേസുകളുണ്ട്. റെയിൽവേ, ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തി മൊബൈലും പണവും മദ്യപൻമാരുടെ പോക്കറ്റടിച്ച് കിട്ടുന്ന പണം കൊണ്ട് ജീവിക്കുന്നയാളാണെന്നും പൊലീസ് പറഞ്ഞു.
തൃശൂർ എ.സി.പി: സലീഷ് എൻ. ശങ്കരൻ, വെസ്റ്റ് സി.ഐ: പി. ലാൽ കുമാർ, വെസ്റ്റ് എസ്.ഐമാരായ സെസിൽ, ജയനാരായണൻ, വി.ബി. അനൂപ്, റൂബിൻ ആന്റണി, ടോണി വർഗീസ്, അലൻ ആന്റണി, മുകേഷ്, പ്രിയ എന്നിവരും സിറ്റി സ്‌ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെക്കുറിച്ച് അന്വേഷണം നടത്തിയത്. കഴിഞ്ഞ മാസം 19നാണ് ഷംജാദിന്റെ മൃതദേഹം റെയിൽവേ സ്റ്റേഷൻ പടിഞ്ഞാറെ കവാടത്തിന് സമീപം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |