കാസർകോട്: ജില്ലാ ആശുപത്രിയിൽ ഹെർണിയയ്ക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ കുട്ടിയുടെ കാലിന്റെ ഞരമ്പ് മുറിച്ചതായി പരാതി. കൈയബദ്ധം പറ്റിയെന്ന് രക്ഷിതാക്കളെ അറിയിച്ച ഡോക്ടർ കണ്ണൂർ മിംസ് ആശുപത്രിയിൽ കുട്ടിയെ എത്തിക്കാൻ സൗകര്യമൊരുക്കി.
പുല്ലൂർ പെരളത്തെ അശോകൻ - കാർത്ത്യായനി ദമ്പതികളുടെ മകൻ ആദിനാഥിന്റെ (10) കാലിന്റെ മുകൾ ഭാഗത്തെ രക്ത ധമനിയാണ് ഡോക്ടർ മുറിച്ചു മാറ്റിയത്. ശസ്ത്രക്രിയ്ക്ക് ഡോക്ടർമാർ 4500 രൂപ കൈക്കൂലി വാങ്ങിയെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. ജില്ലാ ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചിട്ടില്ല. മെഡിക്കൽ ബോർഡ് യോഗം കഴിയണമെന്നാണ് പറയുന്നത്.
സെപ്തംബർ 18നാണ് ഹെർണിയയ്ക്ക് ഓപ്പറേഷന് കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 19ന് രാവിലെ ഏഴിന് ഓപ്പറേഷൻ നിശ്ചയിച്ചു. ആദിനാഥിനെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി അഞ്ച് മിനുട്ടിനുള്ളിൽ ഡോക്ടർ പുറത്ത് വന്നു അച്ഛനെ അന്വേഷിച്ചു. എന്താണെന്ന് ചോദിച്ചപ്പോൾ ഒരു കൈയബദ്ധം പറ്റിയെന്നും മോന്റെ കാലിന്റെ പ്രധാന ഞരമ്പ് കട്ടായി പോയെന്നും ഉടനെ കണ്ണൂർ ആശുപത്രിയിൽ എത്തിക്കണമെന്നും നിർദ്ദേശിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് അഞ്ചിനു ശാസ്ത്രക്രിയനടത്തി.എന്നാൽ മുറിഞ്ഞ ഞരമ്പ് തുന്നിച്ചേർക്കാനാവില്ലെന്നും ഭാവിയിൽ വേരിക്കോസ് അടക്കം വരുമെന്നും ഡോക്ടർമാർ വിധിയെഴുതി.
കാലിന് വേദനയോ തരിപ്പോ വന്നാലുടൻ ഇവിടെ എത്തിക്കണമെന്ന് പറഞ്ഞാണ് ഡിസ്ചാർജ് ചെയ്തതെന്ന് പിതാവ് അശോകൻ പറഞ്ഞു.
നടക്കാനോ ഇരിക്കാനോ കഴിയാതെ വീട്ടിൽ കിടക്കുകയാണ് ആദിനാഥ്. പരസഹായം കൂടാതെ നടക്കാനാവാത്തതിനാൽ സ്കൂളിൽ പോകുന്നില്ല. 20 ദിവസമായി കൂലിപ്പണിക്ക് പോകാതെ കുട്ടിയെ നോക്കുകയാണ് മാതാപിതാക്കൾ. ഡി.എം.ഒയ്ക്ക് നൽകിയ പരാതിയിൽ ഒരു നടപടിയും എടുത്തില്ലെന്നും ഡോക്ടർമാരോ അധികാരികളോ തിരിഞ്ഞു നോക്കിയില്ലെന്നും രക്ഷിതാക്കൾ പറയുന്നു. പൊലീസ് ഇടപെട്ടിട്ടില്ലെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |