കണ്ണുനീർത്തുള്ളിയെ സ്ത്രീയോട് ഉപമിച്ചത് കാവ്യഭാവന.കേരളത്തിന്റെ പ്ളാൻ ഫണ്ടിനെ ഒരിക്കലും വളരാത്ത ബോൺസായി ചെടിയോട് ഉപമിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഭാവന. മറ്റ് സംസ്ഥാനങ്ങളുടെ പ്ളാൻ ഫണ്ട് ഓരോ വർഷവും വളരുമ്പോഴും കേരളത്തിന്റെ പ്ളാൻ ഫണ്ടിന് വളർച്ചയില്ലെന്നാണ് സതീശന്റെ പക്ഷം. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണവുമൊക്കെയായി ബന്ധപ്പെട്ട് മാത്യുകുഴൽനാടൻ കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിലായിരുന്നു സതീശന്റെ വിശേഷണം.സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ നാട്ടുകാരുടെ പോക്കറ്റിൽ കൈയ്യിട്ടുവാരാൻ സർക്കാരിന് ഒരു മടിയുമില്ലെന്നും സതീശൻ പറഞ്ഞു.
പൊതുവേ സൗമ്യതയോടെ സഭയിൽ പെരുമാറുന്ന മുതിർന്ന അംഗം പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗത്തിൽ പുട്ടിന് പീരയിടും പോലെയായിരുന്നു പരിഹാസം. അർഹതപ്പെട്ടത് കേന്ദ്രത്തിൽ നിന്ന് കണക്ക് പറഞ്ഞു വാങ്ങാൻ സർക്കാരിന് ത്രാണിയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രതിപക്ഷം പിന്തുണച്ചതു കൊണ്ട് കാര്യമില്ല. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പരിവാരങ്ങൾക്കൊപ്പം ഡൽഹിയിലെത്തി അർഹതപ്പെട്ടത് നേടിയെടുത്ത കാര്യം പ്രതിപാദിച്ചപ്പോൾ, ഭരണപക്ഷത്തു നിന്നൊരു ചോദ്യം, അന്ന് ആരാ പ്രധാനമന്ത്രിയെന്ന്. ചുവടു പിഴച്ചതോടെ കടകംമറിഞ്ഞ് കുഞ്ഞാലിക്കുട്ടി അടുത്ത അടവെടുത്തു, ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചതാണ്. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴും ആനുകൂല്യങ്ങൾ ചോദിച്ചു വാങ്ങിയിട്ടുണ്ട്, വാജ്പേയ് ആയിരുന്നു അന്ന് പ്രധാനമന്ത്രി. മിഷനുകൾക്കും ഇവന്റുകൾക്കുമായി പോക്കറ്റിൽ വല്ലതുമുണ്ടോയെന്ന് നോക്കാതെ സർക്കാർ ചെലവിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളമെന്നു കേൾക്കുമ്പോൾ പ്രതിപക്ഷം അഭിമാനപൂരിതരാവാത്തതിലാണ് കാവ്യാസ്വാദകനായ സി.പി.എം അംഗം പി.പി ചിത്തരഞ്ജന്റെ സങ്കടം. കേന്ദ്രത്തിനെ വെള്ള പൂശുന്ന ഉത്തരവാദിത്തമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുള്ളതെന്നും
അദ്ദേഹം കണ്ടെത്തി. കാർഷിക വിളകൾ കേടു കൂടാതെ സൂക്ഷിച്ച് കർഷകർക്ക് വരുമാനമുണ്ടാക്കാനുള്ള ഉപായവുമായാണ് മാണി സി.കാപ്പൻ സഭയിലെത്തിയത്. സംസാരിക്കാൻ എഴുന്നേറ്ര് നിവർന്നു നിൽക്കും മുമ്പ് അദ്ദേഹത്തിന് അനുവദിച്ച സമയം കഴിഞ്ഞെങ്കിലും ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു. എല്ലാ അസംബ്ളി മണ്ഡലങ്ങളിലും ഓരോ കോൾഡ് സ്റ്റോറേജ് . കേന്ദ്രത്തിന്റെ സബ്സിഡി കിട്ടും. കാർഷിക വിളകൾ അതിൽ സൂക്ഷിച്ച് ആവശ്യാനുസരണം കയറ്രുമതി ചെയ്യാം. വാഴപ്പിണ്ടി, വാഴക്കൂമ്പ്, പയർ, കൂവ തുടങ്ങിയവ ഇങ്ങനെ കയറ്റുമതി ചെയ്താൽ നല്ല വരുമാനം കിട്ടും. ഏത്തക്കുലയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കി വരുമാനമാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |