ജയ്‌പൂർ: വിദ്യാർത്ഥികളെക്കൊണ്ട് കാലിൽ മസാജ് ചെയ്യിപ്പിച്ച അദ്ധ്യാപികയുടെ വീഡിയോ പുറത്ത്. രാജസ്ഥാനിലെ ജയ്പൂരിലെ ഒരു സർക്കാർ വിദ്യാലയത്തിൽ നിന്നുളള ദൃശ്യങ്ങളാണ് വൈറലാകുന്നത്. ക്ലാസിലുളള വിദ്യാർത്ഥികളോ അദ്ധ്യാപകരോ അറിയാതെ എടുത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ക്ലാസ് മുറിയുടെ ഒരു ഭാഗത്ത് നിലത്തിരുന്ന് കുട്ടികൾ എന്തൊക്കെയോ എഴുതുന്നുണ്ട്. മറ്റൊരു ഭാഗത്ത് ഒരു അദ്ധ്യാപിക കസേരയിൽ ഇരിക്കുന്നു. ഒരു അദ്ധ്യാപിക നിലത്ത് കിടക്കുകയും രണ്ട് കുട്ടികൾ അവരുടെ കാലിന് മസാജ് ചെയ്യുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിൽ ഉളളത്. സംഭവം വൈറലായതോടെ വീഡിയോക്ക് രൂക്ഷമായ വിമർശനങ്ങളാണ് ലഭിക്കുന്നത്.
അദ്ധ്യാപികയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അതുകൊണ്ട് വിദ്യാർത്ഥികളോട് കാല് മസാജ് ചെയ്തുകൊടുക്കാൻ അഭ്യർത്ഥിക്കുകയായിരുന്നുവെന്നാണ് സ്കൂൾ പ്രിൻസിപ്പാലിന്റെ വിശദീകരണം. സത്യാവസ്ഥ അറിയാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തിൽ സ്‌കൂൾ അധികാരികളോ സർക്കാരോ ഇതുവരെയായിട്ടും പ്രതികരിച്ചിട്ടില്ല.
ജമ്മുകാശ്മീരിലെ ഒരു സർക്കാർ സ്‌കൂളിലും സമാനമായ സംഭവം നടന്നിട്ടുണ്ട്. തെക്കൻ കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ സ്‌കൂളിൽ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ക്ലാസ് മുറിയിൽ കസേരയിൽ ഇരിക്കുന്ന അദ്ധ്യാപകന്റെ കാല് തടവുന്ന രണ്ട് വിദ്യാർത്ഥികളുടെ ചിത്രങ്ങളാണ് അന്ന് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. കുട്ടികളെക്കൊണ്ട് അദ്ധ്യാപകൻ കാർ കഴുകിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുകയും അദ്ധ്യാപകനെ സസ്‌പെൻഡും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |