കൊല്ലം: കൊല്ലത്തിന് അവിചാരിതമായി കടം കിട്ടിയ അഭിനയ പ്രതിഭയായിരുന്നു ടി.പി.മാധവൻ. തലസ്ഥാനത്തെ ലോഡ്ജ് മുറിയിൽ അവശനിലയിൽ കണ്ടെത്തിയ ടി.പി.മാധവനെ സംവിധായകൻ പ്രസാദ് നൂറനാടാണ് പത്തനാപുരം ഗാന്ധിഭവനിലെത്തിച്ചത്. മാസങ്ങൾ നീണ്ട ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം ഗാന്ധിഭവനിലെ കാരണവരായി മാറി.
ഗാന്ധിഭവന്റെ ഫ്രണ്ട് ഓഫീസിന്റെ മുകളിലത്തെ മുറിയിലായിരുന്നു താമസം. ഗാന്ധിഭവനിലേക്ക് എത്തുന്നവരെയെല്ലാം ചാരുകസേരയിലിരുന്ന് നിറ ചിരിയോടെയാണ് അദ്ദേഹം സ്വാഗതം ചെയ്തിരുന്നത്. ഗാന്ധിഭവൻ സ്ഥാപകൻ ഡോ. പുനലൂർ സോമരാജന്റെ ഉറ്റചങ്ങാതിയായിരുന്നു. ഇവിടുത്തെ സാംസ്കാരിക പരിപാടികളിലെല്ലാം സജീവമായി പങ്കെടുക്കുമായിരുന്നു. ഗാന്ധിഭവനിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുന്നതിലായിരുന്നു അദ്ദേഹത്തിന് ഏറെ ആനന്ദം. സമയം കിട്ടുമ്പോഴെല്ലാം ഗാന്ധിഭവനിലെ ഗ്രന്ഥശാലയിലെത്തി വായിക്കുമായിരുന്നു. സിനിമാ ലൊക്കേഷനുകളിലെ പഴയ തമാശകൾ കേൾക്കാൻ ഇവിടുത്തെ പ്രായമായ അന്തേവാസികൾ ഇടയ്ക്കിടെ അടുത്തുകൂടുമായിരുന്നു. സിനിമാക്കഥകൾക്കിടിയിൽ ഇടയ്ക്ക് അദ്ദേഹത്തിന്റെ കണ്ണ് നിറയും. അടുത്തിടെ ഓർമ്മക്കുറവ് അലട്ടിയിരുന്നു.
ഉന്നത വിദ്യാഭ്യാസത്തിനൊപ്പം പത്രപ്രവർത്തനരംഗത്തും വലിയ അനുഭവസമ്പത്തുണ്ടായിരുന്ന ടി.പി. മാധവന് കാലിക പ്രശ്നങ്ങളിലെല്ലാം കൃത്യമായ അഭിപ്രായമുണ്ടായിരുന്നു. ഏറെക്കാലം കൽക്കത്തയിൽ താമസിച്ചിരുന്നതിനാൽ ബംഗാളി ഭാഷയും വശമുണ്ടായിരുന്നു.
ഒരാഗ്രഹം ബാക്കി
മോഹൻലാലിനെ കാണണമെന്ന ആഗ്രഹം അടുത്തിടെയും ടി.പി.മാധവൻ പങ്കുവച്ചിരുന്നു. ഗാന്ധിഭവൻ അധികൃതർ അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
പൊതുദർശനത്തിന് വിപുലമായ ഒരുക്കം
ടി.പി.മാധവന് അന്ത്യാഞ്ലി അർപ്പിക്കാനായി ഗാന്ധിഭവനിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇവിടുത്തെ പ്രാർത്ഥനാ ഹാളിലായിരിക്കും പൊതുദർശനത്തിനുള്ള സൗകര്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |