കൊച്ചി: നഗരഗതാഗതം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ലൈറ്റ് ട്രാം പദ്ധതി എന്നന്നേക്കുമായി ഉപേക്ഷിച്ചു. ഓസ്ട്രേലിയയിലെ ബ്രിസ്ബൻ നഗരത്തിലെ ലൈറ്റ് ട്രാം മാതൃകയിലാണ് കെ.എം.ആർ.എൽ പദ്ധതി നടപ്പാക്കാൻ ആലോചിച്ചിരുന്നത്. സാദ്ധ്യതാ പഠനംവരെ നടത്തിയെങ്കിലും തത്ക്കാലം വേണ്ടെന്നുവച്ചെന്ന് കെ.എം.ആർ.എൽ പറയുന്നു. സാമ്പത്തിക സ്ഥിതിയാണ് പിൻമാറ്റത്തിന് കാരണമെന്ന് കരുതുന്നു.
ആലുവ- തൃപ്പൂണിത്തുറ റൂട്ടിൽ മെട്രോ സർവീസുണ്ട്. യാത്രക്കാരേറെയുള്ള ഹൈക്കോടതി പരിസരം, പശ്ചിമകൊച്ചി തുടങ്ങിയ മേഖലകളിലേക്ക് മെട്രോ എത്തുന്നില്ല. എറണാകുളം എം.ജി റോഡ് മെട്രോസ്റ്റേഷനിൽ നിന്ന് ഹൈക്കോർട്ട് ജംഗ്ഷൻ, മറൈൻഡ്രൈവ് വഴി തേവരവരെയാണ് ലൈറ്റ്ട്രാം സാദ്ധ്യത പരിഗണിച്ചത്. ബ്രിസ്ബനിൽ ഉൾപ്പെടെ ലൈറ്റ്ട്രാം നടപ്പാക്കിയ ഹെസ്ഗ്രീൻ മൊബിലിറ്റിയുമായി കെ.എം.ആർ.എൽ ചർച്ച നടത്തിയിരുന്നു.
കൊൽക്കത്ത പാഠമായോ?
നഗരത്തിലെ വാഹനബാഹുല്യം കുറയ്ക്കാൻ ലൈറ്റ് ട്രാമിന് കഴിയുമെന്ന പ്രതീക്ഷയിലാണ് പദ്ധതിയെക്കുറിച്ച് ആലോചിച്ചത്. എന്നാൽ, കൊൽക്കത്തയിലെ 150 വർഷം പഴക്കമുണ്ടായിരുന്ന ട്രാം സർവീസ് നഗരത്തിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്ന് കാട്ടി നിർത്തലാക്കാൻ അവിടുത്തെ സർക്കാർ തീരുമാനിച്ചതും കെ.എം.ആർ.എല്ലിനെ മാറ്റിചിന്തിപ്പിച്ചിട്ടുണ്ടാകാമെന്ന് കരുതുന്നു.
ഒരേസമയം 240 പേർക്ക് യാത്ര ചെയ്യാനാവുന്ന ലൈറ്റ് ട്രാമാണ് പരിഗണിച്ചിരുന്നത്.
ആറ് മിനിട്ടിൽ ഇലക്ട്രിക് ചാർജ് ചെയ്യാൻ സാധിക്കുന്ന ട്രാം റോഡ് നിരപ്പിലും മെട്രോയ്ക്ക് സമാന്തരമായും ഭൂഗർഭപാതയിലും ഓടുംവിധമായിരുന്നു പദ്ധതി.
എം.ജി റോഡ് മെട്രോസ്റ്റേഷനുമായി കൊച്ചി വാട്ടർമെട്രോയുടെ ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിനെ ബന്ധിപ്പിക്കാനും ആലോചിച്ചിരുന്നു.
പദ്ധതിക്കായി പരിഗണിച്ചിരുന്ന സ്ഥലങ്ങൾ കൊച്ചി മെട്രോ ഉദ്യോഗസ്ഥരോടൊപ്പം ലൈറ്റ്ട്രാം അധികൃതർ സന്ദർശിച്ചിരുന്നു.
എം.ജി റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന് ഹൈക്കോർട്ട് ജംഗ്ഷൻ, മേനക, ജോസ് ജംഗ്ഷൻ വഴി തേവര വരെയുള്ള 6.2 കിലോമീറ്ററിൽ ലൈറ്റ്ട്രാം ഓടിക്കാമെന്നായിരുന്നു ഹെസ്ഗ്രീൻ മൊബിലിറ്റി അധികൃതരുടെ ആദ്യവിലയിരുത്തൽ.
ലൈറ്റ് ട്രാം പദ്ധതിയെക്കുറിച്ച് ഇപ്പോൾ ആലോചനയില്ല
കെ.എം.ആർ.എൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |