SignIn
Kerala Kaumudi Online
Wednesday, 09 July 2025 7.16 AM IST

ഇന്ത്യയും ചൈനയും തമ്മിൽ വൻ സംഘട്ടനം നടന്നയിടത്ത് രഹസ്യ നിർമിതികൾ; ഉയർന്നത് നൂറിലധികം കെട്ടിടങ്ങൾ

Increase Font Size Decrease Font Size Print Page
chinese-settlement

വർഷങ്ങളായി അതിർത്തിയിലെ അധിനിവേശ പ്രദേശങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് ചൈന. ഇന്ത്യയെ പ്രകോപിപ്പിക്കുകയും ഇന്ത്യൻ പ്രദേശങ്ങൾ കയ്യേറുകയുമാണ് ചൈനയു‌ടെ ലക്ഷ്യം. ഇന്ത്യ-ചൈന തർക്ക പ്രദേശമായ ല‌‌ഡാക്കിലെ പാങ്കോംഗ് തടാകത്തിൽ ചൈന പുതിയ നിർമാണം നടത്തിയതായി വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. രണ്ട് രാഷ്ട്രങ്ങൾക്കുമിടയിലെ തർക്കപ്രദേശത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന തന്ത്രപ്രധാനമായ തടാകമാണ് പാങ്കോംഗ് ത്‌സൊ.

കിഴക്കൻ ലഡാക്കിലെ സംഘർഷം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും നയതന്ത്ര ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് പുതിയ ചിത്രങ്ങൾ പുറത്തുവരുന്നത്. മക്‌സാർ ടെക്‌നോളജീസ് പുറത്തുവിട്ട ചിത്രങ്ങളിലാണ് പുതിയ ചൈനീസ് നിർമാണം വ്യക്തമാവുന്നത്. പാങ്കോംഗ് തടാകത്തിന്റെ വടക്കൻ തീരത്തായാണ് നിർമാണം നടന്നിരിക്കുന്നത്.

100ലധികം കെട്ടിടങ്ങൾ അടങ്ങുന്ന സെറ്റിൽമെന്റാണ് ചിത്രങ്ങളിൽ കാണുന്നത്. ചൈനീസ് പ്രദേശത്തിനുള്ളിൽ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി)​ നിന്ന് ഏകദേശം 38 കിലോമീറ്റർ കിഴക്കായാണ് നിർമാണം നടന്നിരിക്കുന്നത്.

ഏകദേശം 17 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ സെറ്റിൽമെന്റ് രണ്ട് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒറ്റ-ഇരട്ട നില കെട്ടിടങ്ങൾ, ചെറിയ കുടിലുകൾ, ഭരണപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന വലിയ ഘടനകൾ എന്നിവ ചിത്രങ്ങളിൽ കാണാം. ആക്രമണങ്ങൾ ചെറുക്കാനുള്ള രീതിക്കാണ് കെട്ടിടങ്ങളുടെ രൂപകൽപ്പനയെന്ന് സൂചനയുണ്ട്.

150 മീറ്റർ നീളമുള്ള സ്ട്രിപ്പ് ആണ് സെറ്റിൽമെന്റിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഹെലികോപ്റ്റർ പ്രവർത്തനങ്ങൾക്കായാണ് ഇതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഉയരമുള്ള കൊടുമുടികളാൽ ചുറ്റപ്പെട്ട താഴ്‌വരയ്ക്കുള്ളിലെ സെറ്റിൽമെന്റ് ആയതിനാൽ നിർമിതി ഒരു ഫോർവേഡ് ബേസ് ആയിരിക്കാമെന്നും വിദഗ്ധർ പറയുന്നു. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപത്തായാണ് നിർമാണമെന്നതിനാൽ തന്നെ ഇന്ത്യയ്ക്ക് ആശങ്ക വർദ്ധിച്ചിരിക്കുകയാണ്.

അടുത്തിടെയായി യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി ചൈന നിർമാണ പ്രവർത്തനങ്ങൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. 2020ലെ ഇന്ത്യ- ചൈന സംഘട്ടത്തിനുശേഷമാണ് ഇതിൽ വർദ്ധനവുണ്ടായത്. റോഡുകൾ, പാലങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. പാങ്കോംഗ് തടാകത്തിന് കുറുകെയായി നിർമിച്ച പാലത്തിന്റെ നിർമാണം പൂർത്തിയായത് കഴിഞ്ഞ ജൂലായിലാണ്.

400 മീറ്റർ നീളമുള്ള പാലം പാങ്കോംഗ് തടാകത്തിന്റെ വടക്ക്- തെക്ക് തീരങ്ങളെ ബന്ധിപ്പിക്കുന്നു. ചൈനീസ് സേനാ പ്രവർത്തനങ്ങളിൽ തന്ത്രപ്രധാന പങ്ക് വഹിക്കുന്ന പാലം പ്രധാന സൈനിക താവളങ്ങളിലേയ്ക്കുള്ള സഞ്ചാരസമയം 12 മണിക്കൂറിൽ നിന്ന് നാല് മണിക്കൂറായി കുറയ്ക്കുന്നു.

കൂടാതെ സൈനികരെയും ടാങ്കുകളെയും അണിനിരത്താൻ ചൈനീസ് സേനയ്ക്ക് ആവശ്യമായ സമയവും പാലം ഗണ്യമായി കുറയ്ക്കുന്നു. തടാകത്തിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗത്തായാണ് പാലം സ്ഥിതി ചെയ്യുന്നത്. 2020ലെ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യം മേൽക്കൈ നേടിയ റെസാങ് ലാ പോലുള്ള പ്രദേശങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളിലേക്ക് ചൈനീസ് സൈന്യത്തിന് വേഗത്തിൽ പ്രവേശിക്കാൻ സഹായിക്കുകയും ചെയ്യുന്നതിനാൽ പാലം ഇന്ത്യയ്ക്ക് സുരക്ഷാഭീഷണി ഉയർത്തുമെന്ന വിലയിരുത്തലുമുണ്ട്. പാലത്തിന് കിഴക്ക് 15 കിലോമീറ്റർ അകലെയായാണ് പുതിയ സെറ്റിൽമെന്റ് നി‌ർമിച്ചിരിക്കുന്നത്. സെറ്റിൽമെന്റ് നിർമ്മാണ തൊഴിലാളികൾക്കും സൈനികർക്കുമായുള്ള താമസസൗകര്യമാണെന്നും ആയുധശേഖരണത്തിനായുള്ള സ്ഥലമാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ചൈന നിർമാണ പ്രവർത്തനങ്ങൾ തുടരുമ്പോൾ ഇന്ത്യയും നിയന്ത്രണ രേഖയിൽ വിവിധ പദ്ധതികളിലൂടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ്. 2022ൽ ആരംഭിച്ച ഗ്രാമ നിർമാണ സംരംഭം ഇതിനുദാഹരണമാണ്. വടക്കൻ അതിർത്തിയിലെ അതിർത്തി ഗ്രാമങ്ങൾ വികസിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2026 വരെ 4,800 കോടി രൂപയാണ് പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. 2967 ഗ്രാമങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

TAGS: CHINESE SETTLEMENTS, PANGONG LAKE, CHINESE MILITARY BASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER