ഇരുചക്രവാഹനയാത്രക്കാരുടെ അപകടം പതിവ്
ഓട നിർമ്മിച്ച് ശാശ്വത പരിഹാരം കാണാൻ നടപടിയില്ല
തിരുവനന്തപുരം: ഐ.ടി നഗരമായ കഴക്കൂട്ടത്തു നിന്ന് മേനംകുളത്തേക്ക് പോകണമെങ്കിൽ ഒന്നല്ല പലവട്ടം ആലോചിക്കണം.ടാർ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും,അതിൽ വെള്ളക്കെട്ടും,ചെളിക്കുളവുമായി കിടക്കുന്ന ആറാട്ടുവഴി റോഡിലൂടെ മേനംകുളത്തേക്ക് എത്തുക അത്രയെളുപ്പമല്ല. ഓടയില്ലാത്തതിനാൽ ഇരുവശങ്ങളിലൂടെയും വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്തതാണ് പ്രതിസന്ധി. ഇരുചക്രവാഹന യാത്രക്കാരായ സ്ത്രീകൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നതും പതിവാണ്. ഈ റോഡിൽ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്കും അതിരൂക്ഷമാണ്.
കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ ഭാഗത്തു നിന്ന് തിരിഞ്ഞാൽ ആറാട്ടുവഴി കടന്ന് റെയിൽവേ ഓവർബ്രിഡ്ജിലൂടെയാണ് മേനംകുളത്തേക്ക് പോകേണ്ടത്.ആറാട്ടുവഴി റോഡ് രണ്ടുവർഷം മുൻപാണ് പൊളിയാൻ തുടങ്ങിയത്.
കഴക്കൂട്ടം ജംഗ്ഷനിൽ നിന്ന് തുമ്പ ഭാഗത്തെ തീരദേശ മേഖയിലേക്ക് ബന്ധിപ്പിക്കുന്ന പ്രധാന റോഡ് നവീകരിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാതെ കൈയും കെട്ടി നോക്കിനിൽക്കുന്ന സമീപനമാണ് അധികാരികൾ സ്വീകരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഐ.എസ്.ആർ.ഒയിലെ വാഹനങ്ങൾ,മേനംകുളം കിൻഫ്രാ അപ്പാരൽ പാർക്കിലെ വിവിധ കമ്പനികളിലേക്കുള്ളവർ, പൊലീസ് വനിതാ ബറ്റാലിയൻ ക്യാമ്പ്,തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ്,മരിയൻ എൻജിനിയറിംഗ് കോളേജ്, മരിയൻ ആർട്സ് കോളേജ്,ജ്യോതിസ് സെൻട്രൽ സ്കൂൾ,ജ്യോതിനിലയം സ്കൂൾ,ഒവർ പബ്ലിക്ക് സ്കൂൾ,ലയോള തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർത്ഥികളും അദ്ധ്യാപകരും ദിവസേന കടന്നുപോകുന്ന വഴിയാണിത്. പുല്ലാട്ടുകരി ക്ഷേത്രത്തിനു സമീപം സ്വകാര്യ ബസുകളുടെ ഗ്യാരേജുള്ളതിനാൽ ദീർഘദൂരയാത്ര പോകുന്ന ബസുകളും,കിൻഫ്രയിലേക്കുള്ള കണ്ടെയ്നറും,മേനംകുളം എഫ്.സി.ഐ ഗോഡൗണിൽ നിന്ന് വിവിധ ഡിപ്പോകളിലേക്കു പോകുന്ന ലോറികൾക്കും ഇതുവഴിയാണ് കടന്നുപോകുന്നത്.
റോഡിന്റെ വീതി : 7 മീറ്റർ
റോഡിന്റെ നീളം : 190 മീറ്റർ
മൂന്നുവട്ടം പണിതു, ഓട വന്നേ തീരൂ
ആറാട്ടുഴി റോഡിന് ശാപമോക്ഷം വേണമെങ്കിൽ വെള്ളക്കെട്ട് മാറണം.അതിന് ഓട വേണം.
റോഡിന് വീതി കുറവാണെങ്കിലും നടപ്പാതയില്ലാത്തവിധം ചെറിയ ഓട പണിയാം.
ചെറിയ ഓട പണിതാൽ കഴക്കൂട്ടത്തേക്കുള്ള റോഡിന്റെ ഭാഗത്തെ വലിയ ഓടയോട് ബന്ധിപ്പിക്കാം.
നിലവിൽ ഇവിടെ നടക്കാറുള്ളത് പി.ഡബ്ല്യു.ഡിയുടെ അറ്റകുറ്റപ്പണി മാത്രം.
ഒരുവർഷത്തിനിടെ മൂന്നുവട്ടം ഇത്തരത്തിൽ പണിത് മെറ്റലിട്ട് നികത്തും. ടാറിടാനുള്ള പണമില്ല. ഓടയില്ലാത്തതിനാൽ ടാറിട്ടാലും പൊളിയും
മഴമാറിയാൽ ഉടൻ ടാറിടും.മറ്റുപ്രശ്നങ്ങളില്ല.
എൽ.എസ്. കവിത,കൗൺസിലർ
കഴക്കൂട്ടം,വാർഡ്
ഓടപണിയാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട് ഉടൻ അനുമതി ലഭിക്കും.
ലത,അസി.എൻജിനിയർ
പി.ഡബ്ല്യു.ഡി
അറ്റകുറ്റപ്പണി വിഭാഗം
മഴ മാറിയാൽ ഉടൻ അറ്റകുറ്റപ്പണി ചെയ്യും.ഓടയില്ലാതെ എത്ര പണിതാലും ഫലമില്ല.
ജോയി,കരാറുകാരൻ
പലവട്ടം സമരം ചെയ്തിട്ടും കണ്ടില്ലെന്ന് നടിക്കുന്ന എം.എൽ.എ ഉൾപ്പെടെയുള്ളവരെ ഈ വഴിയിൽ തടയും
എ.ആർ.സജി,കോൺഗ്രസ്,കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ്
അടിയന്തരമായി റോഡ് നന്നാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം ആരംഭിക്കും.
അഡ്വ.ബി.ജി.വിഷ്ണു,ബി.ജെ.പി,കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |