ചെന്നൈ: കനത്ത മഴയ്ക്ക് സാദ്ധ്യതയുളളതിനാൽ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ചെന്നൈ, തിരുവളളൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട് എന്നീ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലെ ഐടി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരോട് ഒക്ടോബർ 18 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദ്ദേശം നൽകി. മിന്നൽപ്രളയത്തെ നേരിടാൻ നാല് ജില്ലകളും സജ്ജമാണെന്ന് അതത് ജില്ലകളിലെ മജിസ്‌ട്രേറ്റുമാർ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത മൂന്ന് ദിവസങ്ങളിൽ തമിഴ്നാട്ടിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 16 വരെ തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടതും ശക്തവുമായി മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇന്ന് തമിഴ്നാട്ടിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും നാളെ വരെ സംസ്ഥാനത്ത് ഓറഞ്ച് അലർട്ടാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണിത്. അടുത്ത രണ്ട് ദിവസത്തിനുളളിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ച് വടക്ക് പടിഞ്ഞാറൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് എന്നീ തീരങ്ങളിലേക്ക് നീങ്ങുമെന്നാണ് പ്രവചനം.
അതേസമയം, മഴക്കാലത്ത് സ്വീകരിക്കേണ്ട അടിയന്തര നടപടികൾ ചർച്ച ചെയ്യുന്നതിന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗം വിളിച്ചുച്ചേർത്തിരുന്നു. കെട്ടിക്കിടക്കുന്ന വെളളം മാറ്റുന്നതിനായി 990 പമ്പുകളും പമ്പ് സെറ്റ് ഘടിപ്പിച്ച 57 ട്രാക്ടറുകളും സജ്ജമാണെന്ന് ചെന്നൈ കോർപറേഷൻ കമ്മീഷണർ യോഗത്തിൽ അറിയിച്ചു. കൂടാതെ 36 മോട്ടോർ ബോട്ടുകൾ, 46 മെട്രിക് ടൺ ബ്ലീച്ചിംഗ് പൗഡർ. 25 മെട്രിക് ടൺ കുമ്മായപ്പൊടി, ഫിനോൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. അതിനിടെ നാരായണപുരത്തെ നദിക്കരകളിലും അംബേദ്ക്കർ റോഡിനടുത്തായുളള കനാലുകളിലും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സർവ്വേ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |