ന്യൂഡൽഹി : വടക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ നിന്നടക്കം ഗൾഫ് വഴി ഡൽഹിയിൽ മയക്കുമരുന്ന് എത്തിക്കുന്ന റാക്കറ്റിനെ തകർക്കാൻ പൊലീസ്. ഡൽഹിയിൽ നിന്ന് മയക്കുമരുന്ന് മുംബയിലും ഗോവയിലും ലഹരി പാർട്ടികളിൽ എത്തുന്നതായി വിവരം ലഭിച്ചു.
കഴിഞ്ഞ ഒരാഴ്ചയിൽ 9000 കോടി രൂപയുടെ കൊക്കെയ്ൻ ആണ് പിടിച്ചത്. വ്യാഴാഴ്ച രാത്രി പടിഞ്ഞാറൻ ഡൽഹിയിൽ 2,400 കോടിയുടെ 200 കിലോ കൊക്കെയ്‌ൻ കൂടി പിടിച്ചു. ഒക്‌ടോബർ 2ന് മഹിപാൽ പൂരിൽ 6,500 കോടിയുടെ 562 കിലോ കൊക്കെയ്ൻ പിടിച്ചിരുന്നു. രാജ്യാന്തര വിപണിയിൽ കിലോയ്‌ക്ക് 12 കോടിയാണ് വില.
നേരത്തെ കൊക്കെയ്‌നുമായി പിടിയിലായ ചിലരിൽ നിന്ന് ലഭിച്ച വിവരങ്ങളും മൊബൈൽ ചാറ്റുകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണമാണ് രമേഷ് നഗറിലെ ഗോഡൗണിൽ പൊലീസിനെ എത്തിച്ചത്. 200 കിലോ വീതമുള്ള കൊക്കെയ്ൻ പാക്കറ്റുകൾ ദുബായ് വഴി ഡൽഹിയിൽ എത്തിച്ച ബ്രിട്ടീഷ് പൗരനായ സവീന്ദർ സിംഗ് രാജ്യം വിട്ടു. ഇയാൾക്കൊപ്പം യുകെ നിവാസിയായ ജതീന്ദർ പാൽ സിംഗ് എന്ന ജാസി വഴിയാണ് കൊക്കെയ്‌ൻ ഡൽഹിയിൽ എത്തിച്ചത്. ഇത് തുഷാർ ഗോയൽ എന്നയാളിന് കൈമാറാനായിരുന്നു പദ്ധതി. ദുബായിൽ കടത്തിന് സഹായിച്ചത് വീരു എന്ന വീരേന്ദർ ബസോയ ആണെന്നും പൊലീസ് പറഞ്ഞു. പഞ്ചാബ് വഴി യുകെയിലേക്ക് കടക്കാൻ ശ്രമിച്ച ജാസി അമൃത്‌സർ വിമാനത്താവളത്തിൽ അറസ്റ്റിലായി. മഹിപാൽപൂരിൽ ഗോയലിന്റെ ഗോഡൗണിൽ നിന്ന് മയക്കുമരുന്ന് പിടിച്ചതോടെയാണ് സവീന്ദർ ലണ്ടനിലേക്ക് കടന്നത്. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ആർക്കുവേണ്ടിയാണ് ഇവർ മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സിനിമ, വിനോദ മേഖലയിലെ പ്രമുഖരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
3.3 കോടിയുടെ മയക്കുമരുന്ന് പിടിച്ചു
ഡൽഹിയിൽ രണ്ട് നൈജീരിയൻ പൗരൻമാരിൽ നിന്ന് 3.3 കോടി രൂപയുടെ 563 ഗ്രാം കൊക്കെയ്ൻ പിടികൂടി. മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തിയതാണിവർ.ജോഷ്വ അമരചുക്വ (30), മൈക്ക് (27),കാർ ഡ്രൈവർ വിനീത് (24) എന്നിവർ അറസ്റ്റിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |