ന്യൂഡൽഹി : മാസങ്ങളോളമായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ (ഐ.ഒ.എ) അധിപകാരത്തർക്കം ചർച്ചചെയ്യാൻ ഈമാസം 25ന് വിളിച്ചിരിക്കുന്ന പ്രത്യേക പൊതുയോഗത്തിൽ പ്രസിഡന്റ് പി.ടി ഉഷയ്ക്ക് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ എതിർപക്ഷം. ഐ.ഒ.എ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ 15 അംഗങ്ങളിൽ 12 പേരും രാജ്യസഭാ എം,പി കൂടിയായ ഉഷയ്ക്ക് എതിരാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. റിലയൻസ് ഇൻഡസ്ട്രീസുമായുള്ള സ്പോൺസർഷിപ്പ് കരാറിൽ ഐ.ഒ.എയ്ക്ക് 24 കോടി രൂപ നഷ്ടമുണ്ടായെന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഘടനയുടെ ആദ്യ വനിതാ പ്രസിഡന്റായ ഉഷയ്ക്കെതിരായ നീക്കം ശക്തമായത്.
25ന് പ്രത്യേക പൊതുയോഗം വിളിച്ചത് ഉഷയാണെങ്കിലും കഴിഞ്ഞദിവസം ആക്ടിംഗ് സി.ഇ.ഒ എന്ന പേരിൽ കല്യാൺ ചൗബേ അംഗങ്ങൾക്ക് അയച്ച യോഗത്തിന്റെ അജണ്ടയിലെ അവസാന ഇനമായാണ് പ്രസിഡന്റിന് എതിരായ അവിശ്വാസം ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിലെ സ്ഥിതിയിൽ അവിശ്വാസം അവതരിപ്പിച്ചാൽ പാസാകുമെന്നുറപ്പാണ്. അതേസമയം കല്യാൺ ചൗബേ ആക്ടിംഗ് സി.ഇ.ഒ അല്ലെന്നും താൻ വിളിച്ച യോഗത്തിന്റെ അജണ്ട നിശ്ചയിക്കാൻ ചൗബേയ്ക്ക് അധികാരമില്ലെന്നും പി.ടി ഉഷ അറിയിച്ചു.
സംഘടനയ്ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഉഷയും എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും തർക്കത്തിലായിരുന്നു. 2036ലെ ഒളിമ്പിക്സിന് വേദിയാകാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾക്ക് കൂടി വിഘാതമാകുന്ന രീതിയിലാണ് തർക്കത്തിന്റെ പോക്ക്. സി.ഇ.ഒ നിയമനത്തിൽ ഉഷയുടെ നോമിനിയെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗീകരിക്കാതിരുന്നതാണ് തർക്കത്തിന് തുടക്കമിട്ടത്. അതിന് പിന്നാലെയാണ് സി.എ.ജി റിപ്പോർട്ട് പുറത്തുവന്നത്.
തർക്കവിഷയങ്ങൾ
1.സി.ഇ.ഒ പോസ്റ്റിലേക്കുള്ള ഉഷയുടെ നോമിനി രഘുറാം അയ്യരാണ്. ഇദ്ദേഹത്തിന് ലക്ഷങ്ങൾ ശമ്പളമായി നൽകാനുള്ള ഉഷയുടെ തീരുമാനമാണ് ആദ്യം തർക്കമായത്. ശമ്പളം കുറയ്ക്കാൻ തയ്യാറായെങ്കിലും അയ്യർ വേണ്ടെന്ന നിലപാടുമായി എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ പലരും രംഗത്തുവന്നു. ചിലർ ജോയിന്റ് സെക്രട്ടറിയും മുൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റുമായ കല്ല്യാൺ ചൗബേയെ സി.ഇ.ഒ ആക്കണമെന്ന് ആവശ്യപ്പെട്ടു.
2. ഈമാസമാദ്യമാണ് റിലയൻസുമായുള്ള സ്പോൺസർഷിപ്പ് കരാറിൽ 24കോടി നഷ്ടമുണ്ടായെന്ന സി.എ.ജി റിപ്പോർട്ട് പുറത്തുവന്നത്. ഇതിന്റെ ഉത്തരവാദിത്വം ഉഷയുടെ ചുമലിൽ ചാരാനാണ് എക്സിക്യൂട്ടീവ് കമ്മറ്റി ശ്രമം. എന്നാൽ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ചർച്ച ചെയ്താണ് സ്പോൺസർഷിപ്പ് കരാറിൽ ഏർപ്പെട്ടതെന്നാണ് ഉഷയുടെ വാദം .
3. നിലവിലെ ട്രഷറർ സഹദേവ് യാദവാണ് ഉഷയ്ക്ക് എതിരെ അഴിമതി ആരോപണങ്ങൾ ഉയർത്തിയത്. സി.എ.ജി റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടതുംയാദവാണ്. യാദവിനെതിരെ അന്വേഷണം വേണമെന്ന നിലപാടിലാണ് ഉഷ.
4. ഉഷയ്ക്ക് എതിരെ നിൽക്കുന്ന എക്സിക്യൂട്ടീവ് അംഗങ്ങളിൽ ചിലരെ സ്പോർട്സ് കോഡിലെ പ്രായപരിധിയുടെ പേരിൽ പുറത്താക്കാനുള്ള നീക്കങ്ങളോടും എതിർപ്പ് ശക്തമാണ്.
ഐ.ഒ.എ എക്സിക്യൂട്ടീവ് കമ്മറ്റി
പി.ടി ഉഷ, (പ്രസിഡന്റ് ), അജയ് എച്ച്.പട്ടേൽ ( സീനിയർ വൈസ് പ്രസിഡന്റ് ),രാജലക്ഷ്മി ദിയോ,ഗഗൻ നാരംഗ് (വൈസ് പ്രസിഡന്റുമാർ), സഹ്‌ദേവ് യാദവ് (ട്രഷററർ),അളകനന്ദ അശോക് ,കല്യാൺ ചൗബേ (ജോ. സെക്രട്ടറി), അമിതാഭ് ശർമ്മ,ഭൂപേന്ദർ സിംഗ് ബജ്‌വ, രോഹിത് രാജ്പാൽ, ഡോള ബാനർജി, യോഗേശ്വർ ദത്ത്, ഹർപാൽ സിംഗ് (അംഗങ്ങൾ).
പി.ടി ഉഷ പറയുന്നത്
ഈ മാസം 25ന് പ്രസിഡന്റ് എന്ന നിലയിൽ ഞാൻ വിളിച്ച യോഗത്തിന്റെ അജണ്ട നിശ്ചയിച്ച് ആക്ടിംഗ് സി.ഇ.ഒ എന്ന പേരിൽ കല്യാൺ ചൗബേ അയച്ച മെയിൽ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. 2024 ജനുവരി മുതൽ ഐ.ഒ.എയുടെ സി.ഇ.ഒ പദവിയിൽ ജോലിനോക്കുന്നത് രഘുറാം അയ്യരാണ്. അദ്ദേഹത്തിന് ശമ്പളം നിശ്ചയിക്കാൻ എക്സിക്യൂട്ടീവ് കമ്മറ്റി ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും അദ്ദേഹം ജോലിയിൽ തുടരുന്നുണ്ട്. ആക്ടിംഗ് സി.ഇ.ഒ ആയി ആരെയും ഐ.ഒ.എ നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കല്യാൺ ചൗബേ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് ക്രിമനൽ കുറ്റമാണ്. ഐ.ഒ.എ ഭരണസമിതിയെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ ആരു നടത്തിയാലും വഴങ്ങുകയില്ല. നിയമപരമായി നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |