തൃശൂർ: ആർ.എസ്.എസിന്റേത് വിശാല മനസാണെന്നും പ്രവർത്തിക്കുന്നത് നാടിന്റെ നന്മയ്ക്കായാണെന്നും സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ആർ.എസ്.എസ് തൃശൂർ മഹാനഗറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിജയദശമി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ജാതിമത ചിന്തകൾക്കതീതമായാണ് ആർ.എസ്.എസ് പ്രവർത്തിക്കുന്നത്. ഭാരതത്തിന്റെ നന്മയാണ് സംഘടന ലക്ഷ്യമിടുന്നത്. സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകർ വിശുദ്ധരാണ്. വ്യക്തിപരമായ എല്ലാ സുഖങ്ങളും ഉപേക്ഷിച്ച് നാടിനായി പ്രവർത്തിക്കുന്നുവെന്ന് പറയുന്നത് മഹത്തരമാണ്.
രാഷ്ട്രീയ ഉദ്ദേശ്യത്തോടെയല്ല താൻ ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. രാഷ്ട്രീയം നല്ലതാണ്. എന്നാൽ, കേരളത്തിലെ രാഷ്ട്രീയം വേറെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പ്രായത്തിലും യോഗ ചെയ്യുന്നത് അദ്ദേഹത്തിന് ചിന്താശക്തിയും അറിവും നൽകുന്നു. ഇതെല്ലാം സംഘത്തിൽ പ്രവർത്തിച്ചതിന്റെ ഗുണമാണ്.
ആർ.എസ്.എസിന്റെ അച്ചടക്കം എടുത്തുപറയേണ്ടതാണ്. ഒരു പ്രാസംഗികൻ എന്തെങ്കിലും പറഞ്ഞാൽ കൈയടിക്കുന്നതിലല്ല, അത് ക്ഷമാപൂർവം മനസിൽ പതിയുന്ന തരത്തിൽ ഉൾക്കൊള്ളുകയാണ് വേണ്ടത്. എന്നെ സംബന്ധിച്ച് സംഗീതമാണ് മനസിൽ മുഴുവനെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസ് ക്ഷേത്രീയ കാര്യവാഹ് എം.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മഹാനഗർ സംഘചാലക് പ്രൊഫ.പി.വി.ഗോപിനാഥൻ, സഹകാര്യവാഹ് പി.ഹരിഗോവിന്ദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |