ന്യൂഡൽഹി: ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന് ലോകത്തെ വീണ്ടും ഓർമ്മിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭീകരതയ്‌ക്കൊപ്പം സൈബർ-സമുദ്ര വെല്ലുവിളികളും ആഗോളസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും അവയ്‌ക്കെതിരെ രാജ്യങ്ങൾ ഒന്നിക്കണമെന്നും പറഞ്ഞു. ലാവോസിലെ വിയന്റിയാനിൽ നടന്ന 19-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഡൽഹിയിൽ മടങ്ങിയെത്തി.
ആഗോളസമാധാനത്തിനും സുരക്ഷയ്ക്കും എതിരായ ഭീകരവാദത്തെ ചെറുക്കാൻ മാനവികതയിൽ വിശ്വസിക്കുന്ന ശക്തികൾ ഒന്നിച്ചു പ്രവർത്തിക്കണം. ലോകത്തെ സംഘർഷങ്ങൾ പ്രതികൂലമായി ബാധിച്ചതു ഗ്ലോബൽ സൗത്ത് രാജ്യങ്ങളെയാണ്. യുറേഷ്യയിലും മധ്യപൂർവേഷ്യയിലും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കണം. ബുദ്ധന്റെ പ്രതിനിധിയായി പറയുന്നു: ഇത് യുദ്ധത്തിന്റെ യുഗമല്ല, യുദ്ധക്കളത്തിൽ പ്രശ്നങ്ങൾക്കു പ്രതിവിധി കണ്ടെത്താനാകില്ല.
പരമാധികാരം, പ്രാദേശിക സമഗ്രത, അന്താരാഷ്ട്ര നിയമങ്ങൾ എന്നിവ മാനിക്കണം. മാനുഷിക കാഴ്ചപ്പാടോടെ, ചർച്ചകൾക്കും നയതന്ത്രത്തിനും ഊന്നൽ വേണം. വിശ്വബന്ധു എന്ന നിലയിൽ സമാധാന ശ്രമങ്ങളിൽ ഇന്ത്യ ഇടപെടൽ തുടരും. സൈബർ, സമുദ്രം, ബഹിരാകാശം എന്നീ മേഖലകളിൽ പരസ്പരസഹകരണത്തിനു കരുത്തേകണം. ദക്ഷിണ ചൈനാ കടലിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ ഇന്തോ-പസിഫിക് മേഖലയുടെ താത്പര്യമാണ്. രാജ്യങ്ങളുടെ വിദേശനയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ സഞ്ചാരസ്വാതന്ത്ര്യവും വ്യോമാതിർത്തിയും ഉറപ്പാക്കാൻ പെരുമാറ്റച്ചട്ടം വേണം.
കിഴക്കൻ ഏഷ്യ ഉച്ചകോടിയിലെ പങ്കാളിത്തം ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ നെടുംതൂൺ ആണെന്ന് അദ്ദേഹം വ്യക്തമാക്കി. മ്യാൻമറിൽ മാനുഷികസഹായത്തിനും ജനാധിപത്യം പുനഃസ്ഥാപിക്കാനും നടപടികൾ വേണം. അയൽരാജ്യമെന്ന നിലയിൽ, ഇന്ത്യ ഉത്തരവാദിത്വങ്ങൾ ഉയർത്തിപ്പിടിക്കും. ആസിയാന്റെ പുതിയ അദ്ധ്യക്ഷനായ മലേഷ്യക്ക് ഇന്ത്യയുടെ പിന്തുണ വാഗ്ദാനം ചെയ്തു.
ബീഹാറിലെ നളന്ദ സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസമേധാവികളുടെ സമ്മേളനത്തിലേക്ക് കിഴക്കേഷ്യൻ രാജ്യങ്ങളെ പ്രധാനമന്ത്രി ക്ഷണിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |