SignIn
Kerala Kaumudi Online
Saturday, 21 March 2026 10.18 AM IST

ഇനി ഐ.പി.എൽ ആരവം

Increase Font Size Decrease Font Size Print Page
ipl

ഇനി ഐ.പി.എൽ ആരവം

ട്വന്റി-20 ലോകകപ്പിന്റെ ആരവങ്ങൾ അടങ്ങും മുൻപേ ആരാധകരെ ആവേശത്തിൽ ആറാടിക്കാൻ ഐ.പി.എൽ കാലം വന്നെത്തുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആരംഭിക്കുന്നത് മാർച്ച് 28ന് നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബിയും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തോടെയാണ്. ഏപ്രിൽ 12 വരെയുള്ള ഒന്നാം ഘട്ട മത്സരങ്ങളുടെ ഫിക്സ്ചറാണ് ബി.സി.സി.ഐ പുറത്തിറക്കിയത്. മൂന്ന് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ആദ്യഘട്ട ഫിക്സ്‌ചർ മാത്രം പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ 10 വേദികളിലായി 20 മത്സരങ്ങളാണ് നടക്കുക.

പങ്കെടുക്കുന്ന 10 ടീമുകളും ഹോം ആൻഡ് എവേ രീതിയിൽ ഏറ്റുമുട്ടുന്ന പഴയ രീതിയിലേക്ക് ഈ സീസൺ മുതൽ ഐ.പി.എൽ തിരിച്ചുപോവുകയാണ്. 84 മത്സരങ്ങളാണ് ആകെയുണ്ടാവുക. മാർച്ച് 28ന് ഉദ്ഘാടനമത്സരവും മേയ് 31ന് ഫൈനലും നിശ്ചയിച്ചിരിക്കുന്നത് ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്. കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരായ ആർ.സി.ബിയുടെ കിരീടാഘോഷങ്ങൾക്കിടെയുണ്ടായ ദാരുണസംഭവങ്ങൾക്ക് ശേഷം ആദ്യമായാണ് ചിന്നസ്വാമിയിൽ ക്രിക്കറ്റ് മത്സരം നടക്കുന്നത്.

ആരു കപ്പടിക്കും ?

നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബിക്ക് കിരീടം നിലനിറുത്താനാകുമോ കഴിഞ്ഞ സീസണിൽ കപ്പിനും ചുണ്ടിനിടമിയിൽ നഷ്ടം സംഭവിച്ച പഞ്ചാബ് കിംഗ്സിന് ഇക്കുറിയെങ്കിലും തങ്ങളുടെ ആദ്യ കിരീ‌ടം നേടാനാകുമോ എന്ന ചോദ്യമാണ് ആരാധർക്കുള്ളത്. 18 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ആർ.സി.ബിക്ക് കിരീ‌ടം നേടാനായത്. ആർ.സി.ബിയേക്കാൾ ആദ്യ ഐ.പി.എൽ കിരീടത്തിന് കാത്തിരിപ്പ് വേണ്ടിവന്ന ടീമായി മാറിയിട്ടുണ്ട് പഞ്ചാബ്. 2024ൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ ചാമ്പ്യൻസാക്കിയ ശ്രേയസ് അയ്യരിലാണ് പഞ്ചാബിന്റെ പ്രതീക്ഷകൾ. മുംബയ് ഇന്ത്യൻസും ഗുജറാത്ത് ടൈറ്റാൻസും കഴിഞ്ഞ സീസണിലും പ്ളേ ഓഫിലെത്തിയിരുന്നു. കഴിഞ്ഞ സീസണിൽ 14ൽ നാലുമത്സരങ്ങൾ മാത്രം ജയിക്കാനായ, പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിപ്പോയ ചെന്നൈ സൂപ്പർ കിംഗ്സ് ഇത്തവണ സഞ്ജുവിന്റെ വരവും ധോണിയുടെ സാന്നിദ്ധ്യവുംകൊണ്ട് വമ്പൻ തിരിച്ചുവരവ് കൊതിക്കുന്നുണ്ട്.സഞ്ജു പോയെങ്കിലും വൈഭവ് സൂര്യവംശിയെന്ന വജ്രായുധമാണ് രാജസ്ഥാന്റെ കരുത്ത്. വമ്പൻ വില നൽകി കാമറൂൺ ഗ്രീൻ ഉൾപ്പടെയുള്ളവരെ സ്വന്തമാക്കി കൊൽക്കത്തയും തിരിച്ചുവരവിന് കച്ചകെട്ടുകയാണ്. ഡൽഹി ക്യാപ്പിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, ലക്നൗ സൂപ്പർ ജയന്റ്സ് ടീമുകളും കിരീടം ലക്ഷ്യമിട്ട് തയ്യാറെ‌ടുക്കുകയാണ്.

സഞ്ജുവിന്റെ ചെന്നൈ

പുതിയ സീസണിൽ ആരാധകർ കാത്തിരിക്കുന്നത് ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള സഞ്ജു സാംസണിന്റെ വരവാണ്.അഞ്ചുവർഷം രാജസ്ഥാൻ റോയൽസിനെ നയിച്ച സഞ്ജു കഴിഞ്ഞ വർഷത്തെ ടീം മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുനിന്നുണ്ടായ തിക്താനുഭവങ്ങൾ കൊണ്ടാണ് നിർബന്ധപൂർവ്വം ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മാറിയത്. 45-ാം വയസിലേക്ക് കടക്കുന്ന ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിലെ അവസാന സീസണാകും ഇത്. വിക്കറ്റ് കീപ്പറായും ക്യാപ്ടനായും ധോണിക്ക് പറ്റിയ പകരക്കാരനെത്തേടിയുള്ള ചെന്നൈയുടെ അന്വേഷണം സഞ്ജുവിലെത്തി നിൽക്കുകയാണ്. ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന്റെ തിളക്കത്തിൽ ആത്മവിശ്വാസം നിറഞ്ഞ മനസോടെയാണ് സഞ്ജു ചെന്നൈയിൽ എത്തുന്നത്. സഞ്ജുവിന്റെ പഴയ ടീമായ രാജസ്ഥാന് എതിരെയാണ് ചെന്നൈയുടെ ഈ സീസണിലെ ആദ്യ മത്സരം.

രാജസ്ഥാനെ നയിക്കാൻ

റിയാൻ പരാഗ്

ഈ സീസണിൽ സഞ്ജുവിന് പകരം രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത് റിയാൻ പരാഗായിരിക്കും. കഴിഞ്ഞ സീസണിന്റെ ആദ്യ ഘട്ടത്തിൽ സഞ്ജു പരിക്കേറ്റിരുന്നപ്പോൾ റോയൽസിനെ നയിച്ചത് റിയാനായിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിന്റെ കഴിഞ്ഞ സീസണിലെ നായകൻ പാറ്റ് കമ്മിൻസ് പരിക്കിനെത്തുടർന്ന് ഈ സീസണിൽ പങ്കെടുക്കുന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല. കമ്മിൻസ് വരാൻ വൈകിയാൽ ഇഷാൻ കിഷൻ ടീമിനെ നയിക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ.

വിലയേറിയ ഗ്രീൻ

ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനാണ് ഈ സീസണിലെ ഏറ്റവും വിലയേറിയ താരം. 25.2 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ്റൈഡേഴ്സാണ് ഗ്രീനിനെ സ്വന്തമാക്കിയത്. ഐ.പി.എൽ താരലേലത്തിന്റെ ചരിത്രത്തിൽതന്നെ ഏറ്റവും കൂടുതൽ തുക ലഭിക്കുന്ന വിദേശതാരമാണ് ഗ്രീൻ.ഇതുവരെ ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടില്ലാത്ത യുവതാരങ്ങളായ പ്രശാന്ത് വീറിനെയും കാർത്തിക് ശർമ്മയേയും ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത് 14.20 കോടിക്കാണ്. ഇന്ത്യ കളിക്കാത്ത താരങ്ങൾക്ക് ഐ.പി.എല്ലിൽ ലഭിക്കുന്ന ഉയർന്ന തുകയാണിത്.

വിഘ്‌നേഷ് രാജസ്ഥാനിൽ

കഴിഞ്ഞ സീസണിൽ മുംബയ് ഇന്ത്യൻസിനായി കളിച്ച മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂർ ഇക്കുറി രാജസ്ഥാൻ റോയൽസിനായി ഇറങ്ങും. 30 ലക്ഷം രൂപയ്ക്കാണ് വിഘ്നേഷിനെ മുംബയ് സ്വന്തമാക്കിയത്.

ടീമുകളും ക്യാപ്ടന്മാരും

ആർ.സി.ബി - രജത് പാട്ടീദാർ

രാജസ്ഥാൻ റോയൽസ് - റിയാൻ പരാഗ്

ചെന്നൈ സൂപ്പർ കിംഗ്സ് - റുതുരാജ്

ഗുജറാത്ത് ടൈറ്റാൻസ് - ശുഭ്മാൻ ഗിൽ

ഡൽഹി ക്യാപ്പിറ്റൽസ് - അക്ഷർ പട്ടേൽ

മുംബയ് ഇന്ത്യൻസ് - ഹാർദിക് പാണ്ഡ്യ

സൺറൈസേഴ്സ് - ഇഷാൻ കിഷൻ/ പാറ്റ് കമ്മിൻസ്

ലക്നൗ സൂപ്പർ ജയന്റ്സ് - റിഷഭ് പന്ത്

പഞ്ചാബ് കിംഗ്സ് - ശ്രേയസ് അയ്യർ

കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് - അജിങ്ക്യ രഹാനെ

TAGS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.