തിരുവനന്തപുരം: നാലു ദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് തലസ്ഥാനത്ത് ഊഷ്മള സ്വീകരണം. ഇന്നലെ വൈകിട്ട് 6.20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ ചേർന്ന് വരവേറ്റു. തുടർന്ന് റോഡ് മാർഗം രാഷ്ട്രപതി രാജ്ഭവനിലെത്തി. വിവിധ സംഘടനകളുടെ പ്രതിനിധികളടക്കം രാഷ്ട്രപതിയെ സന്ദർശിച്ചു.
ഇന്ന് ശബരിമല ദർശനം. വൈകിട്ട് തിരുവനന്തപുരത്ത് മടങ്ങിയെത്തി രാജ്ഭവനിൽ വിശ്രമിക്കും.
നാളെ രാവിലെ 10.30ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ അർദ്ധകായ പ്രതിമ രാഷ്ട്രപതി അനാവരണം ചെയ്യും. ഉച്ചയ്ക്ക് 12.50ന് ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. 24ന് എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കും. തുടർന്ന് ബോൾഗാട്ടി പാലസിൽ ഉച്ചഭക്ഷണത്തിനു ശേഷം വൈകിട്ട് 4.05ന് ഡൽഹിക്ക് മടങ്ങും.
ഗവർണർക്ക്
അനുമതിയില്ല
രാഷ്ട്രപതിക്കൊപ്പം ശബരിമല സന്ദർശനത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അനുമതി തേടിയെങ്കിലും രാഷ്ട്രപതി ഭവൻ നൽകിയില്ല. സുരക്ഷാകാരണങ്ങളാലാണ് അനുമതി നൽകാത്തത് എന്നറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |