കൊച്ചി: മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാലയെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻഭാര്യയുടെ പരാതിയിലാണ് കടവന്ത്ര പൊലീസ് പാലാരിവട്ടത്തെ വീട്ടിൽ നിന്ന് ബാലയെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ വെെകിട്ട് ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്. സമൂഹമാദ്ധ്യമങ്ങളിൽ മുൻ ഭാര്യയ്ക്കും മകൾക്കുമെതിരെ പ്രചാരണങ്ങൾ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാദ്ധ്യമങ്ങളുമായി സംസാരിക്കരുത് എന്നിവയാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ.
ഇതിനിടെ പൊലീസ് സ്റ്റേഷനിൽ ഉള്ള ബാലയെ കാണാനും ദൃശ്യങ്ങൾ പകർത്താനും 'ചെകുത്താൻ' എന്ന് വിളിക്കുന്ന യുട്യൂബർ അജു അലക്സ് കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ബാലയ്‌ക്കെതിരെ പൊലീസിന് നൽകിയ പരാതിയിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അജു ആരോപിച്ചു. മുൻപ് വീട്ടിൽ തോക്കുമായി വന്ന് വധഭീഷണി മുഴക്കിയെന്ന് പറഞ്ഞ് അജു ബാലയ്‌ക്കെതിരെ പരാതി നൽകിയിരുന്നു. എന്നാൽ ആ പരാതിയിൽ നാളിതുവരെയായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും അജു വ്യക്തമാക്കി.
'ബാലയെ അറസ്റ്റ് ചെയ്തുവെന്ന് അറിഞ്ഞ് കാണാൻ വന്നതാണ്. കഴിഞ്ഞ വർഷം ബാലയ്‌ക്കെതിരെ ഒരു പരാതി പൊലീസിന് ഞാൻ നൽകിയിരുന്നു. എന്റെ വീട്ടിൽ അതിക്രമിച്ചു കയറി സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞ് ഇയാൾ വധഭീഷണി മുഴക്കിയിരുന്നു. എന്റെ സുഹൃത്തിന് നേരെ തോക്ക് ചൂണ്ടി എന്നെ കൊല്ലും അവനെയും കൊല്ലും എന്ന് പറഞ്ഞുപോയവനെതിരെ പരാതി കൊടുത്തിട്ട് ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോൾ പോലും അതിന്റെ റിപ്പോർട്ട് എനിക്ക് കിട്ടിയിട്ടില്ല. ഇങ്ങനെയുള്ള നൊട്ടോറിയസ് ആളുകൾ അവിടെ അഴിഞ്ഞാടുകയാണ്. ഇതുകൂടാതെ തന്നെ മാനേജറെ ബാല തല്ലി എന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഓൺലെെനിൽ മാത്രമല്ല ബാല പുറത്തിറങ്ങി നേരിട്ട് പ്രശ്നമുണ്ടാക്കുന്ന ആളാണ്', - അജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |