മുംബയ്: ഇന്ത്യയുടെ മുഴുവൻ സ്‌നേഹവും ആദരവും ഏറ്റുവാങ്ങി ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ് വ്യവസായി രത്തൻ ടാറ്റ. രാജ്യം ഇത്രയും സ്‌നേഹം നൽകിയ മറ്റൊരു വ്യവസായി ഇല്ലെന്നുതന്നെ പറയാം. സിനിമ മേഖലയടക്കം രാജ്യത്തെ വിവിധ മേഖലകളിൽ നിന്ന് ധാരാളം പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. ഇപ്പോഴിതാ രത്തൻ ടാറ്റയെ അനുസ്‌മരിച്ചുകൊണ്ട് പാകിസ്ഥാനിൽ നിന്നുള്ള ഒരു കുറിപ്പ് ശ്രദ്ധനേടുകയാണ്.
രത്തൻ ടാറ്റയുടെ വിയോഗത്തിന് പിന്നാലെ പാകിസ്ഥാനിലെ പ്രശസ്‌ത ഗായകൻ സോഹെബ് ഹസ്സൻ പങ്കുവച്ച സമൂഹമാദ്ധ്യമക്കുറിപ്പാണ് ശ്രദ്ധനേടുന്നത്. 1980കളിൽ ഇന്ത്യയെ ഇളക്കിമറിച്ച 'യംഗ് തരംഗ്' എന്ന സംഗീത ആൽബത്തിന്റെ പിറവിയും ടാറ്റയുമായി രൂപപ്പെട്ട ആഴത്തിലെ ബന്ധവുമാണ് കുറിപ്പിൽ ഗായകൻ വിവരിച്ചത്. പെട്ടെന്നൊരുനാൾ അപ്രതീക്ഷിതമായി തനിക്കും സഹോദരി നസിയയ്ക്കും രത്തൻ ടാറ്റയിൽ നിന്ന് വന്ന ഫോൺ കോളിനെക്കുറിച്ചും സിബിഎസ് ഇന്ത്യക്കായി ആൽബം ചെയ്യാനുള്ള അദ്ദേഹത്തിന്റെ ക്ഷണവുമാണ് പോസ്റ്റിൽ സോഹെബ് പങ്കുവച്ചത്.
പോസ്റ്റിന്റെ പൂർണരൂപം
'നസിയ, സോഹെബ്, മിസ്റ്റർ രത്തൻ എന്ന പേരിൽ നിങ്ങൾക്കൊരു ഫോൺ കോളുണ്ട്'- ഫോൺ നസിയയ്ക്ക് കൈമാറി അമ്മ പറഞ്ഞു. എന്റെ പേര് രത്തൻ, സിബിഎസ് ഇന്ത്യ എന്ന പേരിൽ ഞാൻ ഒരു മ്യൂസിക് കമ്പനി ആരംഭിക്കുകയാണ്. ഞങ്ങൾക്കുവേണ്ടി താങ്കൾക്കും സോഹെബിനും ഒരു ആൽബം റെക്കോർഡ് ചെയ്യാൻ പറ്റുമോയെന്നായിരുന്നു മറുത്തലയ്ക്കൽ നിന്നുള്ള ചോദ്യം. നിങ്ങളെ രണ്ടുപേരെയും വന്നുകാണാൻ സാധിക്കുമോയെന്നും ഫോണിൽ സംസാരിക്കുന്നയാൾ ചോദിച്ചു. ഒരു വെള്ളിയാഴ്‌ച ദിവസം വിമ്പിൾഡണിലെ വീട്ടിലേയ്ക്ക് വരാൻ സാധിക്കുമോയെന്ന് നസിയ ഫോണിൽ ചോദിക്കുന്നു.
ഒരു വെള്ളിയാഴ്‌ച ദിവസം സ്യൂട്ട് ധരിച്ച, നല്ല ഉയരമുള്ള ഒരു മനുഷ്യൻ ഞങ്ങളുടെ വീട്ടിലെത്തി. വന്നത് ശരിക്കും ആരാണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. അദ്ദേഹമത് പറഞ്ഞതുമില്ല. വളരെ സൗമ്യമായും സത്യസന്ധതയോടുമാണ് അദ്ദേഹം സംസാരിച്ചത്. പിന്നീട് നടന്നത് ചരിത്രമായിരുന്നു.
ഇന്ത്യയും ദക്ഷിണേഷ്യയും കണ്ട ആദ്യ മ്യൂസിക് വീഡിയോ ആയ യംഗ് തരംഗ് ഞങ്ങൾ നിർമിച്ചു. യുഎസ്‌എയിൽ എംടിവി ലോഞ്ച് ചെയ്ത സമയമായിരുന്നു അത്. അത്തരത്തിൽ ഒരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല എന്ന് എംടിവി ഞങ്ങളെ വിളിച്ച് പറഞ്ഞു. ദൂരദർശനിൽ സംപ്രേഷണം ചെയ്ത വീഡിയോ സൂപ്പർഹിറ്റ് പാകിസ്ഥാനി ആൽബം ഡിസ്‌കോ ദിവാനെയെവരെ മറികടന്നു. മുംബയിലെ താജ് ഹോട്ടലിൽ യംഗ് തരംഗിന്റെ ലോഞ്ചിംഗ് ചടങ്ങിലാണ് തങ്ങളെ കാണാനെത്തിയത് മഹാനായ രത്തൻ ടാറ്റയാണെന്ന് മനസിലാക്കുന്നത്.
ചടങ്ങിനുശേഷം അദ്ദേഹത്തിന്റെ വസതിയിലേയ്ക്ക് ഞങ്ങളെ അത്താഴത്തിനായി ക്ഷണിച്ചു. അദ്ദേഹമൊരു കൊട്ടാരത്തിലായിരിക്കും താമസിക്കുകയെന്നാണ് ഞങ്ങൾ കരുതിയത്. ഞങ്ങൾ അവിടെ എത്തിയപ്പോൾ കണ്ടത് ഇന്ത്യയിലെ ഏറ്റവും ശക്തനായ വ്യവസായി വളരെ വിനീതമായ ഒരു സ്ഥലത്ത് താമസിക്കുന്നതാണ്. ഞങ്ങൾ ഞെട്ടി. രണ്ട് കിടക്കകളുള്ള ഒരു ചെറിയ ഫ്ലാറ്റ്. ഞങ്ങൾ അദ്ദേഹത്തിന്റെ സഹോദരിയെയും ഒരു വേലക്കാരനെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വളർത്തുനായയെും കണ്ടുമുട്ടി. ഒരു മഹാനായ വ്യക്തിയുമൊത്തുള്ള ലളിതമായ അത്താഴമായിരുന്നു അത്. ഇന്നും എനിക്കത് ഒരിക്കലും മറക്കാൻ കഴിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |