SignIn
Kerala Kaumudi Online
Monday, 25 May 2020 7.52 AM IST

മുഖ്യമന്ത്രിയുടെ വാക്കുകൾ ആത്മവിശ്വാസം നൽകുന്നു, ഇന്ത്യയിൽ അപൂർവമായി മാത്രമാണ് ഇത് കാണുന്നത്: മുരളി തുമ്മാരുകുടിയുടെ വാക്കുകൾ

kerala-floods

ഒരു വർഷത്തിനിപ്പുറം വീണ്ടും കേരളത്തിൽ ദുരിതം വിതച്ച് പെരുമഴ തിമിർത്ത് പെയ്യുകയാണ്. പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതികൂല കാലാവസ്ഥയും മണ്ണിടിച്ചിലും കാരണമാണ് രക്ഷാപ്രവർത്തകർക്ക് ദുരന്തമുഖത്തേക്ക് എത്താൻ കഴിയാത്തത്. എന്നാൽ ഈ ദുരന്തത്തെയും ഒറ്റക്കെട്ടായി മലയാളി നേരിടുമെന്ന് ഐക്യരാഷ്ട്ര സഭ ദുരന്ത നിവാരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി വ്യക്തമാക്കി. ദുരന്തം എങ്ങനെ നേരിടണമെന്ന കാര്യത്തിൽ ചില നിർദ്ദേശങ്ങളും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

ദുരന്തകാലത്തേക്ക് ചില നിർദ്ദേശങ്ങൾ വീണ്ടും...

കേരളം വീണ്ടും ഒരു ദുരന്തകാലത്തിലൂടെ കടന്നുപോവുകയാണ്. വടക്കൻ കേരളത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ രൂക്ഷമാണ് സ്ഥിതി എന്ന് പറയുന്നു. ഈ സാഹചര്യത്തിൽ കുറച്ചു നിർദ്ദേശങ്ങൾ പറയാം.

1. സഹായം ചോദിക്കുന്നത് ശക്തിയാണ്, ദൗർബല്യമല്ല: നമ്മളിൽ കൂടുതൽ പേർക്കും ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിച്ചാണ് ശീലം, സഹായം അഭ്യർത്ഥിച്ചല്ല. അതുകൊണ്ടു തന്നെ സഹായം ചോദിക്കാനും ബന്ധുക്കളുടെ വീട്ടിലേക്കോ ദുരിതാശ്വാസ ക്യാംപിലേക്കോ പോകാനും ആളുകൾക്ക് പ്രത്യേകിച്ചും മധ്യവർഗ്ഗത്തിന് മുകളിലുള്ളവർക്ക് മടിയുണ്ടാകും. ഒരു മടിയും വേണ്ട. ദുരന്തകാലത്ത് എല്ലാവരും ഒരു പോലെയാണ്. ദുരിതാശ്വാസം എന്നത് ആരുടേയും ഔദാര്യമല്ല, നമ്മുടെ അവകാശമാണ്. കഴിഞ്ഞ ദുരന്തകാലത്ത് ഒരു സമൂഹം എന്ന നിലയിൽ എത്രമാത്രം സ്‌നേഹത്തോടെയും സൗഹാർദ്ദത്തോടെയും ആണ് പരസ്പരം ഇടപെട്ടത് എന്നത് ഓർക്കുക.

2. എപ്പോഴാണ് ദുരന്ത സാധ്യതയുള്ള വീട്ടിൽ നിന്നും മാറി താമസിക്കേണ്ടത് എന്നത് ആളുകൾ ചിന്തിക്കുന്ന കാര്യമാണ്. നിങ്ങൾ അപകട സാധ്യതയുള്ള പ്രദേശത്താണ് ജീവിക്കുന്നതെങ്കിൽ, അത് പ്രളയമായാലും ഉരുൾ പൊട്ടലായാലും, മാറണോ എന്ന് നിങ്ങൾക്ക് തോന്നുന്ന ആദ്യത്തെ സമയത്ത് തന്നെ മാറുന്നതാണ് നല്ലത്. അപ്പോൾ നമുക്ക് പ്ലാൻ ചെയ്യാൻ വേണ്ട സമയം കിട്ടുമല്ലോ. വീട്ടിൽ വയസ്സായവരോ രോഗികളോ ഭിന്നശേഷി ഉള്ളവരോ ഉണ്ടെങ്കിൽ കൂടുതൽ വേഗത്തിൽ സുരക്ഷിതമായ പ്രദേശത്തേക്ക് മാറണം. പകൽ സമയത്ത് മാറുന്നതാണ് സുരക്ഷിതം എങ്കിലും രാത്രി മാറേണ്ട സാഹചര്യമുണ്ടായാൽ നേരം വെളുക്കാൻ കാത്തിരിക്കേണ്ട കാര്യമില്ല.

3. കേരളം ഒറ്റക്കെട്ടായി പിന്നിലുണ്ട്: കേരളസമൂഹ മാധ്യമത്തിന്റെ ശാക്തീകരണത്താൽ കേരളത്തിൽ ദുരന്തത്തെപ്പറ്റി അറിയാത്തവരായി ആരുമില്ല. ദുരന്തത്തിൽ അകപ്പെടാത്തവരെല്ലാം ഏതു രീതിയിലും സഹായിക്കാൻ തയ്യാറാണ്. ഇപ്പോഴത്തെ കണക്കു വെച്ച് നോക്കിയാൽ കേരളത്തിലെ ഒരു ശതമാനം ആളുകൾ പോലും ദുരിതാശ്വാസ ക്യാംപിലില്ല. അപ്പോൾ നൂറിൽ തൊണ്ണൂറ്റി ഒൻപത് മലയാളികളും ഇപ്പോഴും സഹായം നല്കാൻ കെല്പും താല്പര്യവുമുള്ള സാഹചര്യത്തിലാണ്. സ്‌കൂളുകൾ തൊട്ടു കല്യാണമണ്ഡപങ്ങൾ വരെ ദുരിതാശ്വാസ ക്യാംപുകളാക്കാൻ സാധിക്കുന്ന സംവിധാനങ്ങൾ നമുക്ക് ഏറെയുണ്ട്. നമ്മുടെ ഓരോ റെസിഡന്റ് അസ്സോസ്സിയേഷനുകളോടും ആളുകളെ താമസിപ്പിക്കണമെന്നോ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണമെന്നോ തുടങ്ങി എന്താവശ്യപ്പെട്ടാലും അവർ ചെയ്യാൻ സന്നദ്ധരാണ്. ഇത് സർക്കാർ സംവിധാനങ്ങളുമായി സംയോജിപ്പിച്ച് ഉപയോഗിക്കാനുള്ള ഒരു പദ്ധതിയുണ്ടാക്കിയാൽ മാത്രം മതി. ദുരന്തകാലത്ത് എല്ലാം ചെയ്യാൻ സർക്കാരിന് കഴിവുണ്ടെങ്കിൽ പോലും പൊതുജനങ്ങളെ ഉൾപ്പെടുത്തണം. അങ്ങനെയാണ് നമ്മുടെ സമൂഹ മൂലധനം കൂടുന്നത്.

4. മറുനാട്ടിൽ നിന്നും പിന്തുണ ഉണ്ട്. കേരളത്തിന് പുറത്ത്, ഇന്ത്യയിലും വിദേശത്തും ഉള്ള മലയാളികൾ കേരളത്തിലെ കാര്യങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കയാണ്. ഏത് ആവശ്യം ഉണ്ടെങ്കിലും അവർ സന്നദ്ധരായി പുറകിലുണ്ട്. അതുകൊണ്ട് തന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെ നമുക്ക് ഈ ദുരന്തകാലത്തെയും നേരിടാം.

5. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനങ്ങൾ ആത്മവിശ്വാസം പകരുന്നു: കഴിഞ്ഞ ദുരന്തകാലത്ത് കേരളം മാതൃകാപരമായി ചെയ്ത ഒരു കാര്യം എല്ലാ ദിവസവും മുഖ്യമന്ത്രി ജനങ്ങളോട് സംസാരിച്ചതാണ്. ഇന്ത്യയിൽ അപൂർവ്വമായി മാത്രമാണ് അത് സംഭവിച്ചിട്ടുള്ളത്. ജനങ്ങളുടെ ആശങ്ക അകറ്റാനും, ഉദ്യോഗസ്ഥരിലും രക്ഷാ പ്രവർത്തകരിലും ആത്മവിശ്വാസം ഉണ്ടാക്കാനും അതുകൊണ്ട് സാധിച്ചു. ഇന്നദ്ദേഹം ജനങ്ങളോട് സംസാരിച്ചിരുന്നു, സ്ഥിതിഗതികൾ സാധാരണഗതിയിൽ ആകുന്നത് വരെ ഇത് തുടരുമെന്ന് പ്രതീക്ഷിക്കാം.

6. കാലാവസ്ഥ പ്രവചനങ്ങൾ: ഒരു മഹാപ്രളയത്തിൽ അകപ്പെട്ടതിനാൽ ആളുകൾ ജാഗരൂകരാണ്, ഏറെ ആളുകൾ ഭയചകിതരും. ഇപ്പോഴത്തെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഇനിയും വഷളാകുമോ ഇല്ലയോ എന്നൊക്കെയുള്ള വിവരങ്ങൾ അറിയാൻ അവർ നോക്കിയിരിക്കുകയാണ്. കാലാവസ്ഥ പ്രവചനവും ആയിട്ടാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത് എന്നതിനാൽ നമുക്ക് ലഭ്യമായതിൽ ഏറ്റവും വിശ്വസനീയമായ കാലാവസ്ഥ പ്രവചനങ്ങൾ സർക്കാരിന് കിട്ടുന്ന മുറക്ക് സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ ദുരന്ത നിവാരണ അതോറിറ്റിയുടെയും മുഖ്യമന്ത്രിയുടെയും പേജിൽ പങ്കുവെക്കണം.

7. ദുരന്ത നിവാരണത്തിന്റെ വിവരങ്ങൾ: ദുരന്തത്തെപ്പറ്റി സർക്കാരിന് ലഭിക്കുന്ന ആധികാരികമായ വിവരങ്ങൾ ദുരന്തസമയത്ത് ഓരോ എട്ടു മണിക്കൂറിൽ എങ്കിലും ചിത്രങ്ങൾ ഉൾപ്പെടെ ഒരു സിറ്റുവേഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. എത്ര സ്ഥലങ്ങൾ ദുരിത ബാധിതം ആണ്, എത്ര പേർക്ക് ജീവഹാനി സംഭവിച്ചു, മിസ്സിംഗ് ആയത് എത്രപേരാണ്, എത്ര ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്, എത്ര മാത്രം ദുരന്ത നിവാരണ സേനയും മറ്റു സംവിധാനവും നിയോഗിക്കപ്പെട്ടിട്ടുണ്ട് എന്നിങ്ങനെ ശരിയായ വിവരങ്ങൾ കൃത്യമായ ഇടവേളയിൽ പുറത്തു വന്നാൽ നമ്മുടെ ദുരന്ത നിവാരണ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം കൂടും.

8. ദുരന്തത്തിൽ അകപ്പെടുന്നവരുടെ നിസ്സഹായമോ ബീഭത്സമോ ആയ ചിത്രങ്ങൾ അവരുടെയോ കുടുംബങ്ങളുടെയോ സമ്മതമില്ലാതെ മാധ്യമങ്ങളിൽ (ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ഉൾപ്പടെ) ഷെയർ ചെയ്യുന്നത് ശരിയായ നടപടിയല്ല. സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഉണ്ട്, തീരെ ഒഴിവാക്കാൻ പറ്റാത്തതാണെങ്കിൽ മുഖം മാസ്‌ക് ചെയ്ത് കൊടുക്കുക.

9. മറുനാട്ടുകാർക്ക് വിവരങ്ങളും സഹായവും: തല്ക്കാലം കേരളത്തിലെ ദുരന്തനിവാരണത്തെപ്പറ്റിയുള്ള വർത്തകളൊക്കെയും മലയാളത്തിലും ഇംഗ്ലീഷിലുമാണ് വരുന്നത്. നമ്മുടെ ബഹുഭൂരിപക്ഷം മറുനാടൻ തൊഴിലാളികൾക്കും ഇത് വായിക്കാനറിയില്ല. അതുപോലെ നമ്മൾ നൽകുന്ന ഹെൽപ്പ് ഡെസ്‌കിൽ ബംഗാളിയോ ഓറിയയോ അറിയുന്ന ആളുകളില്ല. ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഒരു പ്രത്യേക ഹെൽപ് ഡെസ്‌ക്ക് ഉണ്ടാക്കണം. അതുപോലെ എല്ലാ വിഷയങ്ങളും വിവിധ ഭാഷകളിൽ പ്രസിദ്ധീകരിക്കുകയും വേണം. ഇതിന് മറ്റു ഭാഷകൾ അറിയാവുന്നവരുടെ ഒരു സന്നദ്ധ സേന രൂപീകരിക്കണം. (ഈ വിഷയത്തിൽ ഇപ്പോൾ ശ്രമങ്ങൾ ഉണ്ട് എന്ന് തോന്നുന്നു).

10. ഹെലികോ്ര്രപർ നിരീക്ഷണം: വെള്ളപ്പൊക്കം ആയാലും മണ്ണിടിച്ചിൽ ആയാലും ഹെലികോ്ര്രപറിൽ നിന്നും അത് നിരീക്ഷിക്കുന്നത് സാഹചര്യത്തിന്റെ വ്യാപ്തിയും ഗൗരവവും മനസ്സിലാക്കാൻ ഏറെ സഹായിക്കും. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇക്കാര്യം എല്ലാ ദിവസവും ചെയ്യണം. ആകാശ നിരീക്ഷണത്തിന്റെ വീഡിയോ മാധ്യമങ്ങൾക്ക് ലഭ്യമാക്കണം.

11. ദുരന്തത്തിൽ അകപ്പെട്ടു പോകുന്നവർ ഔദ്യോഗിക സംവിധാനത്തിലും പിന്നെ അവർക്കറിയുന്നവരെ ഒക്കെയും വിളിക്കുന്നുണ്ട്. ഇങ്ങനെ വിവരം കിട്ടുന്നവരെല്ലാം തന്നെ വീണ്ടും ഔദ്യോഗിക സംവിധാനത്തിലേക്ക് വിളിക്കുന്നു. കുറേപ്പേർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നു, അത് ഏറെപ്പേർ ഷെയർ ചെയ്യുന്നു. കുടുങ്ങിക്കിടക്കുന്നവരുടെ മനോനില മനസ്സിലാക്കാമെങ്കിലും ഇങ്ങനെ വ്യാപകമായി ഷെയർ ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പമുണ്ട്. ഒന്നാമത് ഇപ്പോഴുള്ള പ്രശ്‌നം യഥർത്ഥത്തിലുള്ളതിലും നൂറു മടങ്ങായി എല്ലാവർക്കും തോന്നും, ആത്മ വിശ്വാസം കുറയും. രണ്ടാമത് ഒരാൾക്ക് വേണ്ടി നൂറു പേർ സർക്കാർ സംവിധാനത്തിലേക്ക് വിളിക്കുമ്പോൾ അവിടുത്തെ തിരക്ക് കൂടും, പുതിയതായി അറിയിക്കാൻ ശ്രമിക്കുന്നവർക്ക് ലൈൻ കിട്ടാതാകും, അവരും മറ്റുള്ളവരെ വിളിക്കാൻ തുടങ്ങും. മൂന്നാമത് ഒരിക്കൽ രക്ഷപ്പെടുത്തി കഴിഞ്ഞാലും അതറിയാത്തവർ വീണ്ടും ഇതേ കേസിന് വേണ്ടി വിളിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ഇത്തരം വിവരം കിട്ടുന്നവർ ആദ്യം തന്നെ ഈ വിവരം ശരിയാണോ എന്നറിയാൻ ശ്രമിക്കുക, അതും വാട്ട്‌സ് ആപ്പോ എസ് എം എസോ വഴി. അതിനു ശേഷം ഔദ്യോഗിക നമ്പറിലേക്ക് മെസ്സേജ് കൊടുക്കുക. ഇങ്ങനെ കൊടുക്കുന്ന മെസ്സേജിന് മറുപടി കിട്ടിയാൽ പിന്നെ കാര്യങ്ങൾ ഔദ്യോഗിക സംവിധാനങ്ങൾക്ക് വിടുക.

12. ദുരന്ത സമയത്ത് സുരക്ഷിതർ ആയിരിക്കുന്നതാണ് നിങ്ങൾ സുരക്ഷിതരാണെന്ന് ലോകത്തെ മുഴുവൻ അറിയിക്കുന്നതിലും പ്രധാനം. അതേ സമയം എപ്പോഴാണ് കറണ്ട് പോകുന്നതെന്ന് അറിയില്ല. അതുകൊണ്ട് നിങ്ങൾ വെള്ളം ഉയരുന്ന സ്ഥലത്തുള്ള ആൾ ആണെങ്കിൽ, നിങ്ങൾ സുരക്ഷിതരാണെങ്കിൽ ഏറ്റവും അടുത്ത ഒരു സുഹൃത്തിനെ വിവരം അറിയിക്കുക, ഇനി എട്ടുമണിക്കൂർ കഴിഞ്ഞു വിളിക്കാം എന്ന് പറയുക. എന്നിട്ട് മൊബൈൽ ഓഫ് ചെയ്തു വക്കുക. അല്ലെങ്കിൽ ലോകത്തുള്ള എല്ലാ ബന്ധുക്കളും മിത്രങ്ങളും നിങ്ങൾ സുരക്ഷിതരാണോ എന്ന് ചോദിച്ചു നിങ്ങളെ വിളിക്കും, നിങ്ങളുടെ മൊബൈലിലെ ചാർജ്ജ് പോകുന്നത് മാത്രമല്ല, നെറ്റവർക്ക് ഡൌൺ ആക്കുകയും ചെയ്യും.

13. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന് സംശയം ഉണ്ടെങ്കിൽ വണ്ടിയും എടുത്ത് അങ്ങോട്ട് പാഞ്ഞു ചെല്ലരുത്. അവർ സഹായം അഭ്യർത്ഥിക്കുകയും ആ നാട്ടുകാർക്കോ സന്നദ്ധ പ്രവർത്തകർക്കോ ഔദ്യോഗിക സംവിധാനങ്ങൾക്കോ അവരെ രക്ഷിക്കാൻ കഴിയില്ല എന്ന് നിങ്ങൾക്ക് തോന്നുകയും ചെയ്യുന്ന അപൂർവ്വ സാഹചര്യത്തിൽ അത് ചെയ്യാം. പക്ഷെ പരിചയമില്ലാത്ത സ്ഥലത്ത് പരിചയമില്ലാത്ത ജോലി ചെയ്യാൻ പോകുന്നത് നിങ്ങൾക്കും അവർക്കും അപകടമുണ്ടാക്കുകയേ ഉള്ളൂ. രക്ഷിക്കാനായി എല്ലാവരും വേറൊരു സംവിധാനവും ഇല്ലാതെ ഒരു സ്ഥലത്തേക്ക് ഓടിയെത്തിയാൽ റോഡുകൾ ബ്ലോക്ക് ആവുകയും ചെയ്യും. ഹൈ റേഞ്ചിലേക്ക് അധികം വാഹനങ്ങൾ പോകുന്നത് അവിടെ മണ്ണിടിച്ചിലിന്റെ സാധ്യത കൂട്ടും.

14. ദുരന്തങ്ങൾ ലോകത്തെ അറിയിക്കുന്നതിലും ദുരിത ബാധിതർക്ക് സഹായം എത്തിക്കുന്നതിലും നമ്മുടെ മാധ്യമങ്ങൾ നന്നായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ദുരന്ത സ്ഥലത്തേക്ക് ഓടിയെത്തുന്നതിന് മുൻപും അവിടെ എത്തിക്കഴിഞ്ഞും സ്വന്തം സുരക്ഷ നന്നായി ശ്രദ്ധിക്കുക. ദുരന്തത്തിൽ അകപ്പെട്ടവരുടെ മനോനിലയും താല്പര്യവും ഏറ്റവും പ്രധാനമാണെന്ന് പറയേണ്ടല്ലോ. അവർക്ക് വിഷമുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യരുത്.

15. ഏതൊരു ദുരന്തത്തിലും പൊതു സമൂഹവും സന്നദ്ധ സംഘടനകളും വലിയ പങ്ക് വഹിക്കുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്തെ പരിചയം കൊണ്ട് നമ്മുടെ ആളുകളും സന്നദ്ധ സംഘടനകളും കൂടുതൽ പരിചയത്തോടും ആത്മവിശ്വാസത്തോടും കൂടിയാണ് കാര്യങ്ങളെ നേരിടുന്നത്. എന്നാലും സ്വയ സുരക്ഷ ശ്രദ്ധിക്കുക, ദുരിതബാധിതരുടെ താല്പര്യവും ആത്മാഭിമാനവും സംരക്ഷിക്കുക എന്നത് ഏറ്റവും പ്രധാനമാണ് എന്നത് അവരും ഓർക്കണം.

16. കഴിഞ്ഞ വർഷത്തെ അനുഭവം കാരണം കേരളത്തിൽ ഏറെ ആളുകൾ പേടിച്ചിരിക്കയാണ്. അവരിലേക്ക് തെറ്റായ വിവരവും ആയി എത്തുന്നവരെ കർശനമായി നേരിടണം. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കണ്ട് പേടിച്ചിരിക്കുന്നവരുടെ നേരെ ഫേക്ക് ന്യൂസ് ആക്രമണം വളരെ ഫലപ്രദമാണ്. ആളുകൾ മൊത്തമായി പേടിച്ചോടും, അപകടങ്ങളോ സംഘർഷങ്ങളോ വസ്തുക്കളുടെ അനാവശ്യമായ വാങ്ങലോ പൂഴ്ത്തിവക്കാലോ ഇതുമൂലം ഉണ്ടാകാം. ഇത് ഒഴിവാക്കണം. നേരിട്ടറിയാത്ത വിവരങ്ങളോ സർക്കാർ നേരിട്ട് നൽകുന്ന നിർദ്ദേശങ്ങളോ അല്ലാതെ കയ്യിൽ കിട്ടുന്ന വിവരങ്ങളെല്ലാം ഷെയർ ചെയ്യരുത്. മനഃപൂർവ്വം ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നവരെ വേണ്ടിവന്നാൽ അറസ്റ്റ് ചെയ്യുകയും വേണം.

17. സന്നദ്ധ സേവനം നടത്തുന്നവരെ സംയോജിപ്പിക്കണം. കേരളത്തിലെ മൊത്തം ജനങ്ങൾ സന്നദ്ധ സേവനത്തിന് തയ്യാറായി ഇരിക്കുകയാണ്. അവർ വ്യക്തിപരമായി പലതും ചെയ്യുന്നുമുണ്ട്. അവരെ ഒരുമിച്ചു കൊണ്ടുവരുന്ന ഒരു സംവിധാനമാണ് വേണ്ടത്. ആരോഗ്യം, ഭക്ഷണം, റെസ്‌ക്യൂ, ക്യാംപ്, ടെലികോം എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരെ ഓരോരോ ഗ്രൂപ്പ് ആക്കി അവരോട് ഓരോ സർക്കാർ വകുപ്പുകൾ സംവദിക്കുകയും അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്ന ക്ലസ്റ്റർ കോഓർഡിനേഷൻ സിസ്റ്റമാണ് ഐക്യരാഷ്ട്ര സഭ നടപ്പിലാക്കുന്നത്. വരും ദിവസങ്ങളിൽ സാനിറ്റേഷൻ, വാട്ടർ സപ്പ്‌ളൈ, ആരോഗ്യം, വിദ്യാഭ്യാസം ഇവയിൽ ഒക്കെയാകും കൂടുതൽ പ്രധാനമായി വേണ്ട സന്നദ്ധ സേവനം. ഇക്കാര്യങ്ങൾ അതാത് സർക്കാർ വകുപ്പുകൾ സംയോജിപ്പിക്കാനുള്ള മുൻകൈ എടുക്കണം.

18. പുരകത്തുമ്പോൾ വാഴ വെട്ടുന്നവരെ പിടിച്ചുകെട്ടണം: ദുരന്തസമയത്ത് സാധനങ്ങൾ പൂഴ്ത്തിവെച്ചോ വാഹനങ്ങൾക്കും കെട്ടിടത്തിനും അമിതവാടക വാങ്ങിയോ സ്വകാര്യ ലാഭമുണ്ടാക്കുന്നവർക്ക് കർശന മുന്നറിയിപ്പ് നൽകണം. ഇക്കാര്യത്തിൽ വ്യാപാരി വ്യവസായികളോടും വാഹനങ്ങളോടും സഹായം അഭ്യർത്ഥിക്കുക. അവസരം മുതലാക്കി പണമുണ്ടാക്കാൻ ശ്രമിക്കുന്നവരെ ജയിലിലടക്കണം.

19. അപമാനകരമായ പ്രവർത്തികൾ അനുവദിക്കരുത്: രാജ്യത്തിനും ലോകത്തിനും മാതൃകയായിട്ടാണ് കഴിഞ്ഞ വർഷം നാം ദുരന്തത്തെ നേരിട്ടത്. ഈ വർഷവും പൊതുവിൽ ഒരു മാറ്റവും ഉണ്ടാവില്ല. പക്ഷെ അതിനിടയിൽ ഏതെങ്കിലും തരത്തിൽ ദുരിതബാധിതരെ ദ്രോഹിക്കുന്നവരെ, ക്യാംപുകളിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുക, മതപരമായോ ജാതീയമായോ വിവേചനങ്ങൾ കാണിക്കുക, വിദ്വേഷപോസ്റ്റുകൾ ഇടുക എന്നിങ്ങനെ നമ്മുടെ സംസ്‌കാരത്തിനും സമൂഹത്തിനും അപമാനകരമായി പെരുമാറുന്നവരെ, കർശനമായി കൈകാര്യം ചെയ്യണം.

ധൈര്യമായിരിക്കുക, സുരക്ഷിതരായിക്കുക.

മുരളി തുമ്മാരുകുടി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA FLOOD, KERALA FLOODS, KERALA FLOODS AGAIN, KERALA FLOODS 2019, MEPPADI LANDSLIDES, PUTHOOR LANDSLIDE, CM PINARAYI VIJAYAN, MEPPADI LANDSLIDES EYE WITNESS, LANDSLIDE, NILAMBUR LANDSLIDE, KAVALAPPARA LANDSLIDE, MURALEE THUMMARUKUDY, MURALEE THUMARUKUDY ABOU
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.