തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത കമ്മ്യൂണിസ്റ്റുകാരും ഒരു പങ്കും വഹിച്ചിട്ടില്ലാത്ത സംഘപരിവാറും ചേർന്ന് ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇന്ദിരാഭവനിൽ ക്വിറ്റ് ഇന്ത്യ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെഹ്റുവിനെ ഇകഴ്ത്തുകയും ഗാന്ധി ഘാതകൻ ഗോഡ്‌സെയെ പുകഴ്ത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് ശക്തികൾ രാജ്യത്തിന്റെ പാർലമെന്ററി ജനാധിപത്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകർക്കുന്നു. ഫാസിസം ഇന്ത്യ വിടുകയെന്ന മുദ്രാവാക്യമാണ് ഈ ക്വിറ്റ് ഇന്ത്യാ വാർഷിക ദിനത്തിൽ കെ.പി.സി.സി ഉയർത്തുന്നത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീരദേശാഭിമാനികളെ അഞ്ചാംപത്തികളെന്ന് വിളിച്ച് കമ്മ്യൂണിസ്റ്റുകാർ പരിഹസിച്ചു. സ്വാതന്ത്ര്യത്തെ അംഗീകരിച്ചില്ല. ആ ശൈലി സി.പി.എം തുടരുന്നു. മതേതരജനാധിപത്യ ചേരിക്കൊപ്പം നിന്ന് ഫാസിസത്തെ എതിർക്കാൻ സി.പി.എം ഇപ്പോഴും തയ്യാറല്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ ബി.ജെ.പി തകർക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാശ്മീരിൽ അറസ്റ്റ് ചെയ്ത നേതാക്കളെ ഉടനേ മോചിപ്പിക്കണം. രാജ്യത്ത് ഐക്യം നിലനിറുത്തേണ്ടത് തോക്കിൻ മുനയിലൂടെയല്ല. കാശ്മീരിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം വിചിത്രമാണ്. കാശ്മീർ വിഷയത്തിൽ കോൺഗ്രസിന് ഒറ്റ അഭിപ്രയമേയുള്ളൂ. അത് ദേശീയ നേതൃത്വം പ്രമേയത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. വൈദേശിക ശക്തികൾക്ക് കുടപിടിച്ചു കൊടുക്കുന്ന പാരമ്പര്യമുള്ള സി.പി.എമ്മിനാണ് ഈ വിഷയത്തിൽ നിലപാടില്ലാത്തത്. ഇന്ന് ദേശീയ ഗാനവും വന്ദേമാതരവും പാടുന്ന ബി.ജെ.പിക്ക് സ്വാതന്ത്ര്യസമരമോ മഹത്വമോ എന്താണെന്നറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഗാന്ധിയൻ പി. ഗോപിനാഥൻ നായർ മുഖ്യപ്രഭാഷണം നടത്തി. വി.എസ്. ശിവകുമാർ എം.എൽ.എ, ശൂരനാട് രാജശേഖരൻ, ടി. ശരത്ചന്ദ്ര പ്രസാദ്, മൺവിള രാധാകൃഷ്ണൻ, നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ്, വിജയൻ തോമസ്, കെ. വിദ്യാധരൻ, രതികുമാർ, പുനലൂർ മധു, ജി.വി. ഹരി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |